നിലമ്പൂർ :നോർത്ത് വനം ഡിവിഷനിൽ ആയിരവല്ലിക്കാവ് റിസർവ് വനത്തിൽ അനധികൃതമായി കടന്ന് ചാലിയാറിൽ സ്വർണം അരിക്കൽ നടത്തിയതിനു പിടിയിലായ ഏഴംഗ സംഘത്തിനെതിരെ വനം കയ്യേറ്റം, റിസർവ് വനത്തിൽ അതിക്രമിച്ചു കടന്ന് ഖനനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
വനസംരംക്ഷണ നിയമപ്രകാരം ഒന്നു മുതൽ 5 വർഷം വരെ തടവും 5000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിതെന്ന് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി.ധനേഷ് കുമാർ പറഞ്ഞു. പരിസ്ഥിതി നാശത്തിനും നഷ്ടം ഈടാക്കാം. ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നു നോട്ടിസ് നൽകി പ്രതികളെ ജാമ്യത്തിൽ വിട്ടു. മഞ്ചേരി വനം കോടതിക്ക് റിപ്പോർട്ട് നൽകി.മോട്ടർ, ജനറേറ്റർ തുടങ്ങിയ യന്ത്രസാമഗ്രികൾ കോടതിയിൽ ഹാജരാക്കി. സ്വർണവില കുതിച്ചുയർന്നതോടെ ചാലിയാറിൽ ഖനനം വ്യാപകമാകുകയാണ്. നേരത്തേ ആദിവാസികളാണ് മണൽ അരിച്ചു സ്വർണം വേർതിരിച്ചെടുത്തിരുന്നത്. ഇപ്പാേൾ ജനറേറ്റർ, മോട്ടർ ഉൾപ്പെടെ യന്ത്രങ്ങളുമായി ചില സംഘങ്ങൾ രംഗത്തിറങ്ങി. പുഴയുടെ അടിത്തട്ടിൽനിന്ന് ആഴത്തിൽ കുഴിച്ചാണു മണലെടുക്കുന്നത്.
തീരത്തു കിണർ മാതൃകയിൽ കുഴിയുണ്ടാക്കി മണലെടുക്കുന്നുണ്ട്. കുഴിയിൽ വെള്ളം നിറയുമ്പോൾ മോട്ടർ ഉപയോഗിച്ചു വറ്റിക്കുന്നു. പുഴയ്ക്കും വനഭൂമിക്കും ഭീഷണിയായി തിട്ട ഇടിച്ചും മണലെടുക്കുന്നുണ്ട്. മമ്പാട്, പൊങ്ങല്ലൂർ ഭാഗങ്ങളിൽ ഇത്തരം ഒട്ടേറെ സംഘങ്ങളുണ്ട്. പൊങ്ങല്ലൂരിൽ പൊലീസ് തടഞ്ഞതിനെത്തുടർന്ന് വനമേഖലയിലേക്കു നീങ്ങിയ സംഘമാണ് 28ന് വനപാലകരുടെ പിടിയിലായത്.
നടപടി ഭയന്ന് ഇന്നലെ മമ്പാട്, പൊങ്ങല്ലൂർ ഭാഗങ്ങളിൽ ഖനനം നടന്നില്ല. വനമേഖലയിൽ ചാലിയാർ, പാേഷകനദികൾ എന്നിവിടങ്ങളിൽ ഖനനത്തിനെതിരെ കർശന നടപടിക്ക് ഡിഎഫ്ഒ നിർദേശം നൽകി. ദേവാല കാടുകളിലും ഖനനം സജീവം എടക്കര ∙ നീലഗിരിയിലെ ദേവാല കാടുകളിൽ അനധികൃത സ്വർണഖനനം തുടരുന്നു. സ്വർണത്തിന് വില കുതിച്ചുയർന്നതോടെയാണ് ഖനനം കൂടുതൽ സജീവമായത്. കാട്ടിനുള്ളിൽ അതിക്രമിച്ച് കയറുന്നത് വനം വകുപ്പ് നിരോധിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികളിൽ ചിലർ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് കാട്ടിൽ കയറുന്നത്.
ദേവാല, പന്തല്ലൂർ തുടങ്ങിയ 640 ഹെക്ടർ വനഭൂമിയിൽ മൂവായിരത്തിൽ കൂടുതൽ സ്ഥലങ്ങളിലാണ് സ്വർണ ഖനനത്തിനായുണ്ടാക്കിയ തുരങ്കങ്ങളും കുഴികളുമുള്ളത്. കുഴികളിൽ വീണ് വന്യമൃഗങ്ങൾ ചാകുന്ന സംഭവങ്ങൾ വർധിച്ചതോടെ വനം വകുപ്പ് നടപടി കർശനമാക്കിയിരുന്നു. ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി 4 പേര പിടികൂടുകയും ചെയ്തു. ദേവാലയിലെ സ്വർണഖനനത്തിന് 2 നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്.
ബ്രിട്ടിഷുകാരാണ് വ്യാവസായികാടിസ്ഥാനത്തിൽ സ്വർണ ഖനനം തുടങ്ങിയത്. 1893ൽ ദേവാലയിലെ അവസാനത്തെ ഖനന കമ്പനിയും പൂട്ടിപ്പോയി. എന്നാൽ നാട്ടുകാർ സ്വർണവേട്ട അവസാനിപ്പിച്ചില്ല. ബ്രിട്ടിഷുകാരുണ്ടാക്കിയ തുരങ്കങ്ങളിൽ നിന്നാണ് പല വഴികളിലായി പാറ കുഴിച്ചു ഖനനം ചെയ്യുന്നത്. പാറകളിൽ സ്വർണത്തിന്റെ അംശം കണ്ടെത്തുംവരെ കുഴിക്കും.
ഇതു പിന്നീട് പ്രത്യേക തരത്തിൽ മുറിച്ചെടുത്തു തുരങ്കത്തിനു പുറത്തെത്തിച്ച് മെർക്കുറിയിൽ കഴുകിയെടുക്കും. ദേവാലയിലും പരിസരത്തും സ്വർണം വേർതിരിക്കുന്ന മില്ലുകൾ പ്രവർത്തിക്കുന്നുണ്ട്. സ്വർണത്തിന്റെ അംശം അടങ്ങിയ പാറക്കഷണങ്ങൾ ഇടനിലക്കാർ മില്ലുകളിലെത്തിച്ചു നൽകും.
സ്വർണത്തിന്റെ ഗുണനിലവാരത്തിനനുസരിച്ചാണ് പണം കിട്ടുക. സ്വർണം കുഴിച്ചെടുക്കാനുള്ള അധ്വാനഭാരം കണക്കാക്കിയാൽ നഷ്ടമാണെങ്കിലും ചിലപ്പോൾ നേട്ടവുമുണ്ടാകാറുണ്ട്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.