മകന് ഇഡി സമന്‍സ് കിട്ടിയതായി അറിയില്ലെന്ന് മുഖ്യ മന്ത്രി.. ബേബി കാര്യങ്ങൾ അറിയാതെയാണ് സംസാരിക്കുന്നതെന്നും വിമർശനം

തിരുവനന്തപുരം: തന്റെ രാഷ്ട്രീയപ്രവര്‍ത്തനം സുതാര്യവും കളങ്കരഹിതവുമാണെന്ന് മുഖ്യമന്ത്രി. താന്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനം പൊതുവില്‍ കേരളത്തില്‍ അറിയാവുന്നകാര്യമാണ്.

അത് സുതാര്യമാണ്. കളങ്കരഹിതമാണ്. അതുകൊണ്ടാണ് കളങ്കിതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിനോട് ശാന്തമായി പ്രതികരിച്ചിട്ടുള്ളത്. 

ആ ഘട്ടത്തിലൊക്കെ താന്‍ നേരത്തേ പറഞ്ഞപോലെ ഉള്ളാലെ ചിരിച്ച് കേട്ടുനിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മകന്‍ വിവേക് കിരണിന് ഇഡിയുടെ സമന്‍സ് ലഭിച്ചെന്ന മാധ്യമവാര്‍ത്തകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മകന്‍ ജോലി, പിന്നെ വീട് എന്നരീതിയില്‍ കഴിയുന്നയാളാണെന്നും ഒരു ദുഷ്‌പേരും ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇത്തരം പ്രചരണങ്ങള്‍ കൊണ്ട് തന്നെ പ്രയാസപ്പെടുത്തി കളയാമെന്ന് ആരും കരുതേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മകന് ഇഡി സമന്‍സ് കിട്ടിയതുമായിബന്ധപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി നടത്തിയ പ്രതികരണത്തെയും മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. എം.എ. ബേബി വാര്‍ത്തകള്‍ മുഖവിലയ്ക്കെടുത്ത് പ്രതികരിച്ചതാകും, വസ്തുതകള്‍ മനസിലാക്കിയുള്ള പ്രതികരണമാകില്ലെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. മുഖ്യമന്ത്രിയുടെ മകന് അയച്ച നോട്ടീസ് ഇഡി പിന്നീട് പിന്‍വലിച്ചെന്നായിരുന്നു ഇതേക്കുറിച്ച് എം.എ. ബേബി നേരത്തേ പറഞ്ഞിരുന്നത്.

''കഴിഞ്ഞ പത്തുവര്‍ഷമായി കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനത്തിരിക്കുകയാണ്. ഈ പ്രവര്‍ത്തനത്തില്‍ തീര്‍ത്തും അഭിമാനിക്കാന്‍ വക നല്‍കുന്ന ഒട്ടേറെ കാര്യങ്ങള്‍ എനിക്കുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളും അനുവദിക്കില്ല എന്ന നിര്‍ബന്ധമാണുള്ളത്. അതുകൊണ്ടാണ് ഉന്നതതലങ്ങളിലെ അഴിമതി ഇവിടെ പൂര്‍ണമായി അവസാനിപ്പിക്കാനായത്. 

രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ചില ഏജന്‍സികളെ കൊണ്ടുവന്ന് മറ്റൊരു രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചാല്‍ അത് നാട്ടില്‍ വിലപ്പോവുമെന്നാണോ കരുതുന്നത്. അത്തരം പ്രചാരണങ്ങള്‍ നാട്ടില്‍ ഉയര്‍ത്തിക്കാട്ടുന്നതിന് നിങ്ങളുടെ സ്ഥാപനങ്ങളില്‍ ചിലതിനെ സ്വാധീനിച്ചാല്‍ ഇതെല്ലാം അട്ടിമറിക്കാന്‍ കഴിയുമെന്നാണോ കരുതുന്നത്. 

അതൊന്നും സംഭവിക്കുന്ന കാര്യമല്ല ഞാന്‍ എന്റെ പൊതുജീവിതം, കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. എനിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യം, എന്റെ കുടുംബം പൂര്‍ണമായും അതിനോടൊപ്പം നിന്നു എന്നതാണ്. എന്റെ മക്കള്‍ രണ്ടു പേരും അതേ നില സ്വീകരിച്ചുപോയിട്ടുണ്ട്. നിങ്ങളില്‍ എത്രപേര് എന്റെ മകനെ കണ്ടിട്ടുണ്ട്? അവന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകനാണല്ലോ. 

അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങള്‍. എവിടെയെങ്കിലും കണ്ടോ എന്റെ മകനെ? ഏതെങ്കിലും സ്ഥലത്തു കണ്ടോ? ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്നുപോലും അവന് അറിയുമോയെന്ന് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ഏത് അച്ഛനും മകനെക്കുറിച്ച് അഭിമാനബോധമുണ്ടാകും. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലാണ്. 

