പ്രവാസികൾക്ക് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള റജിസ്ട്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കുമെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർമാൻ തുഹീൻ കാന്ത പാണ്ഡെ. റജിസ്ട്രേഷന്റെ ഭാഗമായുള്ള നോ-യുവർ-കസ്റ്റമർ (കെവൈസി) വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കാൻ ഇന്ത്യയിൽ നേരിട്ട് എത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്
റിസർവ് ബാങ്ക്, യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) എന്നിവയുമായി സഹകരിച്ച് പ്രവാസികൾക്കായി വിഡിയോ കെവൈസി അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്ഇയുടെ കണക്കുപ്രകാരം ഇന്ത്യയിൽ 11 കോടി സജീവ നിക്ഷേപകരുണ്ട്. 3.5 കോടിയാണ് പ്രവാസി ജനസംഖ്യയെങ്കിലും ഇവരിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം ഇപ്പോൾ നാമമാത്രമാണ്.ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമാണ് ഇന്ത്യ. 135 ബില്യൻ ഡോളറാണ് (11.5 ലക്ഷം കോടി രൂപ) കഴിഞ്ഞ സാമ്പത്തികവർഷം (2024-25) എത്തിയത്. റജിസ്ട്രേഷൻ നടപടികൾ ലളിതമാക്കിയാൽ ഓഹരി വിപണിയിൽ പ്രവാസികളുടെ പങ്കാളിത്തവും പണമൊഴുക്കും കൂടുമെന്നാണ് പ്രതീക്ഷ. വിദേശ പോർട്ഫോളിയോ നിക്ഷേപകർക്കുള്ള (എഫ്പിഐ) റജിസ്ട്രേഷൻ നടപടികൾക്കായി ലളിതമായ നടപടിക്രമങ്ങളുള്ള ഏകജാലക പോർട്ടൽ അവതരിപ്പിക്കുമെന്നും തുഹീൻ കാന്ത പാണ്ഡെ പറഞ്ഞു.
ഓഹരി ബ്രോക്കറേജുകൾക്കുള്ള ചട്ടങ്ങൾ ഡിസംബറോടെ പരിഷ്കരിക്കുമെന്ന് തുഹീൻ കാന്ത പാണ്ഡെ പറഞ്ഞു. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ ഇടപാടുകൾ ദിനംപ്രതി ഓഹരി വിപണിയിൽ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, സൈബർ സുരക്ഷ കൂടുതൽ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.പമ്പ് ആൻഡ് ഡമ്പ് തട്ടിപ്പുകളും ചെറുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓഹരിവില കൂടുമെന്ന് തെറ്റായിപ്രചരിപ്പിക്കുകയും അതുവഴി അനധികൃതലാഭം നേടുകയും ചെയ്യുന്ന തട്ടിപ്പാണ് പമ്പ് ആൻഡ് ഡമ്പ്. നിസ്സാര വിലയുള്ള ഓഹരികളിലാണ് (പെന്നി സ്റ്റോക്സ്) ഈ തട്ടിപ്പ് കൂടുതലായും നടക്കാറുള്ളത്.
ഓഹരി ‘കടംകൊടുക്കൽ’ ഓഹരി ലെൻഡിങ് ആൻഡ് ബോറോവിങ് സംവിധാനത്തിന്റെ (എസ്എൽബിഎം) ചട്ടക്കൂടുകൾ പുനഃപരിശോധിക്കുമെന്നും സെബി ചെയർമാൻ പറഞ്ഞു. ഓഹരിയുടെ ഉടമസ്ഥാവകാശം, ലാഭവിഹിതം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ എന്നിവ നിലനിർത്തിതന്നെ, ഓഹരികൾ കടംകൊടുക്കാൻ നിലവിൽ സൗകര്യങ്ങളുണ്ട്ഇത്തരം ഓഹരികൾ കടംവാങ്ങിയശേഷം വിൽക്കാനും പിന്നീട് ഓഹരിവില താഴുമ്പോൾ തിരികെവാങ്ങി യഥാർഥ ഉടമയ്ക്ക് തിരിച്ചുനൽകി ലാഭമെടുക്കാനും കഴിയുന്നതുമാണ് എസ്എൽബിഎം സംവിധാനം. യഥാർഥ ഉടമയ്ക്ക് ലാഭവിഹിതത്തിന് പുറമേ, ഓഹരിവില വർധിക്കുന്നതിലുള്ള നേട്ടം, കടംകൊടുത്തതു വഴിയുള്ള കമ്മിഷൻ എന്നിവയും സ്വന്തമാക്കാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.