ബെംഗളൂരൂ: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ചുള്ള തർക്കം മുറുകുന്നു. ഹൈക്കമാൻഡിൽ സമ്മർദ്ദം ചെലുത്തുന്നതിനായി ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ അനുകൂലിക്കുന്ന കൂടുതൽ കോൺഗ്രസ് എംഎൽഎമാർ ഡൽഹിയിലെത്തി.
മൂന്നാമത്തെ സംഘമാണ് ശിവകുമാറിനായി തലസ്ഥാനത്തെത്തിയത്. സിദ്ധരാമയ്യ മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് ശിവകുമാറിന് അധികാരം കൈമാറണമെന്നാണ് ഇവരുടെ ആവശ്യം.കഴിഞ്ഞ ആഴ്ച രണ്ട് സംഘം എംഎൽഎമാർ ഡൽഹിയിലെത്തിയിരുന്നു.കോൺഗ്രസ് സർക്കാർ കാലാവധി രണ്ടരവർഷം പിന്നിട്ട സാഹചര്യത്തിൽ, സ്ഥാനകൈമാറ്റം വേണമെന്നാണ് ആവശ്യം. എട്ടോളം എംഎൽഎമാർ ഇന്നലെ ഡൽഹിയിലെത്തി കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് ഹൈക്കമാൻഡുമായി അടിയന്തര കൂടിക്കാഴ്ചയ്ക്ക് ശ്രമം നടത്തി. എന്നാൽ, ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബംഗളൂരുവിൽ തന്നെ തുടരുകയാണ്. അദ്ദേഹം സംസ്ഥാനത്തെ മന്ത്രിമാരുമായും മുതിർന്ന നേതാക്കളുമായും കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്.
അതിനിടെ ശിവകുമാർ ഇന്നലെ വൈകുന്നേരം സിദ്ധരാമയ്യയെ പിന്തുണയ്ക്കുന്ന മുതിർന്ന നേതാവ് കെജെ ജോർജുമായി കൂടിക്കാഴ്ച നടത്തി. ജോർജ്, സിദ്ധരാമയ്യയോടൊപ്പം രാഹുൽ ഗാന്ധിയെയും ഖാർഗെയെയും നേരത്തെ കണ്ടിരുന്നു. ശിവകുമാറും ജോർജും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി റിപ്പോർട്ടുകളുണ്ട്.2023 മെയ് മാസത്തിൽ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോൾ രണ്ടര വർഷത്തിന് ശേഷം ശിവകുമാറിന് മുഖ്യമന്ത്രി പദവി കൈമാറുമെന്ന് പാർട്ടി നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു എന്നാണ്, അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. അധികാര പങ്കുവെക്കൽ കരാറിനെക്കുറിച്ചുള്ള വാഗ്ദാനം "മാന്യമായി പാലിക്കണം" എന്നാണ് ശിവകുമാർ പക്ഷം ഇപ്പോൾ ഹൈക്കമാൻഡിനോട് ആവശ്യപ്പെടുന്നത്.
ചർച്ചകൾ ശക്തമാകുന്നതിനിടെ നേതൃമാറ്റത്തെക്കുറിച്ച് പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ ഖാർഗെ പ്രതികരിച്ചത്. നിലവിൽ ഈ വിഷയത്തിൽ തനിക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ഒരു മണിക്കൂറിലധികം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.