ലഖ്നൗ: അധ്യാപികയ്ക്ക് നേരേ ആസിഡ് ആക്രമണം നടത്തിയ കേസില്‍ യുവാവും ഇയാളുടെ ഓണ്‍ലൈന്‍ സുഹൃത്തായ യുവതിയും അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ടിഗ്രി സ്വദേശിയായ നിഷു തിവാരി(30), സുഹൃത്തായ ജാന്‍വി എന്ന അര്‍ച്ചന എന്നിവരെയാണ് പോലീസ് പിടികൂടിയത്.
സെപ്റ്റംബര്‍ 23-നാണ് ഉത്തര്‍പ്രദേശിലെ സംഭലില്വെച്ച് 22-കാരിയായ സ്കൂള്‍ അധ്യാപികയ്ക്കുനേരേ യുവാവ് ആസിഡൊഴിച്ചത്. 30 ശതമാനത്തോളം പൊള്ളലേറ്റ അധ്യാപിക ചികിത്സയിലാണ്.അര്‍ച്ചനയുടെ നിര്‍ദേശപ്രകാരമാണ് നിഷു തിവാരി അധ്യാപികയ്ക്ക് നേരേ ആസിഡ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
സംഭവദിവസം സ്കൂളില്‍നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപികയുടെ ദേഹത്തേക്ക് സ്കൂട്ടറിലെത്തിയാണ് നിഷു തിവാരി ആസിഡൊഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപികയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്ന അധ്യാപിക അപകടനില തരണംചെയ്തെന്നും പോലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി കല്യാണ്‍പുര്‍ ഗ്രാമത്തിന് സമീപത്തുവെച്ചാണ് മുഖ്യപ്രതിയായ നിഷു തിവാരിയെ പോലീസ് ഏറ്റുമുട്ടലില്‍ കീഴ്പ്പെടുത്തിയത്. കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ യുവാവ് പോലീസുകാര്‍ക്ക് നേരേ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഇതോടെയാണ് പോലീസ് തിരിച്ചടിച്ചതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏറ്റുമുട്ടലിനിടെ യുവാവിന്റെ രണ്ട് കാലിനും വെടിയേറ്റു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചു.
ഇയാളില്‍നിന്ന് ഒരു തോക്കും വെടിയുണ്ടകളും സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. നിഷു തിവാരിയെ ചോദ്യംചെയ്തതോടെയാണ് സംഭവത്തില്‍ അര്‍ച്ചനയുടെ പങ്ക് വെളിപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഡോ. അര്‍ച്ചന എന്ന പേരിലുള്ള ഒരു പ്രൊഫൈല്‍ വഴിയാണ് അര്‍ച്ചനയെ സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ടതെന്നാണ് യുവാവിന്റെ മൊഴി. ഡോക്ടര്‍ ആണെന്നാണ് യുവതി പരിചയപ്പെടുത്തിയിരുന്നത്. തന്റെ സഹോദരിയുടെ പേരാണ് ജാന്‍വി എന്നാണ് യുവതി നിഷു തിവാരിയോട് പറഞ്ഞിരുന്നത്.
ജാന്‍വിക്ക് ഒരു സൈനികനുമായി വിവാഹം ഉറപ്പിച്ചെന്നും എന്നാല്‍ ഇയാള്‍ പിന്നീട് വിവാഹത്തില്‍നിന്ന് പിന്മാറിയെന്നും ഒരു അധ്യാപികയെ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നും അര്‍ച്ചന യുവാവിനോട് പറഞ്ഞിരുന്നു. സഹോദരിയുടെ വിവാഹം മുടങ്ങിയതിന് പ്രതികാരം ചെയ്യണമെന്നും അര്‍ച്ചന പറഞ്ഞു. തുടര്‍ന്നാണ് സൈനികന്റെ പ്രതിശ്രുതവധുവെന്ന് പറഞ്ഞ സ്കൂള്‍ അധ്യാപികയ്ക്ക് നേരേ ആസിഡ് ആക്രമണം നടത്താന്‍ പ്രതികള്‍ തീരുമാനിച്ചത്.
ഇതനുസരിച്ച് നിഷു തിവാരിയാണ് ആക്രമണം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. അതേസമയം, മൂന്നുകുട്ടികളുടെ അമ്മയായ അര്‍ച്ചന അടുത്തിടെ ഭര്‍ത്താവിനെ ഉറക്കഗുളിക നല്കി മയക്കിക്കിടത്തിയ ശേഷം നിഷു തിവാരിക്കൊപ്പം ഒളിച്ചോടിയ സംഭവമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. യുവാവിനെ കബളിപ്പിക്കാനായി വ്യാജ പ്രൊഫൈലുകളാണ് യുവതി സാമൂഹികമാധ്യമങ്ങളിലുണ്ടാക്കിയതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.