കൊച്ചി: ബിജെപി സഖ്യത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ട്വന്റി 20 വിട്ടാലും ട്വന്റി 20 യുടെ സംഘടനാ ശക്തിയും ബിജെപിയുടെ വോട്ട് ബാങ്കും ഒന്നിക്കുന്നതിലൂടെ വലിയമുന്നേറ്റം നടത്താൻ സാധിക്കുമെന്ന് ട്വന്റി 20 സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ.ചാർളി പോൾ.
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപി- ട്വന്റി 20 നിർണായക സഖ്യ നീക്കത്തിൽ വലിയ ആത്മവിശ്വാസത്തിലുമാണ് ബിജെപി ക്യാമ്പ്. ഇതിലൂടെ തൃപ്പൂണിത്തുറയും കുന്നത്തുനാടും പെരുമ്പാവൂരും ലക്ഷ്യമിടുന്നു ട്വന്റി 20യും ബിജെപിയും.മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ട്വന്റി ട്വന്റിയെ മുന്നണിയുടെ ഭാഗമാക്കിയിരിക്കുന്നത്. ഇതോടെ സംസ്ഥാന നിയമസഭയിലേക്ക് എംഎൽഎമാരെ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപിയും ട്വന്റി 20യും.ശക്തി കേന്ദ്രങ്ങളായ കുന്നത്തുനാടും പെരുമ്പാവൂരും കൂടാതെ സമീപ മണ്ഡലങ്ങളിലും ട്വന്റി 20യുടെ സ്ഥാനാർഥികൾ മത്സരിച്ചേക്കും. ഇതോടെ ശക്തമായ മത്സരത്തിനൊരുങ്ങുകയാണ് എറണാകുളത്തെ ചില മണ്ഡലങ്ങൾ. ബിഡിജെഎസിനെക്കാൾ മുൻതൂക്കം ട്വന്റി 20ക്ക് ഉള്ളതുകൊണ്ട് തന്നെ തൃപ്പൂണിത്തുറ ഒഴികെ എറണാകുളത്ത് മറ്റ് ഏത് സീറ്റ് ചോദിച്ചാലും ട്വന്റി ട്വന്റിക്ക് ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വോട്ട് ശതമാനത്തിൽ ഉണ്ടായ വർധനവും പാർട്ടിയുടെ സ്വീകാര്യത ഉയർത്തിയിട്ടുണ്ട്.
ബിജെപി സഖ്യത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ട്വന്റി 20 വിട്ടാലും ട്വന്റി 20-യുടെ വോട്ടുകൾക്കൊപ്പം ബിജെപിയുടെ വോട്ടുകൾ കൂടി ചേരുമ്പോൾ ചേരുമ്പോൾ വിജയസാധ്യതയുണ്ടെന്നാണ് ട്വന്റി 20-യുടെ വിലയിരുത്തൽ. നിലവിൽ എത്ര സീറ്റുകളിൽ മത്സരിക്കുമെന്ന ധാരണയൊന്നും ആയിട്ടില്ലെന്നും വിജയസാധ്യത കണക്കിലെടുത്ത് രണ്ടിൽക്കൂടുതൽ സീറ്റുകളിലേക്ക് മത്സരിച്ചേക്കുമെന്നും അഡ്വ.ചാർളി പോൾ പറഞ്ഞു.
സഖ്യത്തിന് പിന്നാലെ നേതൃത്വത്തിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരുവിഭാഗം നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിട്ടുണ്ട്. പാർട്ടി ഭാരവാഹികളും ജനപ്രതിനിധികളുമടക്കമാണ് പാർട്ടി വിട്ടത്. എൻഡിഎയിൽ ചേരാനുള്ള തീരുമാനം പാർലമെന്ററി ബോർഡ് അംഗങ്ങളോ വാർഡ് കമ്മിറ്റികളോ ജനപ്രതിനിധികളോ അറിഞ്ഞിട്ടില്ലെന്ന് പുറത്തുപോയ നേതാക്കൾ പറഞ്ഞു. തിരുവനന്തപുരത്ത് പോയി കുറച്ചുപേർ എടുത്ത തീരുമാനമാണിത്.
ടെലിവിഷനിലൂടെയാണ് അറിഞ്ഞതുതന്നെ. ഇടതു-വലതു മുന്നണികളിലേക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ട്വന്റി ട്വന്റി പ്രവർത്തിച്ചിരുന്നതെന്നും പുറത്തുപോയവർ കുറ്റപ്പെടുത്തി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണക്കുകൾ പ്രകാരം കുന്നത്ത് നാട് മണ്ഡലത്തിൽ ട്വന്റി 20-ക്ക് ഏകദേശം 56,000 വോട്ടുകളുണ്ട്. മുൻപ് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ നിന്ന് പാർട്ടിക്ക് 46,000 വോട്ടുകൾ ലഭിച്ചിരുന്നു. ബിജെപിക്ക് മണ്ഡലത്തിൽ 10,000 മുതൽ 20,000 വരെ വോട്ടുകളുണ്ട്. എൻഡിഎ സഖ്യത്തിന്റെ ഭാഗമാകുമ്പോൾ ബിജെപി വോട്ടുകൾ കൂടി ലഭിക്കുന്നത് ട്വന്റി 20-യുടെ സാധ്യത വർധിപ്പിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. സഖ്യ തീരുമാനത്തിൽ വിയോജിപ്പുള്ള ചില വോട്ടുകൾ നഷ്ടപ്പെട്ടാൽ പോലും ഏകദേശം 10,000 ബിജെപി വോട്ടുകൾ ലഭിച്ചാൽ ജയിക്കാൻ സാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ.
