കൊച്ചി; ‘ഐ ലവ് കൊച്ചി’– കൊച്ചിയെ ഞാൻ സ്നേഹിക്കുന്നു!. നഗരം മുഴുവൻ ഒരു ട്രെൻഡായി ‘ഐ ലവ് കൊച്ചി’ ഇൻസ്റ്റലേഷനുകൾ വ്യാപകമാകുന്നു. പലയിടങ്ങളിലും ഇതിനകം ഇതു സ്ഥാപിച്ചു.
കോർപറേഷനിലെ എല്ലാ ഡിവിഷനുകളിലേക്കും ഈ രീതി വ്യാപിപ്പിക്കാനാണ് ആലോചന.മുൻപു മാലിന്യം തള്ളിയിരുന്ന സ്ഥലങ്ങൾ വൃത്തിയാക്കിയ ശേഷം അവിടെ ‘ഐ ലവ് കൊച്ചി’ ഇൻസ്റ്റലേഷനുകൾ സ്ഥാപിക്കുന്ന രീതി കോർപറേഷനിലെ പല കൗൺസിലർമാരും നടപ്പാക്കിയിട്ടുണ്ട്.വൃത്തിയുള്ള നഗരമായി കൊച്ചിയെ നിലനിർത്തുന്നതിനുള്ള സന്ദേശമായാണ് ‘ഐ ലവ് കൊച്ചി’ എല്ലാ ഡിവിഷനുകളിലും സ്ഥാപിക്കുന്നതെന്നു മേയർ എം. അനിൽ കുമാർ പറഞ്ഞു. അടുത്തിടെ കതൃക്കടവിലും എളംകുളത്തും ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനു സമീപവും മാലിന്യം തള്ളിയിരുന്ന സ്ഥലങ്ങൾ വൃത്തിയാക്കി ‘ഐ ലവ് കൊച്ചി’ ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ചിരുന്നു. എളംകുളം മെട്രോ സ്റ്റേഷനു സമീപം വൃത്തികേടായി കിടന്നിരുന്ന സ്ഥലം നവീകരിച്ചു ചുമട്ടു തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഇതു സ്ഥാപിച്ചത്.ഹൈബി ഈഡൻ എംപിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ക്വീൻസ് വോക്‌വേ പദ്ധതിയുടെ ഭാഗമായാണ് ‘ഐ ലവ് കൊച്ചി’ ഇൻസ്റ്റലേഷൻ ആദ്യമായി നഗരത്തിലെ പൊതുയിടത്തു സ്ഥാപിക്കുന്നത്. അന്നു മുതൽ ക്വീൻസ് വോക്‌വേ സന്ദർശിക്കുന്നവരുടെ സെൽഫി കോർണറായി ഇതു മാറി.
ബിടിഎച്ച് ജംക്‌ഷനിലെ ഗാന്ധിപ്രതിമയ്ക്കു സമീപത്താണ് ഏറ്റവും ഒടുവിൽ ‘ഐ ലവ് കൊച്ചി’ ഇടംപിടിച്ചത്. ഈ നഗരത്തെ അത്രത്തോളം ഇഷ്ടപ്പെടുന്നുവെന്നു നമ്മൾ പ്രഖ്യാപിക്കുമ്പോഴും പൊതുയിടങ്ങളിൽ മാലിന്യം തള്ളുന്നതും കനാലുകളിലേക്കു മലിനജലം ഒഴുക്കുന്നതും നിലച്ചിട്ടില്ല. എറണാകുളം മാർക്കറ്റിനു സമീപത്തു നിന്നാണു റോഡരികിൽ മാലിന്യം തള്ളാനെത്തിയ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം പിടികൂടിയത്.‘ലവ്’ വന്ന വഴി ലോകത്തിലെ പലയിടങ്ങളിലും അതത് നഗരങ്ങളോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന ‘ഐ ലവ്’ ബോർഡുകളുണ്ട്. യുഎസിലെ ന്യൂയോർക്ക് നഗരത്തിൽ നിന്നാണ് ഇതിന്റെ തുടക്കം. ന്യൂയോർക്കിലെ ടൂറിസം പ്രചാരണത്തിനായി 1977ൽ നടപ്പാക്കിയ ക്യാംപെയ്നിൽ ഉൾപ്പെടുന്ന ലോഗോയാണു ‘ഐ ലവ് എൻവൈ’. ഒരു കാർ യാത്രയ്ക്കിടെ ഉപയോഗശൂന്യമായ പേപ്പറിൽ ചുവന്ന ക്രയോൺ ഉപയോഗിച്ച് പ്രശസ്ത ഗ്രാഫിക് ഡിസൈനറായ മിൽട്ടൻ ഗ്ലേസറാണ് ഈ ലോഗോ രൂപകൽപന ചെയ്തത്.
ആ യഥാർഥ രൂപകൽപന ഇപ്പോഴും ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ (മോമ) പ്രദർശനത്തിനുണ്ട്. പിന്നീട് ലോകം മുഴുവൻ ഈ ലോഗോ വ്യാപിച്ചു. മിൽട്ടൻ ഗ്ലേസർ അറിയപ്പെടുന്നതും ഈ ലോഗോയുടെ പേരിലാണ്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.