കോട്ടയം: ഒന്നര മാസത്തോളം നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷിനെ ദേശീയ നേതൃത്വം നിയമിക്കുന്നത്.
തിരഞ്ഞെടുപ്പുകൾ അടുത്തുനിൽക്കെ അധ്യക്ഷ പ്രഖ്യാപനത്തിനു പിന്നാലെയുള്ള പൊട്ടിത്തെറി ഒഴിവാക്കാനാണ് മറ്റുള്ള നിയമനങ്ങൾ. ഇതോടെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റായി. കെ.എം. അഭിജിത്തും അബിൻ വർക്കിയും ദേശീയ സെക്രട്ടറിമാരുമായി. അധ്യക്ഷൻ പാതിവഴിയിൽ രാജിവയ്ക്കുന്നതും പുതിയ അധ്യക്ഷ നിയമനത്തിൽ സംസ്ഥാന - ദേശീയ തലത്തിൽ ഇത്തരമൊരു ഫോർമുല പരീക്ഷിക്കുന്നതും യൂത്ത് കോൺഗ്രസ് ചരിത്രത്തിൽ ആദ്യമായാണ്.ഒന്നര പതിറ്റാണ്ടിനു ശേഷമാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിനു നഷ്ടപ്പെടുന്നത്. യൂത്ത് കോൺഗ്രസിൽ ആദ്യമായാണ് വർക്കിങ് പ്രസിഡന്റ് പദവി നടപ്പിലാക്കുന്നത്. ദേശീയ സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് സ്ഥാനങ്ങൾക്കൊപ്പം നിയമസഭാ സീറ്റു കൂടിയാണ് അധ്യക്ഷ പദം ലഭിക്കാത്തവർക്ക് അനൗദ്യോഗികമായി ലഭിച്ച ഉറപ്പ്.
ബിനു ചുള്ളിയിൽ, ഒ.ജെ ജനീഷ് എന്നിവരുടെ പേരുകള്‍ ദേശീയ തലത്തിൽ പരിഗണിച്ചപ്പോഴും അബിൻ വര്‍ക്കിയെ പ്രസിഡന്‍റാക്കണമെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. ദേശീയ സെക്രട്ടറിയായി രണ്ടു മാസം മുൻപു നിയമിതനായ ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കും എന്നായിരുന്നു കഴിഞ്ഞ ആഴ്ച വരെയും അഭ്യൂഹം. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാൽ ബിനുവിനെ അധ്യക്ഷനാക്കാനാകില്ലന്നായിരുന്നു അബിൻ അനുകൂലികളുടെ നിലപാട്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ച അബിൻ വര്‍ക്കിയെ പ്രസിഡന്‍റാക്കുകയെന്നതാണ് സ്വാഭാവിക നീതിയെന്നായിരുന്നു വാദം.
ഇല്ലെങ്കിൽ സംഘടനയിൽ കൂട്ടരാജിയും പ്രശ്നങ്ങളുമുണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. കെ.എം. അഭിജിത്തിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം എ ഗ്രൂപ്പിൽ ശക്തമായിരുന്നു. പക്ഷേ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെന്നത് ന്യൂനതയായി. ഒടുവിൽ അഭിജിത്തിനെ ദേശീയ സെക്രട്ടറിയാക്കി. അബിന്റെ അത്രയും വോട്ട് പിടിച്ചില്ലെങ്കിലും അധ്യക്ഷ സ്ഥാനത്തേക്കാണ് ജനീഷും മത്സരിച്ചത്. ഇതോടെയാണ് സംഘടന തിരഞ്ഞെടുപ്പിൽ മത്സരിച്ച ജനീഷിനു നറുക്കുവീണത്.
കെ.സി. വേണുഗോപാലുമായുള്ള അടുപ്പവും സഹായമായി. പാർട്ടി പിന്നാക്കം നിൽക്കുന്ന, ബിജെപിക്ക് വേരോട്ടമുള്ള തൃശൂരിൽ നിന്ന് ഒരു നേതാവ് വരട്ടെയെന്നും നേതൃത്വം ചിന്തിച്ചു. ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കവും ചില കേന്ദ്രങ്ങൾ നടത്തിയിരുന്നു. തൃശൂര്‍ സ്വദേശിയായ ജനീഷ് കെഎസ്‍യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പെരുമ്പാവൂര്‍ പോളിടെക്നിക്കിലെ കെഎസ്‍യു യൂണിറ്റ് പ്രസിഡന്‍റായിരുന്നു.
2007ൽ കെഎസ്‍യു മാള നിയോജകമണ്ഡലം പ്രസിഡന്‍റായും 2012ൽ കെഎസ്‍യു തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റുമായി. 2017ൽ കെഎസ്‍യു തൃശൂര്‍ ജില്ലാ പ്രസിഡന്‍റായി. 2010 മുതൽ 2012വരെ യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റായിരുന്നു. 2020-23വരെ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.