ന്യൂഡല്‍ഹി:ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവക മിഷന്(ഗ്രാമീണ്‍)( വിബി ജി റാം ജി) ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്.
അതേ സമയം ബില്ലില്‍ ഈ ശീതകാല സമ്മേളനത്തില്‍ ചര്‍ച്ച നടക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധുടെ വിലയിരുത്തല്‍.പാവങ്ങളുടെ അവകാശങ്ങളെ കവര്‍ന്നെടുക്കലാണ് പുത്തന്‍ ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചു. സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാണ് പുതിയ ബില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാഷ്ട്രപിതാവിനെ അപമാനിക്കലാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
ഇത് യഥാര്‍ത്ഥ തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. മതിയായ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിയമം കൊണ്ടു വന്നിരിക്കുന്നതെന്നും പ്രിയങ്ക ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ട് കാര്യങ്ങളാണ് ഇഷ്ടമില്ലാത്തതെന്ന ആരോപണവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബില്ലിനെതിരെ രംഗത്ത് എത്തി. മഹാത്മാഗാന്ധിയുടെ ആശയങ്ങളോടും പാവങ്ങളുടെ ആവകാശങ്ങളോടുമാണ് പ്രധാനമന്ത്രിക്ക് താത്പര്യം ഇല്ലാത്തത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധിയുടെ ഗ്രാമ സ്വരാജ് എന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ഇത് ലക്ഷക്കണക്കിന് ഇന്ത്യന്‍ ഗ്രാമീണരുടെ ജീവരേഖയായിരുന്നു. അവര്‍ക്ക് കോവിഡ് കാലത്ത് പോലും സാമ്പത്തിക സുരക്ഷിതത്വം നല്കിയ പദ്ധതി ആയിരുന്നു ഇതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.ഈ പദ്ധതിയെ ആണ് മോദി ഇപ്പോള്‍ ഇല്ലാതാക്കിയിരിക്കുന്നത്. ഇതിനെ ദുര്‍ബലപ്പെടുത്താനുള്ള ക്രമാനുഗതമായ പ്രവര്‍ത്തനങ്ങളാണ് പത്ത് വര്‍ഷമായി മോദി സര്‍ക്കാര്‍ നടത്തി വന്നത്.
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ചതിലൂടെ മോദി സര്‍ക്കാര്‍ നമ്മുടെ രാഷ്ട്രപിതാവിനെ അപമാനിച്ചിരിക്കുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്ര ചൂണ്ടിക്കാട്ടി. ഗാന്ധിജി രാമരാജ്യം എന്ന ആശയം മുന്നോട്ട് വച്ചു. എന്നാല്‍ അത് ഈ സര്‍ക്കാര്‍ കരുതുന്നത് പോലെ വിബി ജി രാം ജി അല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ സര്‍ക്കാര്‍ ഭഗവാന് രാമന്റെ പേര് പോലും ഇല്ലാതാക്കിയിരിക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ പേരില്‍ നിന്ന് ഗാന്ധിജിയുടെ പേര് ഒഴിവാക്കുന്നത് നല്ലതല്ല. ഗാന്ധിജിയുടെ പേര് ഒഴിവാക്കാനായി ഇവര്‍ വിവിധ ഭാഷകള്‍ കൂട്ടിയോജിപ്പിച്ച് ഇതില്‍ രാമനെ കൊണ്ടു വന്നിരിക്കുകയാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
ഗ്രാമസ്വരാജ് ഉള്ളിടത്ത് മാത്രമേ ഗാന്ധിജി വിഭാവനം ചെയ്ത രാമരാജ്യം സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറുപത് ശതമാനം പണം സംസ്ഥാനങ്ങള്‍ കണ്ടെത്തേണ്ടി വരുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് മേല്‍ വലിയ ബാധ്യത സൃഷ്ടിക്കുമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
നാളെ രാജ്യ വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.