കാസർകോട് ; ബേക്കൽ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വേടന്റെ പരിപാടി കാണാൻ ആളുകൾ കയറിയത് മരത്തിന് മുകളിൽ വരെ.
അനിയന്ത്രിതമായ തിരക്കിനെത്തുടർന്ന് നിരവധിപ്പേരാണ് ശ്വാസം കിട്ടാതെ കുഴഞ്ഞുവീണത്. കാസർകോട് നവംബർ 23ന് ഹനാൻ ഷാ പരിപാടി അവതരിപ്പിക്കാൻ എത്തിയപ്പോഴും സമാനമായ രീതിയിൽ വൻ തിരക്കുണ്ടാകുകയും പൊലീസ് ലാത്തിച്ചാർച്ച് നടത്തുകയും ചെയ്തിരുന്നു. തിക്കിലും തിരക്കിലും പെട്ട് ഇത്തവണയും നിരവധി ആളുകൾക്ക് പരുക്കേൽക്കുകയും ട്രെയിൻ തട്ടി യുവാവ് മരിക്കുകയും ചെയ്തു.പാർക്കിങ്ങിനുൾപ്പെടെ വിപുലമായ സൗകര്യം ഒരുക്കിയെങ്കിലും ജനത്തിരക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. 9 മണിക്ക് തുടങ്ങേണ്ടിയിരുന്ന പരിപാടി വേടൻ എത്താൻ വൈകിയതോടെ ഒന്നര മണിക്കൂർ താമസിച്ചാണ് തുടങ്ങിയത്. ഇതിനകം തന്നെ പരിപാടി നടക്കുന്ന ഗ്രൗണ്ടിൽ ആളുകൾ തിങ്ങി നിറഞ്ഞു. വിഐപികൾക്കും ഫാൻസുകൾക്കും പ്രത്യേകം സ്ഥലം വേലി തിരിച്ച് ക്രമീകരിച്ചെങ്കിലും തിരക്ക് കൂടിയതോടെ ഈ വേലികളെല്ലാം തകർത്തു. പരിപാടി ആസ്വദിക്കാൻ എത്തിയവരും പൊലീസും തമ്മിൽ കയ്യാങ്കളിയുമുണ്ടായി. ശ്വാസം കിട്ടാതെ തളർന്നു വീണവരെ സ്ട്രെച്ചറിൽ എടുത്തുകൊണ്ടുപോകുകയായിരുന്നു.
ബീച്ച് പാർക്കിലേക്ക് ബേക്കൽ റെയിൽവേ സ്റ്റേഷനിൽനിന്ന് അനധികൃതമായി കയറാനുള്ള വഴികളെല്ലാം റെയിൽവേ അടച്ചിരുന്നു. എന്നാൽ ഇതും മറികടന്ന് ആളുകൾ എത്തി. ഇങ്ങനെ റെയിൽവേ ട്രാക്കിലൂടെ വരുന്നതിനിടെയാകാം യുവാവിനെ ട്രെയിൻ തട്ടിയതെന്നാണ് കരുതുന്നത്. പൊയ്നാച്ചി പറമ്പ സ്വദേശി വേണുഗോപാലിന്റെ മകൻ ശിവാനന്ദ് (20) ആണ് മരിച്ചത്. രാത്രി പത്തോടെ ഇതുവഴി പോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കണ്ടത്. വേണുഗോപാൽ–സ്മിത ദമ്പതികളുടെ ഏക മകനായിരുന്നു മംഗളൂരുവിൽ എൻജിനീയറിങ് വിദ്യാർഥിയായ ശിവാനന്ദ്.
സുഹൃത്തും അയൽവാസിയുമായ കുണ്ടടുക്ക കെ. അജേഷിനൊപ്പമാണ് പരിപാടി കാണാൻ പോയത്. റെയിൽവേ ട്രാക്കിന് സമീപത്തുകൂടെ നടന്നു പോകുമ്പോൾ കണ്ണൂർ ഭാഗത്തുനിന്നും എത്തിയ ട്രെയിനാണ് ഇടിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ തിക്കിലും തിരക്കിലും പെട്ട് ആർക്കും സാരമായ പരുക്കേറ്റില്ലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ആറു പേരെ മാത്രമേ ശ്വാസ തടസ്സം മൂലം ആശുപത്രിയിലേക്കു മാറ്റിയുള്ളു. അവരെ ഡിസ്ചാർജ് ചെയ്തുവെന്നും പൊലീസ് മേധാവി അറിയിച്ചു.അതേസമയം, സംഘാടകർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. ഹനാൻ ഷായുടെ പരിപാടിക്കിടെ സമാന അപകടമുണ്ടായിട്ടും അതിൽ നിന്നും പാഠം ഉൾക്കൊള്ളാൻ ജില്ലാ ഭരണകൂടം തയാറായില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വനി ആരോപിച്ചു.
സംഗീത പരിപാടി വീക്ഷിക്കാൻ വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നറിഞ്ഞിട്ടും തിരക്ക് നിയന്ത്രിക്കാൻ കാര്യമായ മുൻകരുതലുകൾ സംഘാടകരുടെ ഭാഗത്തു നിന്നോ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നോ ഇടപെടലുണ്ടാകാതിരുന്നത് വലിയ വീഴ്ചയാണെന്നും അശ്വനി ആരോപിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.