കൊച്ചി: നഗരത്തെ ഞെട്ടിച്ച് കോന്തുരുത്തിയിൽ വീട്ടിലേക്കുള്ള വഴിയിൽ ചാക്കിൽക്കെട്ടിയ നിലയിൽ അജ്ഞാതയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ജോർജ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെ ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. ജോർജ് താമസിക്കുന്ന വാടകവീടിന് മുന്നിലുള്ള ഇടവഴിയിലാണ് അർദ്ധനഗ്നമായ നിലയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടത്. മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ മതിലിൽ ചാരിയിരുന്ന ജോർജിനെ സ്ഥലത്തെത്തിയ പോലീസ് ഉടൻതന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
സംഭവത്തിന്റെ പശ്ചാത്തലം
രാവിലെ ജോർജ് ചാക്ക് അന്വേഷിച്ച് സമീപവാസികളുടെ അടുത്തേക്ക് എത്തിയിരുന്നതായി നാട്ടുകാർ മൊഴി നൽകി. വീട്ടുവളപ്പിൽ ഒരു നായ ചത്തുകിടക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ചാക്ക് തിരഞ്ഞത്. എന്നാൽ, ജോർജ് മദ്യലഹരിയിലായിരുന്നതിനാൽ പലരും ഇയാളെ ശ്രദ്ധിക്കാതെ വിട്ടു. തുടർന്ന് അടുത്തുള്ള ഒരു കടയിൽ നിന്നാണ് ഇയാൾ ചാക്കുകൾ സംഘടിപ്പിച്ചത്. ഇതിനുപിന്നാലെയാണ് ജോർജിന്റെ വീടിന് സമീപത്തെ ഇടവഴിയിൽ മൃതദേഹം കണ്ടെത്തുന്നത്.
ഹരിത കർമ്മസേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ ഉടൻതന്നെ വാർഡ് കൗൺസിലറെ വിവരം അറിയിക്കുകയും തുടർന്ന് പോലീസെത്തി നടപടികൾ സ്വീകരിക്കുകയുമായിരുന്നു. തലയിൽ കൈവെച്ച്, ഒന്നും സംസാരിക്കാതെ മദ്യലഹരിയിൽ ഇരിക്കുന്ന ജോർജിനെയാണ് സ്ഥലത്തെത്തിയവർ ആദ്യം കണ്ടത്.
അന്വേഷണം ഊർജിതം
മൃതദേഹത്തിൽ പരിക്കുകളുണ്ടായിരുന്നതായും അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹമെന്നും നാട്ടുകാർ പറഞ്ഞു. മരിച്ച സ്ത്രീ പ്രദേശവാസിയല്ലെന്നാണ് വാർഡ് കൗൺസിലറും നാട്ടുകാരും നൽകുന്ന സൂചന. ജോർജിന്റെ വാടക വീട്ടിൽ താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഹോം നഴ്സായി ജോലി ചെയ്തിരുന്നയാളാണ് ജോർജ്. ഇയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. സംഭവസമയം ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. ജോർജ് സ്ഥിരമായി മദ്യപിക്കുമെങ്കിലും ഇതുവരെ പ്രശ്നങ്ങളുണ്ടാക്കുകയോ ശല്യക്കാരനായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നും സമീപവാസികൾ കൂട്ടിച്ചേർത്തു. വിശദമായ അന്വേഷണത്തിനായി പോലീസ് നടപടികൾ ഊർജിതമാക്കി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.