തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തതോടെ, പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂട്ടാളികളിലേക്ക് വ്യാപിപ്പിക്കുന്നു. സംസ്ഥാന സർക്കാരിനെയും സി.പി.എമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ കേസാണിത്.
റിമാൻഡിൽ കഴിയുന്ന കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാറാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചിട്ടുണ്ട്.
പത്മകുമാറിന് കുരുക്കായത് ചെമ്പുപാളിയെന്ന പരാമർശം
ശബരിമലയിലെ കട്ടളപ്പാളികളും അനുബന്ധ പ്രഭാവലയവും സ്വർണം പതിപ്പിച്ചതാണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും, ദേവസ്വം ബോർഡ് യോഗത്തിന്റെ അജണ്ടയിൽ 'ചെമ്പുപാളികൾ' എന്ന് പത്മകുമാർ എഴുതിച്ചേർത്തെന്നാണ് റിമാൻഡ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ദേവസ്വം മാന്വൽ വ്യവസ്ഥകൾ ലംഘിച്ചാണ് പോറ്റിയുടെ പക്കൽ പാളികൾ കൊടുത്തുവിട്ടതെന്നും ഇത് പോറ്റിക്ക് കാര്യങ്ങൾ എളുപ്പമാക്കിയെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.
ബോർഡ് മുൻ അംഗങ്ങളായ കെ.പി. ശങ്കരദാസും എൻ. വിജയകുമാറും തങ്ങൾക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്ന് മൊഴി നൽകിയിട്ടുണ്ട്.
പോറ്റിയുടെ സഹായികൾ വലയിൽ: ലക്ഷ്യം സാമ്പത്തിക ഇടപാടുകൾ
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പോറ്റിയെ സഹായിച്ചവരെ പിടികൂടുകയെന്നതാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടം. ദേവസ്വം ബോർഡുമായി നേരിട്ട് ബന്ധമില്ലാത്തവരാണ് ഈ സഹായികളിൽ പലരും. സ്വർണ്ണം കൈമാറിയതിൻ്റെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങൾ എസ്.ഐ.ടി. ശേഖരിച്ചുവരികയാണ്.
ദ്വാരപാലക ശിൽപ്പങ്ങളുടെ താങ്ങുപീഠം വീട്ടിൽ സൂക്ഷിച്ച കോട്ടയം ആനിക്കാട് സ്വദേശി സി.കെ. വാസുദേവൻ.
സ്വർണ്ണം പൂശിയ ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് മണ്ഡാരി.
ശബരിമലയിൽ നിന്ന് പാളികൾ ഏറ്റുവാങ്ങിയ അനന്തസുബ്രഹ്മണ്യൻ പോറ്റിയുടെ സഹ സ്പോൺസറായ രമേശ് റാവു.
സ്വർണ്ണം ഉരുക്കിയ ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർധൻ.
ഉരുക്കിയ സ്വർണ്ണം ഗോവർധന് കൈമാറിയ കുൽപ്പേഷ്.
തുടങ്ങി നിരവധി പേർക്ക് കേസിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മൊഴിയെടുത്ത ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
മുൻ ബോർഡ് അംഗങ്ങൾക്കൊപ്പം ചോദ്യം ചെയ്യും
അറസ്റ്റിലായ എ. പത്മകുമാറിനെ തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. അന്ന് തന്നെ മുൻ ബോർഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരെ വിളിച്ചുവരുത്തി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ബോർഡ് ഉദ്യോഗസ്ഥരെയും കമ്മിഷണറെയും കുറ്റപ്പെടുത്തിയാണ് പത്മകുമാർ കഴിഞ്ഞ ദിവസം മൊഴി നൽകിയത്. എന്നാൽ, അദ്ദേഹത്തിന്റെ കൈപ്പടയിലെഴുതിയ രേഖകൾ തന്നെ കുരുക്കാകുകയായിരുന്നു. ഈ രേഖകളെക്കുറിച്ച് മറ്റ് ബോർഡ് അംഗങ്ങൾ നേരത്തെ എസ്.ഐ.ടിക്ക് മൊഴി നൽകിയിരുന്നു. ഇത് ഉറപ്പുവരുത്തുന്നതിനാണ് സംയുക്ത ചോദ്യം ചെയ്യൽ.
സ്വർണപ്പാളി പൂജിച്ച തറവാട്ടുവീട്ടിൽ തെളിവെടുപ്പ്
വാഴക്കുളം: കേസിന്റെ ഭാഗമായി സ്വർണത്തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മൂവാറ്റുപുഴ വാഴക്കുളത്തിനടുത്ത് പിരളിമറ്റത്തുള്ള അജികുമാറിൻ്റെ തറവാട്ടുവീട്ടിലെത്തി തെളിവെടുത്തു.
2019 സെപ്റ്റംബർ 11-ന് ശബരിമലയിലെ സ്വർണപ്പാളി ബെംഗളൂരുവിലെ വ്യവസായിയായ അജികുമാറിൻ്റെ കുടുംബക്ഷേത്രത്തിൽ കൊണ്ടുവന്ന് പൂജ നടത്തിയതായി അനുജൻ അനിൽകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തിരുവനന്തപുരത്തുനിന്നെത്തിയ മൂന്നംഗ എസ്.ഐ.ടി. സംഘം പൂജ നടന്ന കാവിലും വീടിനുള്ളിലും വിശദമായ പരിശോധന നടത്തി.
രാവിലെ 10-ന് കാറിൽ കൊണ്ടുവന്ന സ്വർണപ്പാളി വെള്ളാരങ്കല്ലിങ്കൽ കുടുംബക്ഷേത്രത്തിൽ വെക്കുകയും വൈകീട്ട് 5-ന് പൂജയ്ക്കുശേഷം രാത്രി പള്ളിക്കത്തോട് ഇളമ്പള്ളി ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയതായും അനിൽകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകി. അനിൽകുമാർ, വല്യച്ഛൻ സുകുമാരൻ, മകൻ സജിമോൻ എന്നിവരോടാണ് അന്വേഷണസംഘം വിവരങ്ങൾ തേടിയത്. രണ്ടര മണിക്കൂറോളം നീണ്ട പരിശോധനയ്ക്ക് ശേഷം തെളിവെടുപ്പിന്റെ മഹസർ സാക്ഷിയായി സജിമോൻ ഒപ്പുവെച്ചു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.