കാബൂള്‍: കാബൂളിലെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പാകിസ്താനാണെന്ന ആരോപണത്തിന് പിന്നാലെ കനത്ത തിരിച്ചടിയുമായി അഫ്ഗാനിലെ താലിബാന് ഭരണകൂടം. ബെഹ്രാംപുര്‍ ജില്ലയിലെ അതിര്‍ത്തിമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ 58 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി താലിബാന് വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.
30-ലേറെ പാക് സൈനികര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ആക്രമണത്തിനും ഉത്തരംകിട്ടാതെ പോകില്ലെന്നും താലിബാന് പാകിസ്താന് മുന്നറിയിപ്പ് നല്കുകയുംചെയ്തു. ഏറ്റുമുട്ടലില്‍ 20 അഫ്ഗാന് സൈനികരും കൊല്ലപ്പെട്ടെന്നും താലിബാന് വക്താവ് അറിയിച്ചു. സ്വന്തം മണ്ണിലെ ഐഎസ് സാന്നിധ്യത്തിന് നേരേ പാകിസ്താന് കണ്ണടച്ചു. അഫ്ഗാനിസ്താന് ഞങ്ങളുടെ കര, വ്യോമ അതിര്‍ത്തികള്‍ സംരക്ഷിക്കാനുള്ള അവകാശമുണ്ട്. അതിനാല്‍ ഒരു ആക്രമണത്തിനും മറുപടി നല്കാതിരിക്കില്ല.പാകിസ്താന് അവരുടെ രാജ്യത്ത് ഒളിച്ചിരിക്കുന്ന ഐഎസ് അംഗങ്ങളെ പുറത്താക്കുകയോ ഇസ്ലാമിക് എമിറേറ്റിന് കൈമാറുകയോ ചെയ്യണം. അഫ്ഗാനിസ്താന് ഉള്‍പ്പെടെ ലോകത്തെ പലരാജ്യങ്ങള്‍ക്കും ഐഎസ് ഒരു ഭീഷണിയാണ്', സബീഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാനിസ്താനിലുണ്ടായിരുന്ന ഐഎസ് ഭീകരരെ നേരത്തേ രാജ്യത്തുനിന്ന് പുറത്താക്കിയിരുന്നതായി താലിബാന് വക്താവ് പറഞ്ഞു. എന്നാല്‍, പഷ്തൂണ്‍ഖവായില്‍ അവര്‍ പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. കറാച്ചി, ഇസ്ലാമാബാദ് വിമാനത്താവളങ്ങള്‍ വഴി ഈ കേന്ദ്രങ്ങളിലേക്ക് ആളുകളെ അവര്‍ പരിശീലനത്തിനായി എത്തിച്ചു.
അഫ്ഗാനിസ്താനില്‍ നടന്ന ആക്രമണങ്ങളും ഈ കേന്ദ്രങ്ങളിലാണ് ആസൂത്രണംചെയ്തതെന്നും അതിന് തെളിവുകളുണ്ടെന്നും താലിബാന് വക്താവ് പറഞ്ഞു. തങ്ങളുടെ മണ്ണിലേക്ക് അതിക്രമിച്ചുകയറുകയോ വ്യോമാതിര്‍ത്തി ലംഘിക്കുകയോ ചെയ്താല്‍ ആരായാലും കടുത്തപ്രതികരണം നേരിടേണ്ടിവരുമെന്നും ഖത്തറും സൗദി അറേബ്യയും അഭ്യര്‍ഥിച്ചതിനാലാണ് പാകിസ്താന് നേരേയുള്ള വ്യോമാക്രമണം തങ്ങള്‍ നിര്‍ത്തിയതെന്നും സബീഹുള്ള മുജാഹിദ് വ്യക്തമാക്കിവ്യാഴാഴ്ചയാണ് കാബൂളിലെ രണ്ടിടങ്ങളിലടക്കം അഫ്ഗാനിലെ മൂന്ന് കേന്ദ്രങ്ങളില്‍ സ്ഫോടനങ്ങളുണ്ടായത്. ഇതിനുപിന്നില്‍ പാകിസ്താനാണെന്നാണ് അഫ്ഗാനിലെ താലിബാന് ഭരണകൂടത്തിന്റെ ആരോപണം. പാകിസ്താന് തങ്ങളുടെ പരമാധികാരം ലംഘിച്ചതായും താലിബാന് ആരോപിച്ചിരുന്നു. എന്നാല്‍, അഫ്ഗാനിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം പാകിസ്താന് ഇതുവരെ ഏറ്റെടുത്തിട്ടില്ല. അതേസമയം, പാകിസ്താനി താലിബാനെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാകിസ്താന് അഫ്ഗാനിസ്താനോട് ആവശ്യപ്പെട്ടിരുന്നു.ഇതിനുപിന്നാലെയാണ് പാക്-അഫ്ഗാന് അതിര്‍ത്തിയിലെ വിവിധമേഖലകളില്‍ ഇരുസൈന്യങ്ങളും തമ്മില്‍ കനത്ത ഏറ്റുമുട്ടലുണ്ടായത്. ഇതിനിടെ, പാകിസ്താനി താലിബാന് എന്ന സംഘടന പാക് പോലീസ് ട്രെയിനിങ് സെന്ററില്‍ ഉള്‍പ്പെടെ ചാവേര്‍ ആക്രമണവും നടത്തി. അതിനിടെ, അഫ്ഗാന്റെ വ്യോമാക്രമണത്തെ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അപലപിച്ചു. അഫ്ഗാനിസ്താന്റെ പ്രകോപനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയിട്ടുണ്ടെന്നും അഫ്ഗാന്റെ നിരവധി സൈനികപോസ്റ്റുകള്‍ തകര്‍ത്തതായും പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു.
പാക് സേനയുടെ കനത്ത തിരിച്ചടിയാണ് അഫ്ഗാന് സേനയെ പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരാക്കിയതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താന്റെ പ്രതിരോധത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും എല്ലാ പ്രകോപനങ്ങള്‍ക്കും ശക്തമായ പ്രതികരണമുണ്ടാകുമെന്നും പാക് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.