കോഴിക്കോട്: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 മുണ്ടൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു.
സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ ആണ് കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങിയത്. കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഇരുപതോളം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തതു ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് അധികൃതർക്ക് ലഭിച്ചത്.ഈ രോഗം കാട്ടുപന്നികൾ, വളർത്തുപന്നികൾ എന്നിവയിൽ അതിവേഗം പടരുമെങ്കിലും മനുഷ്യരിൽ ബാധിക്കാറില്ല. രോഗം ബാധിച്ചാൽ പന്നികളിൽ നൂറു ശതമാനം വരെ മരണനിരക്കുളള രോഗമാണിത്. ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നിയുടെ രക്തം, മാംസം, അവശിഷ്ടങ്ങൾ, രോഗം ബാധിച്ച പന്നികളുമായി നേരിട്ടുള്ള സമ്പർക്കം എന്നിവയിലൂടെ മറ്റു പന്നികളിലേക്ക് രോഗം വ്യാപിക്കാം.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ മൃഗസംരക്ഷണ വകുപ്പുമായി നടത്തിയ ചർച്ചയിൽ കേന്ദ്രസർക്കാരിന്റെ ആഫ്രിക്കൻ പന്നിപ്പനി സംബന്ധിച്ച നടപടിക്രമം പ്രകാരം പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചു.
അസുഖം വന്ന ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നികളെ കൊന്നൊടുക്കാനും അസുഖം വന്ന പന്നി ഫാം അണുവിമുക്തമാക്കാനും തീരുമാനിച്ചു. ഇതുകൂടാതെ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നി മാംസം വിൽപന നടത്തുന്ന സ്ഥാപനങ്ങൾ അടച്ചിടേണ്ടതാണെന്നും നിശ്ചിതകാലയളവിലേക്ക് ഈ ഒരു കിലോമീറ്റർ ചുറ്റളവിലേക്ക് പന്നികളെയോ പന്നിമാംസമോ കൊണ്ടുവരാൻ പാടില്ലയെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു കിലോമീറ്റർ ചുറ്റളവിനു പുറത്തുള്ള ഒൻപതു കിലോമീറ്റർ ചുറ്റളവ് സ്ഥലം നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
നിരീക്ഷണ മേഖലയിൽ പന്നിമാംസം വിൽപന അനുവദിച്ചിട്ടുണ്ടെങ്കിലും നിരീക്ഷണ മേഖലയിൽ നിന്ന് പുറത്തേക്ക് പന്നികളെയോ പന്നി മാംസമോ കൊണ്ടുപോകാൻ പാടുള്ളതല്ല. കാട്ടുപന്നികളുമായി സമ്പർക്കം വരാൻ സാധ്യതയുള്ള സ്വകാര്യ പന്നി ഫാമുകൾ ഫെൻസിങ് നടത്താനുള്ള നടപടി സ്വീകരിക്കേണ്ടതാണ്.ജില്ലയിൽ രോഗം ആദ്യമായി സ്ഥിരീകരിച്ചതിനാൽ മൃഗസംരക്ഷണ വകുപ്പും കോടഞ്ചേരി പഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.