വാഷിങ്ടൺ: ഗസ്സയിലെ യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മിഡിൽ ഈസ്റ്റ് സന്ദർശനത്തിന് പോകുന്നതിന് മുമ്പായി എയർഫോഴ്സ് വണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപിന്റെ പരാമർശം. യുദ്ധം അവസാനിച്ചു. അത് നിങ്ങൾക്ക് മനസിലായിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ഈ മിഡിൽ ഈസ്റ്റ് യാത്ര വളരെ പ്രത്യേകതകളുള്ളതാണ്. ഈയൊരു നിമിഷത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. വെടിനിർത്തൽ കരാർ ഗസ്സയിൽ തുടരുമെന്ന് തന്നെയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ട്രംപ് നാളെ നാല് മണിക്കൂർ ഇസ്രായേലിൽ; പാർലമെന്റിൽ പ്രസംഗിക്കും തെൽഅവീവ്: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച രാവിലെ ഇസ്രായേലിൽ എത്തും. നാലുമണിക്കൂർ ഇസ്രായേലിൽ ചിലവഴിക്കുന്ന അദ്ദേഹം ഇസ്രായേൽ പാർലമെന്റായ കെനേസത്തിൽ പ്രസംഗിക്കുംരാവിലെ 9.20 ന് ഇസ്രായേലിൽ ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്ന ട്രംപ്, ഉച്ച ഒരുമണിക്ക് ഈജിപ്തിലേക്ക് സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകും. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ കെനേസത്തിലെ ഓഫിസിൽ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തും. തുടർന്ന് ഇരു നേതാക്കളും ചാഗൽ ഹാളിൽ ബന്ദികളുടെ കുടുംബങ്ങളുമായി സംസാരിക്കും. 2017ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആദ്യ അന്താരാഷ്ട്ര യാത്രയിൽ തന്നെ ട്രംപ് ഇസ്രായേൽ സന്ദർശിച്ചിരുന്നു. ഇത്തവണ വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ഇസ്രായേൽ സന്ദർശനമാണിത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം പൂർണമായും നിലക്കുകയും സൈനിക പിന്മാറ്റം ആരംഭിക്കുകയും ചെയ്തതിന് പിന്നാലെയാണ് തിങ്കളാഴ്ച ഈജിപ്ത് ചെങ്കടൽ തീരത്തെ ശറമുശ്ശൈഖിൽ അന്താരാഷ്ട്ര ഗസ്സ സമാധാന ഉച്ചകോടി നടക്കുന്നത്.നേരത്തെ, മൂന്ന് നാൾ നീണ്ട ഇസ്രായേൽ-ഹമാസ് ചർച്ചക്കുശേഷം വ്യാഴാഴ്ചയാണ് ഒന്നാം ഘട്ട കരാറിന് അംഗീകാരമായതും വെടിനിർത്തൽ പ്രഖ്യാപിച്ചതും. ഒന്നാംഘട്ട കരാറിലെ മറ്റു വ്യവസ്ഥകളിൽ നടപടിക്രമങ്ങൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ രണ്ടാം ഘട്ട ചർച്ച ഉടൻ ആരംഭിക്കുമെന്നും പലകാര്യങ്ങളിലും ഇതിനകം തന്നെ സമവായമായിട്ടുണ്ടെന്നും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. നാളെ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയിൽ ഇതുസംബന്ധിച്ച് ധാരണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.ട്രംപിന് പുറമെ ഇറ്റാലിയുടെയും സ്പെയിനിന്റെയും പ്രധാനമന്ത്രിമാർ ഉൾപ്പെടെ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജോർഡൻ, തുർക്കി, യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, പാകിസ്താൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ഉച്ചേകാടിക്കെത്തുന്നുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല. ട്രംപ് അടുത്ത ദിവസം ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യും. ഹമാസ് തടവിലാക്കിയ ഇസ്രായേൽ പൗരന്മാരെ തിങ്കളാഴ്ച മോചിപ്പിക്കും. തൊട്ടടുത്ത ദിവസം, ഇസ്രായേൽ തടവറയിലുള്ള ഹമാസിന്റെയും ഫതഹിന്റെയും നേതാക്കളടക്കം 250 പേരും മോചിതരാകും..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.