ഒരു വനിതാ വനപാലക ഉദ്യോഗസ്ഥക്കെതിരെ കർണാടക എം.എൽ.എ നടത്തിയ വിവാദ പരാമർശം വൻ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുന്നു. എം.എൽ.എയുടെ നടപടി 'സ്ത്രീവിരുദ്ധമാണ്' എന്ന് ആരോപിച്ച് വനിതാവകാശ ഗ്രൂപ്പുകൾ രംഗത്തെത്തി.
ചന്നഗിരിയിലെ കോൺഗ്രസ് എം.എൽ.എയായ ശിവഗംഗ ബസവരാജ്, യോഗത്തിന് ഹാജരാകാത്തതിൻ്റെ പേരിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്വേതയെ ചോദ്യം ചെയ്യുകയും അവരുടെ മാതൃത്വ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തതാണ് വിവാദമായത്. കർണാടക വികസന പരിപാടിയുടെ (KDP) ത്രൈമാസ അവലോകന യോഗമാണ് കോൺഗ്രസ് എം.എൽ.എയുടെ ഈ പൊട്ടിത്തെറിക്ക് കാരണമായത്.
ഫോറസ്റ്റ് റേഞ്ച് ഓഫീസർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചപ്പോൾ അദ്ദേഹം പരസ്യമായി ചോദിച്ചത് ഇങ്ങനെയാണ്: "അവർ ഗർഭിണിയാണെങ്കിൽ അവധി എടുക്കണം. എന്തിനാണ് പിന്നെ ജോലി ചെയ്യുന്നത് ? അവർക്ക് സമ്പാദിക്കുകയും വേണം , എന്നാൽ യോഗത്തിന് വിളിക്കുമ്പോൾ അവധി എടുക്കുകയും വേണം. ഒരു ഉളുപ്പുമില്ലേ?"
"മാതൃത്വ അവധികളില്ലേ? അവസാന തീയതി വരെ ശമ്പളവും അധികാനുകൂല്യങ്ങളും വേണം, എന്നാൽ ഒരു ഔദ്യോഗികമായ ആവശ്യമായ യോഗത്തിന് വരാനും കഴിയില്ല. ഗർഭം ഒരു ഒഴികഴിവാണ്, നാണം തോന്നണം. ഓരോ തവണയും ഇതേ ഒഴിവാണ് പറയുന്നത്. 'ഞാൻ ഗർഭിണിയാണ്, ഡോക്ടറെ കാണാൻ പോകുകയാണ്'," യോഗത്തിൽ വെച്ച് മറ്റ് ഉദ്യോഗസ്ഥരെ സാക്ഷിയാക്കി ബസവരാജ് പറഞ്ഞു.
"അവർക്കെതിരെ ഉടനടി നടപടി സ്വീകരിക്കണം," എം.എൽ.എ ആവശ്യപ്പെട്ടു.
വനിതാ ഉദ്യോഗസ്ഥക്കെതിരെ എം.എൽ.എ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വിഷയത്തെ ഒരു സ്ത്രീവിരുദ്ധ 'തമാശയായി' വളച്ചൊടിച്ച എം.എൽ.എയുടെ നടപടിയെ വിമർശിച്ചുകൊണ്ട് വനിതാവകാശ പ്രവർത്തകർ ഈ ദൃശ്യങ്ങൾ പങ്കുവെച്ചു.
സംഭവത്തിൽ ബസവരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സിദ്ധരാമയ്യ സർക്കാരിനെ ലക്ഷ്യമിടാൻ പ്രതിപക്ഷമായ ബി.ജെ.പി ഒരുങ്ങുന്നതിനാൽ ഈ വിഷയം കൂടുതൽ ശക്തമാകാനാണ് സാധ്യത.
അതിനിടെ, സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് മാസത്തിൽ ഒരു ദിവസത്തെ ശമ്പളത്തോടു കൂടിയ ആർത്തവ അവധി കർണാടക സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.