തിരുവനന്തപുരം : ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട കേസിൽ ഒപ്പം താമസിച്ച ലോഡ്ജ് ജീവനക്കാരനെ കോഴിക്കോട്ടുനിന്ന് അറസ്റ്റുചെയ്തു. ലോഡ്ജിലെ റിസപ്ഷനിസ്റ്റായി ജോലിചെയ്തിരുന്ന ആലപ്പുഴ കാർത്തികപ്പള്ളി ദേവികുളങ്ങര പുതുപ്പള്ളി സൗത്ത് സിഎംഎസ് സ്കൂളിനു സമീപം ജെബി കോട്ടേജിൽ ജോബിൻ ജോർജ്ജ്(റോയ്-32) ആണ് അറസ്റ്റിലായത്.
കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കര പാണ്ടികയിൽ അസ്മിന(38)യാണ് മൂന്നുമുക്കിലെ ഗ്രീൻ ഇൻ ലോഡ്ജിൽ ചൊവ്വാഴ്ച രാത്രിയിൽ കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം ഒളിവിൽപ്പോയ ജോബിൻ ജോർജ്ജിനെ വ്യാഴാഴ്ച കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്.മൂന്നു മാസം മുൻപാണ് അസ്മിനയും ജോബിൻ ജോർജും തമ്മിൽ പരിചയപ്പെടുന്നത്. മാവേലിക്കരയിൽ ജോബിൻ ജോർജ്ജ് ജോലിചെയ്തിരുന്ന ലോഡ്ജിലെ പാചകക്കാരിയായിരുന്നു അസ്മിന. മുൻപ് രണ്ട് വിവാഹം കഴിച്ചിട്ടുള്ള അസ്മിന, രണ്ടാമത്തെ വിവാഹബന്ധത്തിൽനിന്നു വിട്ടുനിൽക്കുന്ന സമയത്താണ് ജോബിൻ ജോർജ്ജുമായി പരിചയത്തിലായത്.
പിന്നീട് ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ജോബിൻ ജോർജ് ഒരു വിവാഹം കഴിക്കുകയും ആ ബന്ധം വേർപെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് മറ്റൊരു യുവതിയെ വിവാഹംചെയ്തെങ്കിലും രജിസ്റ്റർ ചെയ്തിരുന്നില്ല. ആ സ്ത്രീയെയും അവരുടെ പിതാവിനെയും ആക്രമിച്ച കേസിൽ ഇയാൾ ശിക്ഷിക്കപ്പെട്ട് ഒന്നര മാസത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. അതിനു ശേഷമാണ് മാവേലിക്കരയിലെ ലോഡ്ജിൽ ജീവനക്കാരനാകുന്നതും അസ്മിനയുമായി അടുപ്പത്തിലാകുന്നതും. അസ്മിനയുടെ തലയ്ക്കടിച്ചു വീഴ്ത്തി ഒരുമിച്ചു താമസിക്കുന്നതിനിടെ ഇവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങളും വഴക്കും തല്ലുമുണ്ടായി.
ഇതു പതിവായതോടെ ലോഡ്ജിലെ ജോലി നഷ്ടമായി. അസ്മിന തന്റെ രണ്ടാമത്തെ ബന്ധത്തിലെ കുഞ്ഞിനെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു വഴക്ക്. ലോഡ്ജിലെ ജോലി നഷ്ടപ്പെട്ടതോടെ രണ്ടുപേരും പിരിഞ്ഞിരുന്നു. ജോബിൻ ജോർജ് അഞ്ചു ദിവസം മുൻപാണ് ഗ്രീൻ ഇൻ ലോഡ്ജിൽ ജോലിക്കുകയറിയത്. ഈ വിവരം മനസ്സിലാക്കിയ അസ്മിന, ചൊവ്വാഴ്ച രാത്രി എട്ടരയോടെ ഇയാളെ അന്വേഷിച്ച് ലോഡ്ജിലെത്തി. തന്റെ ഭാര്യയാണെന്നു പറഞ്ഞ് ഇയാൾ അസ്മിനയെ മറ്റുള്ളവർക്കു പരിചയപ്പെടുത്തുകയും തന്റെ മുറിയിൽ താമസിപ്പിക്കുകയും ചെയ്തു.
രാത്രി ഒന്നരയോടെ ജോബിൻ ജോർജ്.മുറിയിലെത്തുകയും ഇരുവരും ഒരുമിച്ചിരുന്നു മദ്യപിക്കുകയും ചെയ്തു. തുടർന്ന് അസ്മിന കുഞ്ഞിനെ കാണാൻ പോകുന്നതിനെച്ചൊല്ലി വീണ്ടും വഴക്കായി. മദ്യക്കുപ്പികൊണ്ട് ജോബിൻ ജോർജ്ജ് അസ്മിനയുടെ തലയ്ക്കടിച്ചു. അടിയേറ്റ് ബോധംകെട്ടുവീണ അസ്മിനയുടെ കഴുത്തിൽ ജോബിൻ ജോർജ് തുണി മുറുക്കി കൊലപ്പെടുത്തി. അതിനുശേഷം ബുധനാഴ്ച പുലർച്ചെ നാലരയോടെ മുറി പൂട്ടി പുറത്തിറങ്ങി. അസ്മിനയുടെ മൊബൈൽഫോണുൾപ്പെടെ എടുത്താണ് ഇയാൾ പുറത്തുപോയത്.
ബുധനാഴ്ച രാവിലെ രണ്ടാളെയും പുറത്തുകാണാതെവന്നതോടെ മറ്റു ജീവനക്കാർ മുറി തുറന്നു നോക്കിയപ്പോഴാണ് അസ്മിന മരിച്ചുകിടക്കുന്നതു കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്തത് കോഴിക്കോട് നിന്ന് ലോഡ്ജിൽനിന്നു രക്ഷപ്പെട്ട ജോബിൻ ജോർജ് ബസിൽ കായംകുളത്തെത്തിയതായും തുടർന്ന് അവിടെനിന്ന് റെയിൽവേ സ്റ്റേഷനിലെത്തി മംഗലാപുരം ഭാഗത്തേക്കുള്ള വണ്ടിയിൽ കയറിയതായും വിവരം ലഭിച്ചു.
വിവരം റെയിൽവേ പോലീസിനും മറ്റ് പോലീസ് സ്റ്റേഷനുകൾക്കും കൈമാറിയശേഷം പോലീസ് സംഘം വാഹനത്തിൽ പിന്തുടർന്നു. കോഴിക്കോട്ടെത്തിയ ജോബിൻ ജോർജിനെ റെയിൽവേ പോലീസിന്റെയും കോഴിക്കോട് സിറ്റി സ്ക്വാഡിന്റെയും സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ്.മഞ്ജുലാലിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജെ.അജയൻ, എസ്‌ഐമാരായ എം.എസ്.ജിഷ്ണു, പ്രദീപ്, എഎസ്‌ഐമാരായ പ്രദീപ്, ബൈജു, സിപിഒ വിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
കൊലപാതകത്തിനു ശേഷം പ്രതി ഉപേക്ഷിച്ചുപോയ വസ്തുക്കൾ.കണ്ടെത്താൻവേണ്ടിയുള്ള തെളിവെടുപ്പുകൾ വ്യാഴാഴ്ച പോലീസ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസ്മിനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പരിശോധനകൾക്കുശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് ബന്ധുക്കൾക്കു കൈമാറി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.