റായ്പൂർ/ബസ്തർ: ലോകം കളിച്ചുല്ലസിച്ചപ്പോൾ, ഭീതിയുടെ നിഴലിൽ, ആറാം വയസ്സിൽ ഒരു മുറിക്കുള്ളിൽ പൂട്ടിയിടപ്പെട്ട ലിസ, ഇരുപത് വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ അവൾക്ക് നഷ്ടമായത് കാഴ്ചശക്തി. ചില കഥകൾ വായിച്ചറിയുന്നതിനേക്കാൾ ഹൃദയം കൊണ്ട് അനുഭവിക്കേണ്ടതുണ്ട്; ഛത്തീസ്‌ഗഡിലെ ബസ്തർ ജില്ലയിലെ ബകാവന്ദ് എന്ന ചെറുഗ്രാമത്തിൽ നിന്നുള്ള ഈ പെൺകുട്ടിയുടെ ബാല്യം തുടങ്ങും മുമ്പേ അവസാനിച്ചതും, എന്നാൽ ഇപ്പോൾ പ്രതീക്ഷയുടെ വെളിച്ചം തേടുന്നതുമായ കഥ അത്തരത്തിൽ ഒന്നാണ്.
കളിച്ചും ചിരിച്ചും ലോകം അറിയേണ്ടിയിരുന്ന ആറാം വയസ്സിൽ, ലിസയിൽ നിന്ന് പുറംലോകത്തിന്റെ ശബ്ദവും വെളിച്ചവും തട്ടിമാറ്റപ്പെട്ടു. തുടർന്ന് രണ്ട് പതിറ്റാണ്ടുകാലം അവൾ നിശ്ശബ്ദതയിലും ഏകാന്തതയിലും അടച്ചിട്ട ഒരു മുറിക്കുള്ളിൽ ഒതുങ്ങി. ഇരുപത് വർഷങ്ങൾക്കിപ്പുറം അവൾ പുറംലോകത്തിലേക്ക് തിരിച്ചെത്തിയപ്പോൾ, നഷ്ടപ്പെട്ട ബാല്യത്തിന് പകരം ആഴത്തിലുള്ള ഇരുട്ട് മാത്രമായിരുന്നു അവളെ കാത്തിരുന്നത്.
ഭയം കെട്ടിയ ഇരുട്ടുമുറി: അച്ഛൻ മകളെ തടവിലാക്കിയതെന്തിന്?
ലിസയുടെ കഥ ആരംഭിക്കുന്നത് കടുത്ത വേദനയുടെ പശ്ചാത്തലത്തിലാണെങ്കിലും, അത് പ്രത്യാശയുടെ വെളിച്ചത്തിൽ അവസാനിക്കുമെന്ന പ്രാർത്ഥനയിലാണ് ലോകം. അവളെ ആരും ശിക്ഷിച്ചതല്ല, മറിച്ച് പിതാവിന്റെ അതിരുവിട്ട ഭയം കാരണമാണ് അവൾ തടവറയിലായത്. ഇരുപത് വർഷം മുമ്പ് ബകാവന്തിൽ നടന്ന ഒരു കൊള്ളയടിയുമായി ബന്ധപ്പെട്ട്, ഒരു യുവാവ് നിഷ്കളങ്കയായ ലിസയെ ലക്ഷ്യമിട്ടതാണ് അവളുടെ ജീവിതം മാറ്റിമറിച്ചത്. അന്ന് അമ്മയില്ലാത്തലിസയെ , ദരിദ്രനായ പിതാവ് അവളുടെ സുരക്ഷയെക്കുറിച്ച് അതീവ ആശങ്കയിലായി. "തന്റെ മകൾ ഏതെങ്കിലും വേട്ടക്കാരന്റെ ഇരയായി മാറിയേക്കുമോ" എന്ന ഭയം ആ അച്ഛനെ ചിന്തിക്കാൻ പോലും കഴിയാത്ത ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചു.
സംരക്ഷിക്കേണ്ടിയിരുന്ന മകളെ അദ്ദേഹം തന്നെ തടവിലാക്കി. ആറ് വയസ്സിൽ അവൾ സ്കൂളിൽ പോകുന്നത് നിർത്തി. പുറംലോകം കാണുന്നത് നിർത്തി, സൂര്യപ്രകാശം കാണുന്നത് നിർത്തി. ജനലുകളോ വെളിച്ചമോ ഇല്ലാത്ത ഒരു ചെറിയ, ഇരുണ്ട, ചെളിക്കുടിൽ ഇരുപത് വർഷത്തേക്ക് അവളുടെ ലോകമായി മാറി. ഈ മുറിക്കുള്ളിലെ പ്ലേറ്റിന്റെ ശബ്ദം മാത്രമായിരുന്നു പുറംലോകവുമായുള്ള അവളുടെ ആശയവിനിമയ മാർഗ്ഗം.
