ചേർത്തല; റിട്ട. പഞ്ചായത്ത് ജീവനക്കാരി ചേർത്തല നെടുമ്പ്രക്കാട് സ്വദേശി ഐഷ (62) കൊല്ലപ്പെട്ട കേസിൽ തെളിവു തേടി പ്രതി സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെ കാടുപിടിച്ചുകിടന്ന കുളം പൊലീസ് വറ്റിച്ചു പരിശോധിച്ചു.
എന്നാൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിൽ കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.ഇന്നലെ രാവിലെയാണ് കേസ് അന്വേഷിക്കുന്ന ചേർത്തല സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടിന്റെ വടക്കുവശത്ത് കാടുപിടിച്ചുകിടന്ന കുളം വറ്റിച്ചു മണ്ണുമാന്തി യന്ത്രമുപയോഗിച്ചു ചെളി കോരി പരിശോധിച്ചത്.കുളത്തിൽ സെബാസ്റ്റ്യൻ ആഫ്രിക്കൻ മുഷി ഉൾപ്പെടെയുള്ള മത്സ്യങ്ങൾ വളർത്തിയിരുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹ അവശിഷ്ടങ്ങൾ കത്തിച്ചതിനൊപ്പം മത്സ്യങ്ങൾക്ക് ഭക്ഷണമായി കൊടുക്കാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഈ സംശയം നാട്ടുകാരും ഉയർത്തിയിരുന്നു.ഐഷ കൊലപാതകത്തിനു പുറമേ ബിന്ദു പത്മനാഭൻ, ജയ്‌നമ്മ കൊലപാതക കേസുകളിലും മൃതദേഹ അവശിഷ്ടങ്ങളുടെ കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ജയ്‌നമ്മ, ബിന്ദു പത്മനാഭൻ കൊലപാതകക്കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി വീടിനു സമീപത്തെ മറ്റു കുളങ്ങൾ പരിശോധിച്ചെങ്കിലും വടക്ക് വശത്തെ കുളത്തിൽ പരിശോധന നടത്തിയിരുന്നില്ല.ഇതാണ് ഇപ്പോൾ ചേർത്തല പൊലീസ് പരിശോധിച്ചത്.ഐഷ കേസിൽ കഴിഞ്ഞ മാസമാണ് സെബാസ്റ്റ്യനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. 2012 മേയ് 12 നാണ് ഐഷയെ കാണാതാകുന്നത്. മൂന്നു മാസം മുൻപ് ഇതിന്റെ പുനർ അന്വേഷണത്തിലാണ് ഐഷയെയും സെബാസ്റ്റ്യൻ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ജയ്‌നമ്മ, ബിന്ദുപത്മനാഭൻ, ഐഷ കൊലപാതക കേസുകളിൽ സെബാസ്റ്റ്യൻ റിമാൻഡിൽ കഴിയുകയാണ്. സ്വത്തുക്കൾ തട്ടിയെടുക്കാനായിരുന്നു കൊലപാതകങ്ങളെന്ന് പൊലീസ് പറയുന്നു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.