കോട്ടയം :ജീവിതത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണല്ലോ വിവാഹം.
സാമ്പത്തിക ബാധ്യതകള്‍ ഏറെയുണ്ടാകുന്ന സമയം കൂടിയാണിത്. വിവാഹിതരാകുന്ന വ്യക്തികള്‍ക്ക് സാമ്പത്തിക സഹായം നല്കാൻ വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്നു നോക്കാം.പരിണയം പദ്ധതി സാമ്പത്തിക ക്ലേശമനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ പെൺമക്കളുടെയും ഭിന്നശേഷിയുള്ള പെണ്‍കുട്ടികളുടെയും വിവാഹച്ചെലവിനു സാമ്പത്തിക സഹായം നല്‍കാനുള്ള സാമൂഹികനീതി വകുപ്പിന്റെ പദ്ധതിയാണ് പരിണയം. ഒറ്റത്തവണ ധനസഹായമായി 30,000 രൂപയാണ് ലഭിക്കുക. അപേക്ഷകരുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. രണ്ടു പെണ്മക്കളുടെ വരെ വിവാഹത്തിന് ധനസഹായം ലഭിക്കും.
ഇതിനായി ജില്ലാ സാമൂഹികനീതി ഓഫിസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. മംഗല്യ സമുന്നതി പദ്ധതി മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹത്തിന് ധനസഹായം നല്കുന്ന പദ്ധതിയാണ് 'മംഗല്യ സമുന്നതി'. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള, മുന്‍ഗണന എഎവൈ, മുന്‍ഗണന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത സമയത്താണ് ഇതിനായി അപേക്ഷകള്‍ സ്വീകരിക്കുക.പെണ്‍കുട്ടിയുടെ രക്ഷിതാക്കളാണ് അപേക്ഷിക്കേണ്ടത്. ലഭ്യമാകുന്ന അപേക്ഷകളില്‍നിന്ന് ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിലെ യോഗ്യരായവർക്ക്, സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും. അപേക്ഷാ ഫോമും വിശദവിവരങ്ങളും സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷന്റെ വെബ്സൈറ്റായ www.kswcf ലഭിക്കും
മിശ്രവിവാഹിതര്‍ക്കു ധനസഹായം മിശ്രവിവാഹിതരായ ദമ്പതിമാരില്‍ ഒരാള്‍ പട്ടികജാതിയും പങ്കാളി പട്ടികഇതര സമുദായത്തില്‍ പെട്ടതുമാണെങ്കില്‍ വിവാഹത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാനും തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുമായി 75,000 രൂപ വരെ ഗ്രാന്റായി നല്‍കും. വിവാഹശേഷം ഒരു വര്‍ഷത്തിനും മൂന്നു വര്‍ഷത്തിനും ഇടയില്‍ അപേക്ഷിക്കണം. ഭാര്യാഭര്ത്താക്കന്മാരുടെ ജാതി സര്‍ട്ടിഫിക്കറ്റുകള്‍, കുടുംബ വാര്‍ഷിക വരുമാനം, സഹവാസ സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പല്‍/ കോര്പ്പറേഷന് പട്ടികജാതി വികസന ഓഫിസര്‍ക്കാണ് നല്‍കേണ്ടത്.
വാര്‍ഷിക വരുമാന പരിധി 1,00,000 രൂപ കവിയരുത്.ഇതുകൂടാതെ, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിത്തില്പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹ ആവശ്യത്തിനായി 6% പലിശ നിരക്കില്‍ വായ്പയും അനുവദിക്കും. പരമാവധി 2,50,000 രൂപയാണ് വായ്പത്തുക. വാര്‍ഷിക വരുമാന പരിധി 3,00,000 രൂപയാണ്. 5 വര്‍ഷമാണ് തിരിച്ചടവു കാലാവധി. അപേക്ഷിക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് ഓഫിസുമായാണ് ബന്ധപ്പെടേണ്ടത്. സുമിത്രം വിവാഹ ധനസഹായം സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് നടപ്പാക്കുന്ന വിവിധോദ്ദേശ്യ വായ്പാ പദ്ധതിയാണ് സുമിത്രം.വിവാഹ ധനസഹായത്തിനായി പദ്ധതിയില്‍നിന്നു വായ്പ ലഭിക്കും. 6 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം രൂപ വരെയാണ് ലഭിക്കുക. 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധി. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തില്‍ താഴെയായിരിക്കണം. കോര്‍പറേഷന്റെ വെബ്സൈറ്റായ www.ksmdfc.org യില്നിന്ന് അപേക്ഷാ ഫോമും വിശദാംശങ്ങളും ലഭിക്കും.
മംഗല്യ വിവാഹ ധനസഹായ പദ്ധതി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിധവകള്‍, നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് വനിതാ ശിശുവികസന വകുപ്പ് ധനസഹായം നല്കുന്ന പദ്ധതിയാണ് മംഗല്യ. പദ്ധതിയിലൂടെ 25,000 രൂപ ധനസഹായം നല്‍കും. ജില്ലാ വനിതാ ശിശുവികസന ഓഫിസര്‍മാര്‍ക്കാണ് നിര്‍വഹണ ചുമതല. അപേക്ഷക ബിപിഎല്‍/ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടതായിരിക്കണം.
വിധവകൾക്കും നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയതു കാരണം വിധവയ്ക്ക് സമാനമായ സാഹചര്യത്തിലുള്ളവര്‍ക്കും അപേക്ഷിക്കാം. 50 വയസാണ് പ്രായപരിധി. പുനര്‍വിവാഹം നടന്ന് ആറ് മാസത്തിനകം അപേക്ഷിക്കണം. ജില്ലാ വനിതാ ശിശുവികസന ഓഫിസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. വിധവകളുടെ പെണ്മക്കള്ക്ക് വിവാഹ ധനസഹായം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിധവകളുടെ പെണ്മക്കള്ക്ക് വിവാഹ ധനസഹായമായി 30,000 രൂപ നല്കുന്ന പദ്ധതിയാണിത്. നിശ്ചിത ഫോമിലുള്ള അപേക്ഷയോടൊപ്പം, അപേക്ഷക വിധവയാണെന്നു തെളിയിക്കുന്ന രേഖ, പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്, വിവാഹം നിശ്ചയിച്ചത് സംബന്ധിച്ച് പ്രതിശ്രുത വരന്റെ സത്യവാങ്മൂലം എന്നിവയും വേണം.
ഗ്രാമപഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭയുടെ സെക്രട്ടറിക്കാണ് അപേക്ഷ നല്‍കേണ്ടത്. വിവാഹിതയാകുന്ന പെണ്‍കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പില്ലെങ്കില്‍ പെണ്‍കുട്ടിക്ക് സ്വയമോ, വിവാഹം നടത്തിക്കൊടുക്കുന്ന ആള്‍ക്കോ അപേക്ഷിക്കാം. ഇവ കൂടാതെ സംസ്ഥാനത്തെ വിവിധ ക്ഷേമനിധി ബോര്‍ഡുകളും മറ്റും അംഗങ്ങളുടെ മക്കള്‍ക്ക് വിവാഹ ധനസഹായം നല്‍കാറുണ്ട്. ഇവയുടെ വിശദാംശങ്ങള്‍ക്കും അപേക്ഷ ഫോമിനുമായി അതത് ബോര്‍ഡുകളുമായി ബന്ധപ്പെടാം.








.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.