തിരുവനന്തപുരം: പുനർജനിക്കായി മാത്രം മണപ്പാട്ട് ഫൗണ്ടേഷൻ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായും വിദേശത്തുനിന്ന് പിരിച്ചെടുത്ത പണം വന്നത് ഈ അക്കൗണ്ടിലേക്കാണെന്നും വിജിലൻസ് കണ്ടെത്തൽ.
യുകെയിൽനിന്ന് പണം വന്നത് മിഡ്‌ലാൻഡ് എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒയുടെ അക്കൗണ്ടിൽ നിന്നാണെന്നും പണം കൈമാറാൻ മണപ്പാട്ട് ഫൗണ്ടേഷനുമായി ഈ സംഘടന എംഒയു ഒപ്പിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ ചെയ്തുകൊണ്ട് വിജിലൻസ് നൽകിയ റിപ്പോർട്ടിൽ നിന്നുള്ള പുതിയ വിവരങ്ങളാണിവ.പുനർജനി ഫണ്ട് സ്വരൂപണത്തിനായി വി.ഡി. സതീശൻ യുകെയിലേക്ക് പോയതുമായി ബന്ധപ്പെട്ടുള്ള ചില സംശയങ്ങളും അനുമാനങ്ങളുമാണ് വിജിലൻസ് ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. മണപ്പാട്ട് ചെയർമാൻ അമീർ അഹമ്മദും സതീശനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും സതീശന്റെ യുകെ യാത്രയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് വിജിലൻസ് അനുമാനിക്കുന്നത്.
സതീശൻ യുകെയിലേക്ക് പോയത് ഒമാൻ എയർവെയ്‌സിന്റെ കോപ്ലിമെന്ററി ടിക്കറ്റിലാണ്. ആ ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്തത് അമീർ അഹമ്മദാണ്. കൂടാതെ, ടിക്കറ്റിന്റെ ടാക്‌സ് അടച്ചിരിക്കുന്നത് മണപ്പാട്ട് ഫൗണ്ടേഷനാണ്. യുകെയിൽ സതീശന് താമസസൗകര്യം ഒരുക്കിക്കൊടുത്തതും താനാണെന്ന് അമീർ അഹമ്മദ് മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
പുനർജനിയ്ക്ക് വേണ്ടി വിദേശത്ത് ക്യാമ്പെയ്ൻ നടക്കുകയും അതിലൂടെ പിരിച്ചെടുത്ത പണം കേരളത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി മണപ്പാട്ട് ഫൗണ്ടേഷൻ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ആ അക്കൗണ്ട് വഴി 2018 മുതൽ 2022 വരെ പണമിടപാടുകൾ നടന്നതായും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 1,27,33,000 ത്തോളം രൂപയാണ് ഈ അക്കൗണ്ട് വഴി കൈമാറിയിട്ടുള്ളത്. യുകെയിലെ മിഡ്‌ലാൻഡ് എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ പിരിച്ചെടുത്ത പണം മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് അയച്ചിട്ടുള്ളത്.
എൻജിഒകൾ പണമിടപാട് നടത്തുമ്പോൾ എംഒയു ഒപ്പിടണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഈ പണക്കൈമാറ്റത്തിൽ അതുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും പുനർജനി പദ്ധതിയുടെ പേരിൽ വി.ഡി. സതീശന് വേണ്ടി സ്വരൂപിച്ച പണമാണ് ഇതെന്നാണ് വിജിലൻസിന് ലഭിച്ച പരാതിയിൽ ഉള്ളത്. അതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ, മണപ്പാട്ട് ഫൗണ്ടേഷൻ ഇത്തരത്തിൽ വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ രേഖകളോ റെക്കോർഡുകളോ സൂക്ഷിച്ചിട്ടില്ല എന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
ഇത്രയും വലിയ തുക അക്കൗണ്ടിലെത്തിയിട്ടും അതിന്റെ രേഖകൾ ഒന്നുംതന്നെ സൂക്ഷിക്കാത്തത് എഫ്സിആർഎ നിയമത്തിന്റെ റൂൾ 19-ന്റെ ലംഘനമാണെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. മാത്രമല്ല, മണപ്പാട്ട് ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ പരിശോധിച്ചതിൽ അക്കൗണ്ടിലേക്ക് വന്ന പണവും അതിനായി വിജിലൻസിന് നൽകിയ രേഖകളും തമ്മിൽ പൊരുത്തക്കേടുകൾ ഉള്ളതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുള്ളത്.
ഇതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ നിഗമനം. പുനർജനി പദ്ധതിയുടെ പേരിലാണ് പിരിച്ചതെങ്കിലും പണം അതിനുവേണ്ടി മാത്രമല്ല ഉപയോഗിച്ചിരിക്കുന്നത് എന്ന നിഗമനത്തിലാണ് വിജിലൻസ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.