ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച കോൺഗ്രസ് എം.പി. ശശി തരൂരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്ത്. തരൂരിന്റെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകനും കോൺഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിത് രംഗത്തെത്തി. തരൂരിനെ 'കപടനാട്യക്കാരൻ' (ഹിപ്പോക്രാറ്റ്) എന്ന് വിശേഷിപ്പിച്ച സന്ദീപ്, പാർട്ടിയുടെ നിലപാടുമായി പൊരുത്തപ്പെടാത്ത നയങ്ങളെ പ്രശംസിക്കുന്ന തരൂർ എന്തിനാണ് കോൺഗ്രസിൽ തുടരുന്നതെന്നും പരസ്യമായി ചോദ്യംചെയ്തു.
കോൺഗ്രസ് അടിസ്ഥാനപരമായി എതിർക്കുന്ന നയങ്ങളെ പ്രശംസിച്ചതിനാണ് സന്ദീപ് ദീക്ഷിത് തരൂരിനെതിരെ വിമർശനം ഉയർത്തിയത്. "നിങ്ങൾക്ക് കോൺഗ്രസിന്റെ നയങ്ങൾക്കെതിരേ നിൽക്കുന്ന ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന് തോന്നലുണ്ടെങ്കിൽ, നിങ്ങൾ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടത്. അല്ലാതെ എന്തിനാണ് കോൺഗ്രസിൽ തുടരുന്നത്? എം.പി. സ്ഥാനം കാരണം മാത്രമാണോ?" ദീക്ഷിത് ചോദിച്ചു.
ബി.ജെ.പി.യുടെയും പ്രധാനമന്ത്രിയുടെയും നയങ്ങളാണ് സ്വന്തം പാർട്ടിയുടേതിനേക്കാൾ നല്ലതെന്ന് തോന്നുന്നെങ്കിൽ നിങ്ങൾ അത് വിശദീകരിക്കണം. അല്ലാത്തപക്ഷം നിങ്ങൾ ഒരു കപടനാട്യക്കാരനാണ് (ഹിപ്പോക്രാറ്റ്) എന്നും സന്ദീപ് തുറന്നടിച്ചു.
സുപ്രിയ ശ്രീനേറ്റും വിമർശിച്ചു
സന്ദീപ് ദീക്ഷിതിന് പുറമെ കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും ശശി തരൂരിനെതിരെ വിമർശനവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രശംസിക്കാൻ തക്കതായി താനൊന്നും കണ്ടില്ലെന്നും, തരൂർ എങ്ങനെ അങ്ങനെയൊന്ന് കണ്ടെത്തിയെന്ന് അറിയില്ലെന്നും സുപ്രിയ പ്രതികരിച്ചു.
വിവാദത്തിന് വഴിവെച്ച എക്‌സ് പോസ്റ്റ്
രാംനാഥ് ഗോയങ്ക അനുസ്‌മരണ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തതിന്റെ അനുഭവങ്ങൾ വിവരിച്ച് ശശി തരൂർ തന്റെ 'എക്‌സ്' (മുമ്പ് ട്വിറ്റർ) പേജിൽ പങ്കുവെച്ച കുറിപ്പാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. വികസനത്തിനുവേണ്ടിയുള്ള മോദിയുടെ വ്യഗ്രതയെക്കുറിച്ച് പ്രസംഗത്തിൽ പുകഴ്ത്തിയ തരൂർ, കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയിൽ നിന്ന് മുന്നോട്ട് പോകണമെന്ന പ്രധാനമന്ത്രിയുടെ വാദത്തെയും അനുകൂലിച്ചു.
ശശി തരൂർ പ്രധാനമന്ത്രിയെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ കുറച്ച് കാലമായി തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും ഏപ്രിൽ 22-ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സൗഹൃദ രാജ്യങ്ങളിലേക്ക് അയച്ച സർക്കാർ പ്രതിനിധി സംഘത്തിലെ പ്രതിപക്ഷ മുഖങ്ങളിലൊന്നായി തരൂരിനെ തിരഞ്ഞെടുത്തതിന് ശേഷമാണ് ഈ അകൽച്ച വർധിച്ചത്. യു.എസിലേക്കും മറ്റ് നാല് രാജ്യങ്ങളിലേക്കുമുള്ള പ്രതിനിധി സംഘത്തെ നയിച്ചതിന് പിന്നാലെ പലപ്പോഴും തരൂർ പാർട്ടി മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരുന്നു.

.png)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.