ഒരു ദുഷ്പേരും എനിക്കുണ്ടാക്കുന്ന രീതിയില്‍ എന്റെ മക്കള്‍ ആരും പ്രവര്‍ത്തിച്ചിട്ടില്ല. മകള്‍ക്ക് നേരേ പലതും ഉയര്‍ത്തിക്കൊണ്ടുവരാന്‍ നോക്കിയപ്പോള്‍ അന്ന് ഞാനതിനെ ചിരിച്ചുകൊണ്ട് നേരിട്ടില്ലേ. അത് ഏശുന്നില്ല എന്ന് കണ്ടപ്പോള്‍, മര്യാദയ്ക്ക് ജോലിചെയ്ത് അവിടെ കഴിയുന്ന ഒരാളെ, ഇവിടെ ആരാണെന്ന് പോലും പലര്‍ക്കും അറിയാത്ത ഒരാളെ, പിണറായി വിജയന് ഇങ്ങനെയൊരു മകനുണ്ട് എന്ന് ചിത്രീകരിച്ച് അയാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുകയാണ്. 

അതുകൊണ്ട് വിവാദമാകുമോ. അത് എന്നെ ബാധിക്കുമോ. മകനെ ബാധിക്കുമോ. ആ ചെറുപ്പക്കാരന്‍ മര്യാദയ്ക്കൊരു ജോലിയിലാണ് പ്രവര്‍ത്തിക്കുന്നത്. അയാളുടെ പൊതുരീതി ജോലി, പിന്നെ വീട് എന്നതാണ്. ഒരു പൊതുപ്രവര്‍ത്തനരംഗത്തും അയാളില്ല. തെറ്റായ ഒരു കാര്യത്തിനും ഇതേവരെ അയാള്‍ പോയിട്ടില്ല. ഒരു ദുഷ്പേരും എനിക്കുണ്ടാക്കിയിട്ടില്ല. ഞാന്‍ അതില്‍ അഭിമാനിക്കുകയാണ്. നല്ല അഭിമാനം എനിക്കുണ്ട്. 

ഇതൊക്കെ ഉയര്‍ത്തിക്കാട്ടി എന്നെ പ്രയാസപ്പെടുത്തിക്കളയാം എന്ന് തെറ്റിദ്ധരിക്കേണ്ട. പിന്നെ എവിടെയാണ് ഈ ഏജന്‍സിയുടെ സമന്‍സ് കൊടുത്തത്. ആരുടെ കൈയിലാണ് കൊടുത്തത്. ആര്‍ക്കാണ് അയച്ചത്. മുഖ്യമന്ത്രി എന്താണ് പ്രതികരിക്കേണ്ടത്. നിങ്ങള്‍ ഒരു കടലാസ് അയച്ചു, അതിങ്ങിട്ട് താ എന്ന് ഞാന്‍ പറയണോ. ഇവിടെ തെറ്റായ ചിത്രം വരച്ചുകാട്ടാന്‍ ശ്രമിക്കുകയാണ്. എന്നെ മറ്റൊരുതരത്തില്‍ കാണിക്കണം. സമൂഹത്തിന്റെ മുന്നില്‍ കളങ്കിതനാക്കി ചിത്രീകരിക്കാന്‍ പറ്റുമോ എന്ന് നോക്കണം. 

അങ്ങനെ ചിത്രീകരിക്കാന്‍ നോക്കിയാല്‍ കളങ്കിതനാകുമോ.ഒരു അഴിമതിയും എന്റെ ജീവിതത്തില്‍ ഉണ്ടാകില്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പുനല്‍കുന്നു. സമന്‍സ് വന്നെങ്കില്‍ ഞങ്ങള്‍ കാണേണ്ടേ. ഞങ്ങളാരും ഇഡി സമന്‍സ് കണ്ടിട്ടില്ല. മകന് കിട്ടിയതായി മകനും പറഞ്ഞിട്ടില്ല. എംഎ ബേബി വാര്‍ത്തകള്‍ മുഖവിലയ്ക്കെടുത്ത് പ്രതികരിച്ചതാകും. 

വസ്തുതകള്‍ മനസിലാക്കിയുള്ള പ്രതികരണമാകില്ല. ഒരു വലിയ ബോംബ് വരാന്‍പോകുന്നുണ്ടെന്ന് ഒരാള്‍ അടുത്ത് പറഞ്ഞിരുന്നു. പക്ഷേ, ഇത് നനഞ്ഞ പടക്കമായിപ്പോയി'’, പിണറായി വിജയൻ പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !