ചവറ :ബുധനാഴ്ച ഉച്ചയ്ക്ക് ഐസിയുവിലേക്കു മാറ്റുമ്പോൾ ‘മക്കളെ നോക്കിയേക്കണേ’ എന്നാണ് വേണുച്ചേട്ടൻ അവസാനമായി പറഞ്ഞത്.
‘അതിന് വേണുവേട്ടൻ ഇതുപോലെ തിരിച്ചുവരണേ’ എന്നു ഞാനും പറഞ്ഞു. വേണുച്ചേട്ടന്റെ നെഞ്ചിൽ വെള്ളംകെട്ടിക്കിടക്കുകയാണെന്നും ഇത്തിരി സീരിയസാണെന്നും 5 മിനിറ്റു കഴിഞ്ഞപ്പോൾ ഡോക്ടർ എന്നെ വിളിച്ചു പറഞ്ഞു. ഇതു നേരത്തേ മനസ്സിലാക്കിയിരുന്നെങ്കിൽ ചേട്ടൻ ഇന്നും ജീവിക്കുമായിരുന്നു. – അന്തരിച്ച വേണുവിന്റെ ഭാര്യ സിന്ധു പറയുന്നു.സംഭവത്തെക്കുറിച്ച് സിന്ധുവിന്റെ വാക്കുകൾ ഇങ്ങനെ: വെള്ളിയാഴ്ച രാത്രി ഗ്യാസിന്റെ പ്രശ്നമെന്നു കരുതിയാണ് ചേട്ടൻ കിടന്നത്. പിറ്റേന്നു രാവിലെ തൊണ്ടവേദനയുമുണ്ടായി. അടുത്തുള്ള സിഎച്ച്സിയിൽ ഇസിജി എടുത്തപ്പോൾ വ്യത്യാസം കണ്ടു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കു പറഞ്ഞുവിട്ടു. അപ്പോഴേക്കും സംസാരത്തിനു കുഴച്ചിലായതോടെ ജില്ലാ ആശുപത്രിയിലേക്കു റഫർ ചെയ്തു. അവിടെ സിടി സ്കാൻ കുഴപ്പമില്ലായിരുന്നു.
എക്കോയും ബ്ലഡ് ടെസ്റ്റും നടത്തി. രക്തപരിശോധനയിൽ ഹൃദയാഘാതമെന്നു കണ്ടെത്തി. ചവറയിൽനിന്ന് ആംബുലൻസ് വരുത്തിയാണ് തിരുവനന്തപുരത്തേക്ക് പോയത്. അവിടെ വാർഡ് 28ലേക്ക് പറഞ്ഞുവിട്ടു. രക്തം അലിയാനുള്ള മരുന്നും ബിപിക്കുള്ള മരുന്നും തന്നു. പിറ്റേന്നു ഞായറാഴ്ച ഡോക്ടറില്ല. തിങ്കളാഴ്ച രാവിലെ കാർഡിയോളജിയിൽ ഡോക്ടറെ കണ്ടു. ഐസിയുവിൽ തിരക്കാണെന്നും ബുധനാഴ്ചയോ വെള്ളിയാഴ്ചയോ ആൻജിയോഗ്രാം നടത്താമെന്നും പറഞ്ഞു.
തുടർന്ന് രണ്ടാം വാർഡിലേക്കു മാറ്റി. ആ സമയത്ത് തലവേദനയും കൈ പെരുപ്പുമുണ്ടായി. ഡോക്ടറെത്തി മരുന്നു കുറിച്ചിട്ട് ബുധനാഴ്ച ആൻജിയോഗ്രാം ചെയ്യാം എന്നു പറഞ്ഞു. പക്ഷേ അതിനുള്ള പട്ടിക വന്നപ്പോൾ വേണുവേട്ടന്റെ പേരില്ല. ആൻജിയോഗ്രാം ചെയ്യാനുള്ള ആരെങ്കിലും ഇല്ലാതെവന്നാൽ ചെയ്യാമെന്ന് ഡോക്ടർ സമാധാനിപ്പിച്ചു. ഡോക്ടറെ കാണാൻ ഐസിയുവിൽ എത്തിയപ്പോൾ പണ്ട് സ്ട്രോക്ക് ഉണ്ടായതുകാരണമാണ് തലവേദനയെന്നാണ് പറഞ്ഞത്. പക്ഷേ, അദ്ദേഹം കുറിച്ച ഗുളികകളൊന്നും അവിടെ ഇല്ലായിരുന്നു. പിറ്റേന്നു രാവിലെ കാർഡിയോളജിയിൽ എത്തി. ആൻജിയോഗ്രാം എന്തുകൊണ്ട് ചെയ്യുന്നില്ലെന്നു ചോദിച്ചു.അറ്റാക്ക് വന്ന് 3 മണിക്കൂറിനുള്ളിൽ ആൻജിയോഗ്രാം ചെയ്തില്ലെങ്കിൽ മരുന്നു കഴിച്ച് 5 ദിവസം കഴിഞ്ഞേ പറ്റൂ എന്നാണ് ഡോക്ടർ മറുപടി പറഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് എക്കോ എടുക്കാൻ പോയപ്പോഴാണ് ശ്വാസം മുട്ടലിനെത്തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചതും രാത്രിയോടെ മരിച്ചതും. ചികിത്സ നൽകിയെന്ന് ആശുപത്രി സൂപ്രണ്ട് തിരുവനന്തപുരം ∙ ഹൃദ്രോഗചികിത്സയ്ക്കു പ്രവേശിപ്പിച്ച കെ.വേണുവിനു സാധ്യമായ എല്ലാ ചികിത്സകളും നൽകിയെന്ന് മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി.ജയചന്ദ്രൻ പറഞ്ഞു.
