പ്രശസ്ത നടൻ പങ്കജ് ധീർ (68) അന്തരിച്ചു. ബി.ആർ. ചോപ്രയുടെ വിഖ്യാത പരമ്പരയായ 'മഹാഭാരത'ത്തിലെ കർണൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് അദ്ദേഹം. ദീർഘകാല സുഹൃത്തും സഹപ്രവർത്തകനും സിനിമാ ആർട്ടിസ്റ്റ്സ് അസോസിയേഷൻ (CINTAA) അംഗവുമായ അമിത് ബെഹ്‌ൽ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം, നടൻ ഏറെക്കാലമായി കാൻസർ രോഗബാധിതനായിരുന്നു. രോഗത്തോട് പോരാടിയെങ്കിലും മാസങ്ങൾക്ക് മുൻപ് കാൻസർ വീണ്ടും മൂർച്ഛിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. രോഗ സംബന്ധമായ ഒരു ശസ്ത്രക്രിയക്ക് അദ്ദേഹം തയ്യാറെടുക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നടൻ്റെ വിയോഗം സ്ഥിരീകരിച്ചുകൊണ്ട് സിനി & ടിവി ആർട്ടിസ്റ്റ്സ് അസോസിയേഷൻ (CINTAA) ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. "ഞങ്ങളുടെ ട്രസ്റ്റിന്റെ മുൻ ചെയർമാനും CINTAAയുടെ മുൻ ഓണററി ജനറൽ സെക്രട്ടറിയുമായിരുന്ന ശ്രീ പങ്കജ് ധീർ ജി, 2025 ഒക്ടോബർ 15-ന് അന്തരിച്ച വിവരം അഗാധമായ ദുഃഖത്തോടെയും വേദനയോടെയും അറിയിക്കുന്നു. ഇന്ന് വൈകുന്നേരം 4:30-ന് മുംബൈയിലെ വിൽ പാർലെ (വെസ്റ്റ്), പവൻ ഹൻസിന് സമീപം വെച്ചായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക," പ്രസ്താവനയിൽ പറയുന്നു.
1988-ൽ ബി.ആർ. ചോപ്രയുടെ 'മഹാഭാരത'ത്തിൽ കർണനായി വേഷമിട്ടതോടെയാണ് പങ്കജ് ധീർ ശ്രദ്ധേയനായത്. ഈ കഥാപാത്രം അത്രയേറെ ജനപ്രിയമായതിനാൽ ഇന്നും പ്രേക്ഷകർ അദ്ദേഹത്തെ ആ പേരിലാണ് ഓർക്കുന്നത്.
തുടർന്ന് ചന്ദ്രകാന്ത, യുഗ്, ദി ഗ്രേറ്റ് മറാത്ത തുടങ്ങിയ ജനപ്രിയ ടെലിവിഷൻ പരമ്പരകളിലും നിരവധി ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നീണ്ട അഭിനയ ജീവിതത്തിലൂടെ വലിയ പ്രതിഫലം അദ്ദേഹം സ്വന്തമാക്കിയിരുന്നു. primeworld.com റിപ്പോർട്ട് അനുസരിച്ച്, ഒരു എപ്പിസോഡിന് ഏകദേശം 60,000 രൂപയോളമാണ് അദ്ദേഹം ഈടാക്കിയിരുന്നത്. സാധക്, ബാദ്ഷാ, സോൾജിയേഴ്സ് തുടങ്ങിയ സിനിമകളിലും ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
മീഡിയ റിപ്പോർട്ടുകൾ പ്രകാരം, പങ്കജ് ധീറിന് ഏകദേശം 42 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്നു. മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിലെ വസ്തുവകകൾ, ബാങ്ക് ബാലൻസ്, നിക്ഷേപങ്ങൾ, ബിസിനസ് വരുമാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു. അഭിനയത്തിന് പുറമേ ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളിലൂടെയും അദ്ദേഹം വരുമാനം നേടി. അദ്ദേഹത്തിൻ്റെ വാർഷിക വരുമാനം 1.44 കോടി രൂപയ്ക്ക് മുകളിലായിരുന്നു എന്നും പറയപ്പെടുന്നു. സഹോദരനൊപ്പം മുംബൈയിലെ ജോഗേശ്വരിയിൽ വിജയ് സ്റ്റുഡിയോസ എന്ന പേരിൽ ഒരു റെക്കോർഡിങ്, പ്രൊഡക്ഷൻ സ്റ്റുഡിയോയും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.