മഞ്ചേശ്വരം: കടമ്പാറിൽ യുവ അധ്യാപികയും ഭർത്താവും മരിച്ചതിന് പിന്നിൽ ബ്ലേഡ് മാഫിയയുടെ ഭീഷണിയാണെന്ന് ആക്ഷേപം ശക്തമായി.
കടമ്പാറിലെ പെയ്ന്റിങ് തൊഴിലാളിയായ അജിത്ത് (35), വൊർക്കാടിയിലെ സ്കൂളിലെ അധ്യാപികയായ ഭാര്യ ശ്വേത (27) എന്നിവരെയാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ബ്ലേഡ് മാഫിയയുടെ ഭീഷണി താങ്ങാനാകാതെ ഇരുവരും ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെയും അയൽവാസികളുടെയും പരാതി.മൂന്ന് വർഷം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരും തമ്മിൽ നല്ല സ്നേഹബന്ധത്തിലായിരുന്നുവെന്നും വഴക്കുകൾ ഉണ്ടായിരുന്നില്ലെന്നും അയൽവാസികൾ പറയുന്നു. ബ്ലേഡ് മാഫിയയിൽപ്പെട്ടവർ ഇവരുടെ വീടിന് സമീപം എത്തി ഭീഷണിപ്പെടുത്തുന്നതിൻ്റെ സിസിടിവി ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഈ പ്രദേശത്ത് ബ്ലേഡ് സംഘം പിടിമുറുക്കിയിട്ടുണ്ടെന്നും കഴുത്തറുപ്പൻ പലിശയാണ് വാങ്ങുന്നതെന്നും തിരിച്ചടവ് മുടങ്ങിയാൽ കൊടിയ ഭീഷണിയാണ് ഉണ്ടാകുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു.
ശ്വേതയെ സ്കൂളിൽ ചെന്നും ഭീഷണിപ്പെടുത്തിയതായി വിവരം പുറത്തുവരുന്നുണ്ട്. ഇവരെ ബ്ലേഡ് സംഘത്തിൽപ്പെട്ട ഒരു സ്ത്രീ അടിച്ചിരുന്നതായും പറയപ്പെടുന്നു. വിഷം ഉള്ളിൽ ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അജിത്ത് ചൊവ്വാഴ്ച (07.10.2025) പുലർച്ചെ 12:30-ഓടെയും ഭാര്യ ശ്വേത അതിനു പിന്നാലെയുമാണ് മരണത്തിന് കീഴടങ്ങിയത്.
കുടുംബം ഒരു സഹകരണ ബാങ്കിൽ നിന്നും മൂന്ന് ലക്ഷം വായ്പ എടുത്തിരുന്നു. അതിൻ്റെ തിരിച്ചടവ് എല്ലാ മാസവും കൃത്യമായി നടത്തി വരുന്നുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, ബ്ലേഡ് മാഫിയയിൽ നിന്നും വാങ്ങിയ പണത്തിൻ്റെ തിരിച്ചടവും കനത്ത പലിശയും ഇവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഈ മാസത്തെ വൈദ്യുതി ബില്ലും കേബിൾ കണക്ഷൻ്റെ തുകയും ഇവരുടെ പ്രയാസം കണ്ടറിഞ്ഞ് അയൽവാസികളായ ഒരു മുസ്ലീം കുടുംബമാണ് അടച്ചത്. സാമ്പത്തിക പ്രശ്നം ഇവരെ വല്ലാതെ അലട്ടിയിരുന്നുവെന്നാണ് പറയപ്പെടുന്നത്.
അജിത്തും ഭാര്യ ശ്വേതയും മാതാവ് പ്രമീളയുമാണ് വീട്ടിൽ താമസം. മാതാവ് ജോലിക്കു പോയിരുന്നു. തിങ്കളാഴ്ച നേരത്തെ വീട്ടിലെത്തിയ ശ്വേതയും ഭർത്താവ് അജിത്തും മൂന്ന് വയസ്സുള്ള മകനെയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. ഒരു സ്ഥലത്തേക്ക് പോകാനുണ്ടെന്നും മകനെ അതുവരെ നോക്കണമെന്നും പറഞ്ഞാണ് ഇരുവരും മടങ്ങിയത്. പിന്നീട് വീട്ടിൽ തിരിച്ചെത്തിയ ഇവരെ വൈകുന്നേരത്തോടെ വീട്ടുമുറ്റത്ത് വീണുകിടക്കുന്ന നിലയിലാണ് പരിസരവാസികൾ കണ്ടെത്തിയത്. ഉടൻ ഹൊസങ്കടിയിലെ ആശുപത്രിയിലും പിന്നീട് മംഗളൂറിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.
ബ്ലേഡ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നോ എന്നതടക്കമുള്ള എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു. എസ്ഐ ഉമേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ മംഗളൂറു വെൻ്റ് ലോക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.