ന്യൂഡൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ സമവായത്തിലെത്തണമെന്ന് സുപ്രീം കോടതി.
സമവായമായില്ലെങ്കിൽ അടുത്ത വ്യാഴാഴ്ച വൈസ് ചാൻസലറെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ജെ.ബി. പർഡിവാല, പി.ബി. വരാലേ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഡോ. പ്രിയ ചന്ദ്രനെയും നിയമിക്കാനാണ് ഗവർണറുടെ ശുപാർശയെന്ന് അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.സുപ്രീം കോടതി രൂപീകരിച്ച രണ്ട് സെർച്ച് പാനലുകളിലും സിസ തോമസിന്റെയും പ്രിയ ചന്ദ്രന്റെയും പേരുകൾ ഉള്ളതിനാലാണ് ഗവർണർ ഇവരുടെ പേരുകൾ ശുപാർശ ചെയ്യുന്നതെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. എന്നാൽ, സിസ തോമസിന്റെ പേര് ശുപാർശ ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത വ്യക്തമാക്കി.തുടർന്നാണ് പ്രതിസന്ധി പരിഹരിക്കുന്നതിന് ചർച്ചനടത്താൻ സുപ്രീം കോടതി നിർദേശിച്ചത്. ഗവർണർക്കുവേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട്ട രമണി, അഭിഭാഷകൻ വെങ്കിട്ടസുബ്രമണ്യം എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാന്റിങ് കോൺസൽ സി.കെ. ശശി എന്നിവർ ഹാജരായി. പേരുകളിൽ തർക്കം; വിട്ടുവീഴ്ചയില്ലെന്ന് ഇരുവിഭാഗവും സാങ്കേതിക സർകലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിക്കാനാണ് ഗവർണർ നൽകിയിരിക്കുന്ന ശുപാർശ.
എന്നാൽ, ഈ ശുപാർശ ഒരുകാരണവശാലും അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ല. സിസയ്ക്കെതിരെ ഒരു ഡസൻ ആരോപണങ്ങളാണ് സർക്കാരിനുള്ളത്. മോഷണക്കുറ്റംവരെ അതിലുണ്ട്. തർക്കം സുപ്രീം കോടതിയിലേക്ക് എത്തുകയാണെങ്കിൽ അവ കോടതിയിൽ ശക്തമായി ഉന്നയിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ചാൻസലർക്ക് കൈമാറിയ മുൻഗണനാ പാനലിൽ ഒന്നാംസ്ഥാനത്ത് ഡോ. സജി ഗോപിനാഥാണ്. രണ്ടാം സ്ഥാനത്തുളളത് രാജശ്രീ എം.എസും. എന്നാൽ, ഈ രണ്ട് പേരുകളേയും ഗവർണർ ശക്തമായി എതിർക്കുകയാണ്.സർവ്വകലാശാല വൈസ് ചാൻസലർ ആയിരുന്നപ്പോൾ കണക്കുകൾ സിഎജി ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നാണ് സജി ഗോപിനാഥിന് എതിരായ ഗവർണറുടെ പരാതി. ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുവേണ്ടി അനധികൃത അദാലത്ത് നടത്തി തോറ്റ എഞ്ചിനീറിയിങ് വിദ്യാർത്ഥികളെ വിജയിപ്പിച്ച വ്യക്തിയാണ് രാജശ്രീ എന്നാണ് ഗവർണറുടെ ആരോപണം. രണ്ടുപേരും സർക്കാരുമായും സിപിഎമ്മുമായും അടുത്ത ബന്ധമുള്ളവരാണെന്നാണ് ഗവർണറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്.
ഡിജിറ്റൽ സർവ്വകലാശാലയിൽ പ്രിയ ചന്ദ്രനും സാങ്കേതിക സർവ്വകലാശാലയിൽ സി. സതീഷ് കുമാറും ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലറായി ഗവർണർ ശുപാർശചെയ്ത ചെയ്ത പേര് ഡോ. പ്രിയ ചന്ദ്രന്റേതാണ്. സിസ തോമസിനോടുള്ള എതിർപ്പ് സംസ്ഥാന സർക്കാരിന് പ്രിയ ചന്ദ്രനോടില്ല. എന്നാൽ, മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയ മുൻഗണനാ പട്ടികയിൽ നാലാം സ്ഥാനത്ത് മാത്രമാണ് പ്രിയ ചന്ദ്രന്റെ പേരുളളത്. ഡോ. സജി ഗോപിനാഥാണ് ഒന്നാമത്. ഡോ. രാജശ്രീ എം.എസ്., ഡോ. ജിൻ ജോസ് എന്നിവരാണ് മുൻഗണന പട്ടികയിൽ പ്രിയ ചന്ദ്രന് മുകളിൽ സ്ഥാനംപിടിച്ചിട്ടുള്ളത്.
സാങ്കേതിക സർവകലാശാലയിൽ ഗവർണർ വിട്ടുവീഴ്ചക്ക് തയ്യാറായാൽ ഡിജിറ്റൽ സർവകലാശാലയിൽ പ്രിയ ചന്ദ്രനെ വൈസ് ചാൻസലറായി നിയമിക്കുന്നതിനെ സർക്കാർ എതിർത്തേക്കില്ലെന്നാണ് സൂചന. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് മുഖ്യമന്ത്രി കൈമാറിയ മുൻഗണനാ പട്ടികയിൽ ഡോ. സി. സതീഷ് കുമാർ ആണ് ഒന്നാമൻ. സജി ഗോപിനാഥ്, രാജശ്രീ എം.എസ്. എന്നിവരോടുള്ള എതിർപ്പ് ഗവർണർക്ക് സതീഷ് കുമാറിനോട് ഇല്ല. ഡിജിറ്റൽ സർവകലാശാലയിൽ സംസ്ഥാന സർക്കാർ വിട്ടുവീഴ്ച ചെയ്താൽ സതീഷ് കുമാറിന്റെ കാര്യത്തിൽ ഗവർണറും ചില വിട്ടുവീഴ്ചകൾക്ക് തയ്യാറായേക്കുമെന്നാണ് സൂചന.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.