ഡബ്ലിൻ ;റോബോട്ടിക്സിലെ ഒളിംപിക്സ് എന്ന് അറിയപ്പെടുന്ന ഫസ്റ്റ് ഗ്ലോബൽ ചലഞ്ചിൽ മികച്ച നേട്ടം സ്വന്തമാക്കി അയർലൻഡ് ടീം.
അമേരിക്കയിലെ പാനമ സിറ്റിയിൽ വെച്ച് നടന്ന ചാംപ്യൻഷിപ്പിൽ അയർലൻഡ് ടീമിനെ വിജയത്തിലേക്ക് നയിച്ച ടീമിൽ മലയാളികളായ ജോയൽ ഇമ്മാനുവലും അമൽ രാജേഷും അടക്കം എട്ട് വിദ്യാർഥികൾ പങ്കെടുത്തു. 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ പാനമ സിറ്റിയിൽ റോബോട്ട് ഒളിംപ്യാഡ് നടന്നു. മത്സരത്തിൽ അയർലൻഡ് എട്ടാം സ്ഥാനം നേടി.ലോകമെമ്പാടുമുള്ള 190 രാജ്യങ്ങളിൽനിന്നുള്ള 600ൽ അധികം ടീമുകൾ പങ്കെടുത്ത ഒളിംപ്യാഡ് ഫൈനലിൽ എട്ടാം സ്ഥാനം കരസ്ഥമാക്കാനായത് അയർലൻഡിനെ സംബന്ധിച്ച് ചരിത്രപരമായ നേട്ടമാണ്. ആ ചരിത്ര നേട്ടത്തിൽ പങ്കാളികളായി മിടുക്കരായ മലയാളികളും ഉണ്ടെന്നുള്ളത് ഇരട്ടി മധുരമാണ്.
ഡബ്ലിൻ ലൂക്കനിൽ താമസിക്കുന്ന സ്‌പൈസ് വില്ലേജ് റസ്റ്ററന്‍റ് & കാറ്ററിങ് ഗ്രൂപ്പ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ ഇമ്മാനുവൽ തെങ്ങുംപള്ളിയുടെയും നഴ്സ് മാനേജർ റീത്താ ഇമ്മാനുവലിന്റെയും മകനാണ് ലിവിങ് സെർട്ട് വിദ്യാർഥി കൂടിയായ ജോയൽ ഇമ്മാനുവൽ. ലൂക്കൻ ലിഫി വാലിയിൽ താമസിക്കുന്ന കമ്പ്യൂട്ടർ എൻജിനീയർ രാജേഷിന്റെയും നഴ്സ് മാനേജറായ ബെറ്റ്സിയുടെയും പുത്രനാണ് ലിവിങ് സെർട്ട് വിദ്യാർഥിയായ അമൽ. ജോയൽ ഇമ്മാനുവൽ ഇതിനു മുൻപ് ബിടി യങ് സയന്റിസ്റ്റ് ആൻഡ് ടെക്നോളജി അവാർഡ് നേടിയിട്ടുണ്ട്.
ഓരോ വർഷവും വ്യത്യസ്ത രാജ്യങ്ങളിൽ നടക്കുന്ന ഒളിംപിക് ശൈലിയിലുള്ള ഒരു അന്താരാഷ്ട്ര റോബോട്ടിക് മത്സരമാണ് ഫസ്റ്റ് ഗ്ലോബൽ ചലഞ്ച്. ഇത് പുതിയ തലമുറയിലെ എൻജിനീയർമാരുടെയും ശാസ്ത്രജ്ഞരുടെയും വളർച്ചക്ക് കാരണമാകുന്നു. STEM (സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) മേഖലയിലെ യുവാക്കളുടെ കൂടുതൽ വികസനം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ മത്സരം ലക്ഷ്യമിടുന്നത്.സ്റ്റെം വിദ്യാഭ്യാസത്തിന് അയർലൻഡ് വലിയ പ്രാധാന്യം നൽകുന്നുണ്ട്. റോബോട്ടിക്സ് മേഖലയിലെ ഏറ്റവും മികച്ച വിദഗ്ധരുടെ മേൽനോട്ടത്തിൽ റോബോട്ടിക്സ്, മെക്കാട്രോണിക്സ് മേഖലയിലെ രാജ്യത്തെ ഏറ്റവും നൂതനമായ ലബോറട്ടറികളിൽ പ്രതിനിധി സംഘത്തിന് പരിശീലനം ലഭിക്കും.
അയർലൻഡിലെ ഏറ്റവും പ്രഗത്ഭരായ യുവ എൻജിനീയർമാർ ഉൾപ്പെട്ട ടീമിൽ പങ്കെടുക്കുവാനും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ജോയലും അമലും പറഞ്ഞു. രാജ്യത്തെ ജനങ്ങളോടുള്ള നന്ദി അറിയിക്കുന്നതായി ടീമംഗങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം ഡബ്ലിൻ എയർപോർട്ടിൽ എത്തിയ ദേശീയ ടീമിന് ഉജ്വല വരവേൽപ്പ് നൽകി.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.