തിരുവനന്തപുരം: 'എന്ത് സിപിഐ' എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞപ്പോള്‍ ഇത്രത്തോളം അവഗണനയും അവഹേളനവും സിപിഐ നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല.
ഗോവിന്ദന്റെ പരാമര്‍ശത്തിനു പിന്നാലെ കേന്ദ്രപദ്ധതിയായ പിഎം ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പുവയ്ക്കുക കൂടി ചെയ്തതോടെ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ് സിപിഐയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും. സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് ശക്തമായ എതിര്‍പ്പ് അറിയിക്കും, മുഖ്യമന്ത്രിയെ നേരിട്ടു കണ്ട് വിയോജിപ്പ് അറിയിക്കും എന്നൊക്കെ നേതൃത്വം വ്യക്തമാക്കുമ്പോഴും ഏതറ്റം വരെ പോകാന്‍ കഴിയുമെന്ന ആശയക്കുഴപ്പം നേതൃത്വത്തിനുണ്ട്.തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും അടുത്തിരിക്കുന്ന ഘട്ടത്തില്‍ മുന്നണിയില്‍ തന്നെ ഒരു പരിഗണനയുമില്ലാത്ത പാര്‍ട്ടിയായി വോട്ടര്‍മാരെ നേരിടേണ്ടി വരുന്നത് വലിയ തോതില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും നേതാക്കള്‍ക്കുണ്ട്. 'പിഎം ശ്രീയില്‍ ഒപ്പിട്ടുവെന്ന വാര്‍ത്ത സത്യമാണെങ്കില്‍' എന്ന ബിനോയ് വിശ്വത്തിന്റെ ആദ്യ പ്രതികരണം തന്നെ സര്‍ക്കാര്‍ നടപടി എത്രത്തോളം സിപിഐയെ ഞെട്ടിച്ചുവെന്നതിന്റെ നേര്‍സാക്ഷ്യമായി മാറി.
സിപിഐയെ അവഗണിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി നല്കിയ ഉറപ്പു പോലും പാലിക്കപ്പെടാതെ വന്ന സാഹചര്യത്തില്‍ പറഞ്ഞു പറ്റിച്ചതിന്റെ കടുത്ത അതൃപ്തിയാണ് പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത്. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് ഇടതു മുന്നണി കണ്‍വീനറും സിപിഎം ജനറല്‍ സെക്രട്ടറിയും നല്കിയ ഉറപ്പില്‍ വിശ്വസിച്ച് സിപിഐ മുന്നോട്ടു പോകുമ്പോഴും പിഎം ശ്രീയിൽ ഒപ്പിടാനുള്ള തിരക്കിട്ട ചര്‍ച്ചകളാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടത്തിക്കൊണ്ടിരുന്നത്.
കഴിഞ്ഞ രണ്ടു ദിവസമായി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘം ഡല്‍ഹിയില്‍ തമ്പടിച്ച് കേന്ദ്ര ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യം സര്‍ക്കാരും സിപിഎമ്മും സിപിഐയില്‍നിന്നു പൂര്‍ണമായി ഒളിച്ചുവച്ചു. പിഎം ശ്രീയും ദേശീയ വിദ്യാഭ്യാസനയവും നടപ്പാക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല എന്ന് സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടെ ഉറപ്പിച്ചു വ്യക്തമാക്കിയ പാര്‍ട്ടി സംസ്ഥാന നേതൃത്വമാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്.
തൃശൂര്‍ പൂരം കലക്കല്‍, എഡിജിപി എം.ആര്.അജിത് കുമാര്‍ വിവാദം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി സിപിഎമ്മിന് അടിയറവ് പറഞ്ഞുവെന്ന അണികളുടെ വിമര്‍ശനത്തിനു മറുപടിയായി നേതൃത്വം പറഞ്ഞിരുന്നത് പിഎം ശ്രീയിലെടുത്ത കടുത്ത നിലപാടാണ്. എന്നാല്‍ പിഎം ശ്രീയില്‍ കൂടി സര്‍ക്കാര്‍ ഒപ്പുവച്ചതോടെ എല്ലാ പ്രതിരോധവും തകര്‍ന്നടിഞ്ഞ് ഉത്തരംമുട്ടുന്ന നിലയിലാണ് സംസ്ഥാന നേതൃത്വം.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാതെ തന്നെ പിഎം ശ്രീയില്‍ ഒപ്പിട്ട് ഫണ്ട് നേടിയെടുക്കാന്‍ കഴിയുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെയും സര്‍ക്കാരിന്റെയും വാദം ഒരു ഘട്ടത്തിലും സിപിഐ മുഖവിലയ്ക്ക് എടുത്തിട്ടില്ല. പദ്ധതിയില്‍ ഒപ്പുവയ്ക്കുന്നതോടെ ധാരണാപത്രം അനുസരിച്ച് 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) സംസ്ഥാനത്തു പൂര്‍ണതോതില്‍ നടപ്പാക്കേണ്ടി വരുമെന്ന് പദ്ധതിരേഖയില്‍ തന്നെ പറഞ്ഞിട്ടുണ്ട്. സംസ്ഥാനവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ധാരണാപത്രത്തിന്റെ ആദ്യ ഉപാധിയായി പറയുന്നതു തന്നെ ദേശീയ വിദ്യാഭ്യാസ നയത്തിലെ മുഴുവന്‍ നിബന്ധനകളും നടപ്പാക്കണമെന്നാണ്. വ്യവസ്ഥകള്‍ ഭാഗികമായി നടപ്പാക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് എത്രത്തോളം പ്രായോഗികമാണെന്ന സംശയമാണ് സിപിഐ ഉന്നയിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനെതിരെ ഇടതുപാര്‍ട്ടികള്‍ ദേശീയതലത്തില്‍ നടത്തുന്ന പ്രതിഷേധങ്ങളെയും നീക്കങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് അനുവദിക്കില്ലെന്നുമാണ് സിപിഐ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കിട്ടാനുള്ള കേന്ദ്രഫണ്ടിനു മുന്നില്‍ നിലപാടുകള്‍ അടിയറവ് വച്ച് സിപിഎമ്മും സര്‍ക്കാരും മുന്നോട്ടു പോകുമ്പോള്‍ എത്രത്തോളം പ്രതിരോധിക്കാന്‍ സിപിഐക്കു കഴിയുമെന്ന ചോദ്യത്തിനാണ് ഉത്തരം ലഭിക്കേണ്ടത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.