പെരുമ്പാവൂരിൽ ട്വന്റി 20-ക്ക് ഏകദേശം 18,000 മുതൽ 20,000 വരെ വോട്ടർമാരുണ്ട് തദ്ദേശ കണക്കുവെച്ച്. ഇതിനോടൊപ്പം ബിജെപിയുടെ 20,000-ത്തിന് മുകളിലുള്ള വോട്ടുകൾ കൂടി ചേരുമ്പോൾ സഖ്യത്തിന് ഏകദേശം 40,000 വോട്ടുകൾ ഉറപ്പിക്കാൻ സാധിക്കും. പെരുമ്പാവൂർ മണ്ഡലത്തിലെ വെങ്ങോല പഞ്ചായത്തിൽ ട്വന്റി 20-ക്ക് എട്ട് അംഗങ്ങളുണ്ട്. കൂടാതെ മഴുവന്നൂർ, കൂവപ്പടി തുടങ്ങിയ സ്ഥലങ്ങളിൽ പാർട്ടി ശക്തവുമാണ്. ഇതോടൊപ്പം ബിജെപിയുടെ വോട്ടുകൾ കൂടി കൃത്യമായി സമാഹരിക്കാൻ കഴിഞ്ഞാൽ വിജയസാധ്യത കാണുന്നു ട്വന്റി 20 പെരുമ്പാവൂരിൽ.
എൽദോസ് കുന്നപ്പള്ളിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട കോൺഗ്രസിലെ തർക്കവും എൽഡിഎഫിലെ വോട്ട് ചോർച്ചയ്ക്കുള്ള സാധ്യതയും അവർ പ്രതീക്ഷയായി പങ്കുവെക്കുന്നു. ബിജെപി വോട്ടുകൾ കൃത്യമായി പോൾ ചെയ്യപ്പെടുകയാണെങ്കിൽ പെരുമ്പാവൂരിൽ അട്ടിമറി വിജയമാണ് ട്വന്റി 20 പ്രതീക്ഷിക്കുന്നത്. പെരുമ്പാവൂരും കുന്നത്തുനാടും കൂടാതെ മൂവാറ്റുപുഴ, ചാലക്കുടി, വൈപ്പിൻ നിയോജക മണ്ഡലങ്ങളിലും പാർട്ടിക്ക് ചില പോക്കറ്റുകളിൽ വോട്ടുണ്ട്.
ബിജെപി വോട്ടുകൾ കൂടി ചേരുമ്പോൾ ഇവിടേയും മികച്ച മുന്നേറ്റം നടത്താൻ സാധിക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. ട്വന്റി 20 പ്രധാനമായും യുഡിഎഫ് വോട്ടാണ് ഭിന്നിപ്പിച്ചത്. രണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എൽഡിഎഫ് വോട്ടിലേക്കും അവർ വേരൂന്നി. കഴിഞ്ഞ തവണ കുന്നത്തുനാട്ടിൽ കോൺഗ്രസിന്റെ സിറ്റിങ് എംഎൽഎ വി.പി സജീന്ദ്രന്റെ തോൽവിക്ക് കാരണമായതും ട്വന്റി 20 പിടിച്ച വോട്ടുകളായിരുന്നു. LDF-51,180, UDF-48463, Twenty 20- 41480, BJP-7056. നേരിയ മാർജിനിലായിരുന്നു എൽഡിഎഫ് വിജയം. ഈ കണക്കാണ് ബിജെപിയെ മോഹിപ്പിക്കുന്നത്.
വിജയസാധ്യതയുടെ ആധാരവും. എന്നാൽ ട്വന്റി 20ക്ക് വോട്ട് ചെയ്ത എത്ര പേർ ബിജെപി സഖ്യത്തെ അംഗീകരിക്കുമെന്നതും കണ്ടറിയേണ്ടതാണ്. ആ പാർട്ടിയിലെ പൊട്ടിത്തെറി സൂചിപ്പിക്കുന്നതും ബിജെപി ചങ്ങാത്തത്തെ വോട്ടർമാർക്ക് ദഹിക്കുമോ എന്ന സംശയത്തിൽ നിന്നുള്ളതാണ്. നാല് സീറ്റ് വരെ ട്വന്റി 20ക്ക് ബിജെപി മത്സരിക്കാൻ നൽകാനും സാധ്യതയുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.