വാഷിങ്ടൻ: ജനകീയ പ്രതിഷേധം അടിച്ചമർത്തുന്ന നടപടിയിലേക്കു കടന്ന ഇറാനെതിരെ സൈനിക നടപടിയിലേക്ക് യുഎസ്.
ഇറാനെതിരെ ഡോണൾഡ് ട്രംപ് ഉടൻ സൈനിക നടപടി ആരംഭിക്കുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറബികടൽ വഴിയോ പേർഷ്യൻ ഗൾഫ് മേഖല വഴിയോ ആയിരിക്കും യുഎസിന്റെ തിരിച്ചടിയെന്നാണ് റിപ്പോർട്ട്. ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകൾ മേഖലയിൽ യുഎസ് സജ്ജമാക്കിയതായും യുഎസ് നാവികസേനയുടെ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പൽ ഇതിനായി മേഖലയിലേക്ക് എത്തിയിട്ടുണ്ടെന്നുമാണ് സൂചന.ദക്ഷിണ ചൈനാ കടല്‍ വഴി ഇന്ത്യൻ മഹാസമുദ്രത്തിലേക്കു കടന്ന വിമാനവാഹിനിക്കപ്പൽ വൈകാതെ അറബിക്കടലിൽ നങ്കൂരമിട്ടേക്കും.യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ ഇതിനകം പശ്ചിമേഷ്യയിലുണ്ട്. യുഎസ് സെൻട്രൽ കമാൻഡ് മേഖലയിലെ സൈനിക വിമാനത്താവളത്തിൽ ഈ വിമാനം ഇറങ്ങുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.
പശ്ചിമേഷ്യയിലുടനീളം, പ്രത്യേകിച്ച് ഇസ്രയേൽ, ഖത്തർ പോലുള്ള രാജ്യങ്ങളിൽ യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അതേസമയം ഇറാനിൽ ആരംഭിച്ച ജനകീയ പ്രതിഷേധത്തിൽ ഇതുവരെ 3,117 പേർ കൊല്ലപ്പെട്ടതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഇതിൽ 2,427 പേർ സാധാരണക്കാരും ബാക്കിയുള്ളവർ സുരക്ഷാ സേനാംഗങ്ങളുമാണ്. എന്നാൽ മരണസംഖ്യ 20,000 പിന്നിട്ടിരിക്കാമെന്നാണ് വിവിധ രാജ്യാന്തര സംഘടനകൾ പറയുന്നത്.
ഡിസംബർ 28 ന് ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ പണപ്പെരുപ്പത്തിനെതിരെ ആരംഭിച്ച വ്യാപാരികളുടെ സമരമാണ് പിന്നീട് രാജ്യവ്യാപക സർക്കാർ വിരുദ്ധപ്രക്ഷോഭത്തിലക്ക് വഴിമാറിയത്.വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ചെലവേറിയ യുദ്ധത്തിന് ട്രംപിന് താത്പര്യമില്ലെന്നാണ് സൂചന. പുട്ടിന്റെയും സെലെൻസ്കിയുടെയും അനുഭവം ട്രംപിന് മുന്നിലുണ്ട്. അതിനാൽ വെനസ്വേലയിലെ പോലെ ഭരണമാറ്റത്തിന് വേണ്ട നടപടികളായിരിക്കും ട്രംപ് ഇറാനിൽ എടുക്കുക. ഖമനയിയെ പുറത്താക്കി ഭരണം റെസ പഹ്‌ലവിയെ ഏൽപ്പിക്കാനാണ് ട്രംപ് പദ്ധതിയിടുന്നതെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനെതിരായ യുദ്ധം ആരംഭിച്ചാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഹോർമുസ് കടലിടുക്കിനെയും അതുവഴി ഗൾഫ് രാജ്യങ്ങളെയും ആയിരിക്കും. അതിനാൽ കൂടുതൽ സാമ്പത്തിക അസ്ഥിരതയിലേക്ക് കടക്കാതെയുള്ള സൈനിക നീക്കമാണ് ട്രംപിന്റെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യത.യുഎസ് ഇറാനെ ആക്രമിച്ചാൽ, ഇസ്രയേലും ആ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടുമെന്നാണ് നിലവിലെ അവസ്ഥ. യുഎസ് ആക്രമണം നടത്തിയാൽ മേഖലയിലെ യുഎസിന്റെ പ്രധാന പങ്കാളിയായ ഇസ്രയേലിനെ ആക്രമിക്കുമെന്ന് ഇറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
അയൺ ഡോം ഉൾപ്പെടെയുള്ള വ്യോമപ്രതിരോധ സംവിധാനങ്ങൾ ഇസ്രയേലിന് കരുത്ത് പകരുന്നുണ്ടെങ്കിലും ഗാസയിലും ലെബനനിലും ഒരേസമയം ആക്രമണം നടത്തുന്ന ഇസ്രയേലിന് ഇതോടെ മൂന്നാമതൊരു യുദ്ധമുഖം തുറക്കേണ്ടി വരും.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.