ബർമിങ്ങാം: ബ്രിട്ടനിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ വംശീയ വിദ്വേഷം കലർന്നതായി പോലീസ് സ്ഥിരീകരിച്ച ആക്രമണത്തിൽ, 20 വയസ്സുള്ള ഇന്ത്യൻ വംശജയായ യുവതിയെ ബലാത്സംഗം ചെയ്തു.
വെയ്‍ൽസലിലെ പാർക്ക് ഹാൾ ഏരിയയിൽ ശനിയാഴ്ച വൈകുന്നേരം 7:15-ഓടെ തെരുവിൽ ഒരു സ്ത്രീ ദുരിതത്തിലാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. സംഭവസ്ഥലത്തെത്തിയ പോലീസ്, യുവതിക്ക് അപരിചിതനായ ഒരാളാൽ സമീപത്തെ കെട്ടിടത്തിൽ വെച്ച് അതിക്രമത്തിന് ഇരയാകേണ്ടിവന്നു എന്ന് കണ്ടെത്തുകയായിരുന്നു.
ഈ സംഭവം പ്രദേശവാസികളെ ഞെട്ടിക്കുകയും, മേഖലയിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കകൾക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം
സംശയിക്കപ്പെടുന്നയാൾ വെളുത്ത വർഗ്ഗക്കാരനും, 30-കളിൽ പ്രായമുള്ള,മുടി കുറ്റിയായി വെട്ടിയ , പ്രതി കറുത്ത വാർസ്ത്രമാണ് ധരിച്ചിരുന്നത് എന്ന് സിസി ടി വി ദൃശ്യത്തിൽ നിന്ന് വ്യക്തമാക്കുന്നതായി പോലീസ് പറഞ്ഞു . വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിടുകയും, ഇയാളെ തിരിച്ചറിയാൻ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ എത്രയും പെട്ടെന്ന് പോലീസുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ഇതൊരു വംശീയ അതിക്രമമായി (Racially Aggravated) കണക്കാക്കുന്നുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. അതിക്രമം നടന്ന രാത്രി മുതൽ തെളിവുകൾ ശേഖരിക്കുന്നതിനും, വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനും, സാക്ഷികളുമായി സംസാരിക്കുന്നതിനും പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ട്. എത്രയും വേഗം പ്രതിയെ കണ്ടെത്താനും കസ്റ്റഡിയിലെടുക്കാനുമാണ് തങ്ങളുടെ പ്രഥമ പരിഗണന എന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഉദ്യോഗസ്ഥരുടെ പ്രതികരണം
"ഒരു യുവതിക്കെതിരെ നടന്ന അത്യന്തം നിന്ദ്യമായ ആക്രമണമാണിത്," എന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് റോനൻ ടൈറർ അഭിപ്രായപ്പെട്ടു. പ്രതിയെ ഉടൻ പിടികൂടാൻ അന്വേഷണ ഉദ്യോഗസ്ഥർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.
"പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനായി തെളിവുകൾ ശേഖരിച്ച് പ്രൊഫൈൽ തയ്യാറാക്കുന്നതിൽ ഞങ്ങളുടെ സംഘങ്ങൾ വ്യാപൃതരാണ്. എന്നാൽ, അതെ സമയം പ്രദേശത്ത് സംശയാസ്പദമായി കാണുന്ന ആരെയെങ്കിലും കണ്ടാൽ ഞങ്ങളെ അറിയിക്കണം. നിങ്ങളുടെ ഡാഷ്ക്യാം ദൃശ്യങ്ങളോ, അല്ലെങ്കിൽ പോലീസ് ഇതുവരെ ശേഖരിക്കാത്ത സി.സി.ടി.വി. ദൃശ്യങ്ങളോ ഉണ്ടായിരിക്കാം. നിങ്ങളുടെ വിവരങ്ങൾ ഈ കേസിൽ നിർണ്ണായകമായ വഴിത്തിരിവായേക്കാം," ടൈറർ പൊതുജനങ്ങളോട് സഹായം അഭ്യർത്ഥിച്ചു.
ആവർത്തിക്കുന്ന അതിക്രമങ്ങൾ ആശങ്ക വർദ്ധിപ്പിക്കുന്നു
പോലീസ് വംശീയ അതിക്രമമായി വർഗ്ഗീകരിച്ച മറ്റൊരു കേസിൽ, ഏതാനും ആഴ്ചകൾക്ക് മുമ്പ് ഓൾഡ്ബറിയിലെ ടേം റോഡിലുള്ള പുൽമേട്ടിൽ വെച്ച് ഒരു സിഖ് യുവതിയും സമാനമായ അതിക്രമത്തിന് ഇരയായിരുന്നു.
വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കുന്നത് പ്രദേശവാസികളിലും നിയമപാലകരിലും ഒരുപോലെ ഗുരുതരമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത അധികൃതർ ആവർത്തിച്ച് പ്രഖ്യാപിക്കുകയും, പൊതുജനം ജാഗ്രതയോടെയിരിക്കാനും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കാനും ആവശ്യപ്പെടുകയും ചെയ്തു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.