പട്ന ;ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നും ജയം നിതീഷ് കുമാറിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
വിജയിച്ചാൽ മാത്രം മതിയായിരുന്നില്ല നിതീഷിന്, കഴിഞ്ഞ തവണത്തെ മോശം പ്രകടനത്തിൽനിന്നു കരകയറുകയും വേണമായിരുന്നു. സഖ്യത്തിൽ ബിജെപിയോട് ഒപ്പം നിൽക്കാനും മികച്ച പ്രകടനം കൂടിയേ തീരുമായിരുന്നുള്ളൂ. ഇതു രണ്ടും സാധ്യമാകുന്നതോടെ നിതീഷിന് ഇരട്ടിമധുരമാണ് ബിഹാർ ഫലം. വികസനത്തിന്റെ നായകൻ എന്ന അർഥത്തിൽ ചാർത്തിക്കിട്ടിയ ‘സുശാസൻ ബാബു’ എന്ന വിളിപ്പേരിനു ജനങ്ങള്‍ നൽകിയ അടിവരയാണ് ഇത്തവണത്തെ വിജയമെന്ന് ഇനി നിതീഷ് കുമാറിന് ആത്മവിശ്വാസത്തോടെ പറയാം.ഏറ്റുമുട്ടി ഇല്ലാതാക്കാൻ ആർജെഡി, ഒപ്പം നിന്ന് കെട്ടിപ്പുണർന്നു ശ്വാസംമുട്ടിക്കാൻ ബിജെപി– ഇതായിരുന്നു തിരഞ്ഞെടുപ്പിനു മുൻപുള്ള നിതീഷിന്റെ അവസ്ഥ. ജെഡിയുവിന്റെ അപ്രമാദിത്തം അവസാനിപ്പിച്ച് മുന്നണിയിലെ വല്യേട്ടനാകുക എന്ന ലക്ഷ്യം കഴിഞ്ഞ തിരഞ്ഞെടുപ്പിൽത്തന്നെ ബിജെപി യാഥാർഥ്യമാക്കിയിരുന്നു. 2020 ലെ തിരഞ്ഞെടുപ്പിൽ 74 സീറ്റ് ബിജെപി നേടിയപ്പോൾ 43 സീറ്റ് മാത്രമാണ് ജെഡിയുവിന് നേടാനായത്. എന്നിട്ടും സമ്മർദ തന്ത്രങ്ങളിലൂടെ മുഖ്യമന്ത്രിസ്ഥാനം നിലനിർത്താൻ നിതീഷിനായി.ഇത്തവണയും പിന്നോട്ടു പോയാൽ പാർട്ടിയെ അത് സാരമായി ബാധിക്കുമെന്ന് നിതീഷിനു വ്യക്തമായിരുന്നു. അതിനാൽ ജയിക്കാനായി തന്ത്രങ്ങളെല്ലാം പയറ്റി. ഇത്തവണ എൻഡിഎ ജയിച്ചാൽ നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമോ എന്നതിൽ ആദ്യം തീർച്ചയുണ്ടായിരുന്നില്ല. പ്രചാരണത്തിനു ബിഹാറിലെത്തിയ അമിത് ഷാ, ‘ആരാകും മുഖ്യമന്ത്രി?’ എന്ന ചോദ്യത്തിനു നൽകിയ മറുപടി നിതീഷിനെ ചൊടിപ്പിച്ചു. മുഖ്യമന്ത്രിയെ മുന്നണി വിജയശേഷം തീരുമാനിക്കും എന്നായിരുന്നു ഷായുടെ മറുപടി. ഇതിൽ നീരസം കാട്ടിയ നിതീഷിനെ നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ആശ്വസിപ്പിച്ചത്.
ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ എൻഡിഎ തിരഞ്ഞെടുപ്പ് റെക്കോർഡ് തിരുത്തിക്കുറിക്കുമെന്ന് മോദി റാലിയിൽ പറഞ്ഞു. കേന്ദ്ര ഭരണത്തെ വരെ താങ്ങി നിർത്തുന്നതിൽ നിർണായകമായ നിതീഷിനെ പിണക്കുന്നത് ആത്മഹത്യാപരമാണെന്ന് ബിജെപിക്ക് വ്യക്തമായിരുന്നു. നിതീഷിൽനിന്നു ബിഹാറിന്റെ നിയന്ത്രണം കൈക്കലാക്കൽ ബിജെപിയുടെ അജൻഡയിൽ നേരത്തേയുണ്ട്. നിതീഷ് ക്ഷീണിക്കാതെ തങ്ങൾക്കു വളരാൻ പ്രയാസമാണെന്ന് ബിജെപിക്ക് അറിയാം. ബിഹാറിലെ പല ബിജെപി നേതാക്കളും പലപ്പോഴായി ഈ ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്.
മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ തികച്ചും അപ്രതീക്ഷിതമായി രാജി വച്ചതിൽ പോലും നിതീഷുമായി ബന്ധപ്പെടുത്തി കഥകളുണ്ടായിരുന്നു. ഉപരാഷ്ട്രപതി സ്ഥാനത്തേക്കു കൊണ്ടുവന്ന് ബിഹാറിൽനിന്നു നിതീഷ് കുമാറിനെ മാറ്റിനിർത്താനുള്ള ബിജെപി പദ്ധതിയായാണ് അതു വ്യാഖ്യാനിക്കപ്പെട്ടത്. എന്നാൽ അതു വെറും കഥയായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.