കാഴ്ച നഷ്ടമായി, ആത്മവിശ്വാസം തകർന്നു
സാമൂഹിക നീതി വകുപ്പിന്റെ സംഘം എത്തിയപ്പോഴാണ് ലോകം മറന്നുപോയ ആ പെൺകുട്ടിയെ കണ്ടെത്താനായത്. ഇത്രയും നീണ്ട ഇരുട്ടിന്റെ ജീവിതം സഹിച്ചശേഷം അവൾക്ക് കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഏകാന്തത അവളുടെ സംസാരശേഷിയെ ബാധിക്കുകയും ആത്മവിശ്വാസം തകർക്കുകയും ചെയ്തു. ആ മുറി വീടായിരുന്നില്ല, ഭയം ചുവരുകളിൽ പറ്റിപ്പിടിക്കുകയും നിശ്ശബ്ദത കൂട്ടാളിയായി മാറുകയും ചെയ്ത ഒരിടം മാത്രമായിരുന്നു.
അവളെ രക്ഷിക്കുകയാണെന്ന് പിതാവ് കരുതിയെങ്കിലും, അങ്ങനെ ചെയ്തതിലൂടെ മകളെ ഇരുട്ടിന്റെ ജീവിതത്തിലേക്കാണ് തള്ളിവിട്ടത്. നിലവിൽ, സാമൂഹ്യക്ഷേമ വകുപ്പിന്റെ മേൽനോട്ടത്തിൽ "ഘരൗണ്ട ആശ്രമത്തിൽ" ആണ് ലിസയുള്ളത്.
പ്രതീക്ഷയുടെ നാളുകൾ
ഇരുപത് വർഷത്തിനിടെ ആദ്യമായി ഒരു പുതിയ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്ന 26 വയസ്സുള്ള ലിസ ഇപ്പോൾ വീണ്ടും ജീവിക്കാൻ പഠിക്കുകയാണ്. അവൾ പുഞ്ചിരിക്കാൻ പഠിക്കുന്നു, ഭയമില്ലാതെ നടക്കാൻ പഠിക്കുന്നു, പതുക്കെ സംസാരിക്കാൻ പഠിക്കുന്നു, ആളുകളെ വിശ്വസിക്കാനും ശരിയായി ഭക്ഷണം കഴിക്കാനും പഠിക്കുന്നു. ഏറ്റവും പ്രധാനമായി, അവൾ വീണ്ടും ജീവിതത്തെ സ്നേഹിക്കാൻ പഠിക്കുകയാണ്.
ലിസയ്ക്ക് കാഴ്ച തിരിച്ചുകിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും, സമൂഹത്തിന്റെ സ്നേഹത്തിലൂടെ അവൾക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സാമൂഹ്യപ്രവർത്തകർ.. "ആളുകളെ ഭയമായിരുന്ന ലിസ എല്ലാം മുറിക്കുള്ളിലാണ് ചെയ്തിരുന്നത്. ഒരു യുവാവിൽ നിന്ന് മകളെ സംരക്ഷിക്കാനാണ് പ്രായമായ അച്ഛൻ അവളെ മുറിയിൽ പൂട്ടിയിട്ടത്," സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രണ്ടാം ക്ലാസ് വരെ സ്കൂളിൽ പോയിരുന്ന ലിസ, ഒരു പുരുഷന്റെ ഭീഷണിയെ തുടർന്ന് ഭയന്ന് സ്കൂളിൽ പോകുന്നതും ആളുകളെ കാണുന്നതും നിർത്തിയിരുന്നതായും അവർ കൂട്ടിച്ചേർത്തു.
നിയമനടപടികളും സാമൂഹ്യ ഉത്തരവാദിത്തവും
ലിസയെ രക്ഷപ്പെടുത്തിയ ശേഷം ജഗദൽപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവളുടെ ശാരീരികവും മാനസികവുമായ അവസ്ഥകൾ ഡോക്ടർമാർ വിലയിരുത്തി. സാമൂഹ്യക്ഷേമ വകുപ്പ് വിഷയം ഗൗരവമായി എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്രയും നീണ്ട തടവിന്റെ സാഹചര്യങ്ങൾ, ഗുരുതരമായ അവഗണനയുടെ വ്യാപ്തി, ഇത് നിയമവിരുദ്ധ തടവാണോ മനുഷ്യാവകാശ ലംഘനമാണോ എന്നീ മൂന്ന് വശങ്ങളാണ് വകുപ്പ് അന്വേഷിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ നടപടി ആരംഭിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
എത്ര പഴക്കമുള്ള മുറിവാണെങ്കിലും ശരിയായ പരിചരണം നൽകിയാൽ അത് ഉണങ്ങുമെന്ന് പറയപ്പെടുന്നു. ലിസയ്ക്ക് ഒരിക്കലും കാഴ്ച തിരിച്ചുകിട്ടിയില്ലായിരിക്കാം, പക്ഷേ സമൂഹം അവളെ കൈപിടിച്ചാൽ അവളുടെ നാളുകൾ ഇരുട്ടിൽ നിന്ന് വളരെ അകലെയായിരിക്കും.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.