ഏതു വിധത്തിലുള്ള ശാസ്ത്രീയ പരിശോധനയിലൂടെയും ഇതു തെളിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. നെഞ്ചുവേദനയുമായി വന്ന വേണുവിനെ എമർജൻസി വിഭാഗത്തിലാണ് ഒന്നിനു രാത്രി 7.47നു പ്രവേശിപ്പിച്ചത്. മെഡിസിൻ, കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ പരിശോധനയ്ക്കുശേഷം 8.49ന് മെഡിസിൻ വിഭാഗത്തിലെ 28–ാം വാർഡിൽ അഡ്മിറ്റ് ചെയ്തു. ഹൃദയാഘാതം സംഭവിച്ച് 24 മണിക്കൂറിനു ശേഷമാണ് ഇവിടെ എത്തുന്നത്.
രോഗിയിൽ ക്രിയാറ്റിൻ തോതു കൂടുതലായിരുന്നു. അപ്പോൾ ആൻജിയോഗ്രാമോ ആൻജിയോപ്ലാസ്റ്റിയോ.ചെയ്താൽ വൃക്കകൾ തകരാറിലാകാൻ സാധ്യതയുണ്ട് എന്നതിനാൽ മരുന്നുകൾ നൽകിയുള്ള ചികിത്സയാണു ഡോക്ടർമാർ ശുപാർശ ചെയ്തത്. വേണുവിനു പ്രമേഹം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം എന്നിവ നേരത്തേ ഉണ്ടായിരുന്നു. അതിനാൽ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയ്ക്കുള്ള മരുന്നുകളും കഴിക്കുന്നുണ്ട്.
പിറ്റേന്ന് മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ പരിശോധിച്ചു. 3ന് കാർഡിയോളജി ഡോക്ടർമാർ എത്തി. തുടർന്നു വേണുവിനെ കാർഡിയോളജി വിഭാഗത്തിലെ കിടക്കയിലേക്കു മാറ്റി. മൂന്നിനും 4നും നടത്തിയ പരിശോധനയിൽ കുഴപ്പമൊന്നും കണ്ടെത്തിയില്ല. ബുദ്ധിമുട്ടുള്ളതായി രോഗി പറഞ്ഞതുമില്ല. അതിനാൽ നിലവിലെ മരുന്നുകൾ തുടർന്നു. ബുധനാഴ്ച രാവിലെയും പരിശോധന നടത്തി. വൈകിട്ട് 6.15നു ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു.കാർഡിയോളജി വിഭാഗം ഡോക്ടർ എക്കോ പരിശോധനയ്ക്കായി വീൽ ചെയറിൽ എക്കോ ലാബിലേക്കു കൊണ്ടുപോകുന്ന വഴിക്കു ശ്വാസംമുട്ടൽ ഉണ്ടെന്നു രോഗി പറഞ്ഞു. 7.15ന് ഐസിയുവിലേക്കു മാറ്റുകയും 7.25ന് വെന്റിലേറ്റർ നൽകുകയും ചെയ്തു. രോഗിക്കു തുടർച്ചയായി ഹൃദയാഘാതമുണ്ടായി. പരമാവധി വിദഗ്ധ ചികിത്സ നൽകിയിട്ടും 10.45നു വേണു മരിച്ചെന്നു സൂപ്രണ്ട് വിശദീകരിച്ചു.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.