ചെറുതോണി (ഇടുക്കി): വാഴത്തോപ്പ് ഗിരിജ്യോതി സി.എം.ഐ. പബ്ലിക് സ്‌കൂളിൽ സ്‌കൂൾ ബസ് മുന്നോട്ടെടുക്കുന്നതിനിടെ ബസിനടിയിൽപ്പെട്ട് പ്ലേ സ്‌കൂൾ വിദ്യാർഥിനി മരിച്ചു. വാഴത്തോപ്പ് പറപ്പള്ളിൽ ബെൻ ജോൺസണിന്റെ മകൾ ഹെയ്‌സൽ ബെൻ (4) ആണ് ദാരുണമായി മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന സഹപാഠി ഇനായ തെഹ്‌സിൻ (3.5) പരിക്കുകളോടെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ സ്‌കൂൾ മുറ്റത്താണ് സംഭവം. 17-ാം നമ്പർ ബസിൽ വന്നിറങ്ങിയ ഹെയ്‌സലും കൂട്ടുകാരിയും, നിർത്തിയിട്ടിരുന്ന 19-ാം നമ്പർ സ്‌കൂൾ ബസിന് മുൻപിലൂടെ എതിർദിശയിലുള്ള പ്ലേ സ്‌കൂൾ കെട്ടിടത്തിലേക്ക് നടന്നുപോവുകയായിരുന്നു. ഈ സമയം 19-ാം നമ്പർ ബസ് മുന്നോട്ടെടുത്തതോടെ കുട്ടികൾ ബസിന് മുൻപിലേക്ക് വീണു. ഹെയ്‌സലിന്റെ തലയിലൂടെ മുൻചക്രം കയറിയിറങ്ങി. ഇനായ തെഹ്‌സിന്റെ രണ്ട് കാലുകൾക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. കുട്ടികളുടെ കരച്ചിൽ കേട്ട് സമീപത്തുണ്ടായിരുന്നവർ ബഹളം വെച്ചപ്പോഴാണ് ഡ്രൈവറും സ്‌കൂൾ അധികൃതരും അപകടവിവരം അറിയുന്നത്. ഉടൻതന്നെ ഇരുവരെയും ഇടുക്കി മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നു.
ഡ്രൈവർ കസ്റ്റഡിയിൽ; രക്ഷിതാക്കളുടെ പ്രതിഷേധം
ബസ് ഓടിച്ചിരുന്ന ചെറുതോണി മധുമന്ദിരം ശശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി എസ്.പി.യുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഹെയ്‌സൽ ബെന്നിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം വ്യാഴാഴ്ച 11-ന് വാഴത്തോപ്പ് സെയ്ന്റ് ജോർജ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടക്കും.
വിവരം അറിഞ്ഞ് രക്ഷിതാക്കൾ കൂട്ടത്തോടെ സ്‌കൂളിലെത്തിയത് നേരിയ സംഘർഷത്തിന് ഇടയാക്കി. പോലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രിക്കുകയും, വിദ്യാർഥികളെ സുരക്ഷിതരാക്കിയ ശേഷം ഗേറ്റടച്ച് രക്ഷിതാക്കളെ വിവരങ്ങൾ ധരിപ്പിക്കുകയുമുണ്ടായി. സ്‌കൂളിന് ബുധനും വ്യാഴവും അധികൃതർ അവധി പ്രഖ്യാപിച്ചു.
സ്‌കൂൾ അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം
അപകടം സ്‌കൂൾ അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് രക്ഷിതാക്കൾ ആരോപിച്ചു. കുട്ടികളെ കയറ്റിയിറക്കുന്ന സ്ഥലത്ത് സെക്യൂരിറ്റി ജീവനക്കാരോ ആയമാരോ ഉണ്ടായിരുന്നില്ലെന്ന് അവർ പറയുന്നു. സ്‌കൂൾ ബസുകളിൽ ആയമാർ ഇല്ലാത്ത സാഹചര്യമുണ്ടെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് കാണിച്ച് മുമ്പും സമാനമായ അപകടങ്ങൾ സംഭവിച്ചിട്ടുള്ളതായും രക്ഷിതാക്കൾ വെളിപ്പെടുത്തി.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച സ്‌കൂൾ അധികൃതർ, വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും അറിയിച്ചു. സുരക്ഷാ ജീവനക്കാരനും ആയമാരും ഡ്യൂട്ടിയിലുണ്ടായിരുന്നുവെന്നും ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജോമി പടിഞ്ഞാറേ പുത്തൻപുരയിലും പി.ടി.എ. പ്രസിഡന്റ് ഡോ. സിബി ജോർജും അറിയിച്ചു.
കുടുംബത്തിന് തീരാദുഃഖം
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പി.ആർ.ഒ. ആയി ജോലി ചെയ്യുന്ന ബെൻ ജോൺസണിന്റെയും നഴ്‌സിങ് വിദ്യാർഥിനിയായ ജീവയുടെയും ഏക മകളായിരുന്നു ഹെയ്‌സൽ. മാതാപിതാക്കൾ സ്ഥലത്തില്ലാത്തതിനാൽ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലായിരുന്ന കുട്ടി. ഹെയ്‌സലിന്റെ സഹോദരിയുടെ മകൻ ആറുമാസം മുമ്പ് രോഗം ബാധിച്ച് മരിച്ചതിന്റെ ദുഃഖം മാറും മുമ്പാണ് ഈ അപകടമരണം.
ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കി ആർ.ടി.ഒ.
അപകടത്തിന്റെ പശ്ചാത്തലത്തിൽ, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളിൽ (EIV) ബ്ലൈൻഡ് സ്പോട്ട് മിറർ നിർബന്ധമാക്കിയതായി ഇടുക്കി ആർ.ടി.ഒ. പി.എം. ഷെബീർ അറിയിച്ചു. വാഹനത്തിന്റെ മുൻഭാഗം ഉൾപ്പെടെ കാണാൻ കഴിയാത്ത ഭാഗങ്ങൾ വ്യക്തമായി കാണുന്നതിന് ഈ കണ്ണാടി സഹായിക്കും. സ്‌കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും ബോധവൽക്കരണ ക്ലാസുകൾ നൽകുമെന്നും അധികൃതർ അറിയിച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.