കോഴിക്കോട്: ഏറെ ചർച്ചകൾക്കും അനിശ്ചിതത്വത്തിനും ഒടുവിൽ പുറത്തുവന്ന കെ.പി.സി.സിയുടെ ജംബോ ഭാരവാഹി പട്ടികക്കെതിരെ കോൺഗ്രസിൽ പൊട്ടിത്തെറി. ഭാരവാഹി പട്ടികയിൽ ഇടംപിടിക്കാതെ പോയ എ.ഐ.സി.സി വക്താവ് ഡോ. ഷമ മുഹമ്മദ് ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചിട്ടുള്ളത്. 'കഴിവ് ഒരു മാനദണ്ഡമാണോ!' എന്ന് ഷമ മുഹമ്മദ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ മുറുമുറുപ്പുകൾ ഒഴിവാക്കി സംഘടനാ സംവിധാനം സുഗമമാക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ നീക്കമാണ് കെ.പി.സി.സിയുടെ ജംബോ പട്ടിക വെളിവാക്കുന്നത്. യൂത്ത് കോൺഗ്രസ് ഭാരവാഹിപട്ടികയിലെ അസ്വസ്ഥതകൾ കെ.പി.സി.സി പട്ടികയോടെ ഒരുപരിധിവരെ കെട്ടടങ്ങുമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇതിനിടെയാണ് ഷമ മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ച് ഷമ മുഹമ്മദ് രംഗത്തെത്തിയിരുന്നു. സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കില്‍ ആലത്തൂരില്‍ രമ്യ ഹരിദാസിനെയും തഴയുമായിരുന്നുവെന്നാണ് ഷമ അന്ന് പ്രതികരിച്ചത്. കേരളത്തിലെ 51 ശതമാനം സ്ത്രീകളാണ്. 96 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ്. സ്ത്രീകൾ മുന്നോട്ടു വരണമെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുടെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
10 വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 ശതമാനം മുഖ്യമന്ത്രിമാർ സ്ത്രീകളായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സ്ത്രീകൾ സദസിൽ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണം. സ്ത്രീകൾക്ക് പ്രാതിനിധ്യം കൊടുക്കണമെന്ന് ഷമ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു വനിതാ സ്ഥാനാർഥികളുണ്ടായിരുന്നു. എന്നാൽ വനിതാ ബിൽ പാസായതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ ഒരു വനിതാ സ്ഥാനാർഥി മാത്രമാണുള്ളത്. അതാണ് ഏറ്റവും സങ്കടം. ഇതു പരാതിയല്ല, അപേക്ഷയാണ്. സ്ഥാനാർഥിപട്ടികയിൽ വനിതാ പ്രാതിനിധ്യം വേണം. സ്ത്രീകളുടെ വോട്ട് ഇപ്പോൾ മറ്റു പാർട്ടികൾക്കാണ് പോകുന്നത്. അതു തിരിച്ചു കൊണ്ടുവരണമെങ്കിൽ വനിതാ സ്ഥാനാർഥികൾ തന്നെ വേണം. തോൽക്കുന്ന സീറ്റല്ല കൊടുക്കേണ്ടതെന്നും ഷമാ മുഹമ്മദ് പറഞ്ഞിരുന്നു.
13 വൈസ് പ്രസിഡന്റുമാരും 45 ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന കെ.പി.സി.സിയുടെ ജംബോ പട്ടികയാണ് പുറത്തുവന്നത്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിലേക്ക് ആറ് അംഗങ്ങളെകൂടി ഉൾപ്പെടുത്തി. ട്രഷററെയും പ്രഖ്യാപിച്ചു. ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ജനറൽ സെക്രട്ടറിയാക്കി. സംഘടന ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നാണ് എം. ലിജു വൈസ് പ്രസിഡന്റായത്. ഫോൺ സംഭാഷണ വിവാദത്തെത്തുടർന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് കസേര നഷ്ടപ്പെട്ടയാളാണ് വൈസ് പ്രസിഡന്റ് പട്ടികയിലുള്ള പാലോടി രവി.
ടി. ശരത്ചന്ദ്രപ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം. ലിജു, എ.എ. ഷുക്കൂർ, എം. വിൻസെന്റ്, റോയി കെ. പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. വി.എ. നാരായണനാണ് ട്രഷറർ. രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, സി.പി. മുഹമ്മദ്, എ.കെ. മണി എന്നിവരെ രാഷ്ട്രീയകാര്യ സമിതിയിൽ പുതുതായി ഉൾപ്പെടുത്തി.നേരത്തേ അഞ്ച് വൈസ് പ്രസിഡന്റുമാരാണ് ഉണ്ടായിരുന്നത്. പുതിയ പട്ടികപ്രകാരം ഇത് 13 ആകും. നേരത്തേയുള്ള ധാരണ അനുസരിച്ച് ഒരു ജനറൽ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാർ എന്നതാണ് കീഴ്വഴക്കം. അങ്ങനെയെങ്കിൽ 58 ജനറൽ സെക്രട്ടറിമാരുള്ള സാഹചര്യത്തിൽ സെക്രട്ടറിമാരുടെ എണ്ണം 116 ആകും. രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങളുടെ എണ്ണത്തിലും വർധനയാണ്. അതേസമയം, എല്ലാ ഗ്രൂപ്പുകൾക്കും മതിയായ പരിഗണന നൽകിയെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഡി.സി.സി പുനഃസംഘടന തൽക്കാലത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.