പാലക്കാട്: നെന്മാറ സജിത വധക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ശനിയാഴ്ച.
പ്രതിക്ക് പരോൾ പോലും നൽകരുതെന്നും വധശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോൾ ചെന്താമര രണ്ടുപേരെക്കൂടി കൊലപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ ഇരട്ടക്കൊല ഈ കേസുമായി കൂട്ടിക്കുഴക്കരുതെന്ന് പ്രതിഭാഗം വാദിച്ചു.അയൽവാസിയായിരുന്ന പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരന്റെ ഭാര്യ സജിതയെ 2019 ആഗസ്റ്റ് 31നാണ് ചെന്താമര വെട്ടിക്കൊന്നത്. തന്റെ ഭാര്യ പിണങ്ങി പോവാൻ കാരണം സജിതയാണെന്ന് മന്ത്രവാദി പറഞ്ഞതിനെ തുടർന്നായിരുന്നു കൊലപാതകം. വീടിന്റെ പിറകുവശത്തുള്ള വാതിലിലൂടെ അകത്തുകയറിയാണ് സജിതയെ വെട്ടിയത്. തുടർന്ന് പോത്തുണ്ടി വനമേഖലയിൽ ഒളിച്ചുകഴിയുകയായിരുന്ന ചെന്താമരയെ രണ്ടുദിവസത്തെ തെരച്ചിലിനൊടുവിലാണ് പിടികൂടിയത്.
കേസിൽ 68 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ പ്രതി ചെന്താമരയുടെ ഭാര്യ, സഹോദരൻ, കൊല്ലപ്പെട്ട സജിതയുടെ മകൾ ഉൾപ്പെടെ 44 പേരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. സജിതയുടെ വീടിനകത്ത് ചോര പതിഞ്ഞ ചെന്താമരയുടെ കാൽപാടുകളാണ് കേസിൽ നിർണായകമായത്. ഒപ്പം മൽപിടുത്തത്തിനിടയിൽ പോക്കറ്റ് കീറി നിലത്തുവീണ വസ്ത്രം ചെന്താമരയുടെ തന്നെയെന്ന ഇയാളുടെ ഭാര്യയുടെ മൊഴിയും പ്രതിക്ക് കുരുക്കായി.
2020ലാണ് ചാർജ് ഷീറ്റ് സമർപ്പിച്ചത്. 2025 ആഗസ്റ്റ് നാലിന് സാക്ഷിവിസ്താരം ആരംഭിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.ജെ.വിജയകുമാറാണ് ഹാജരായത്. റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷം 2025 ജനുവരി 27നു സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി (75) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.