മട്ടന്നൂർ : ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടി വച്ചുപിടികൂടി. കൂടാളി ചിത്രാരിയിൽവച്ചാണ് ഉച്ചയ്ക്ക് 12 മണിയോടെ മയക്കുവെടി വച്ചത്. കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ നീക്കം. ഏതാനും ദിവസങ്ങളായി ജനവാസ മേഖലയിൽ ഭീഷണിയായി ചുറ്റിത്തിരിയുകയായിരുന്നു കാട്ടുപോത്ത്.
വെള്ളിയാഴ്ച വൈകിട്ട് മയക്കുവെടി വയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയെങ്കിലും രാത്രിയായതോടെ സാധിക്കാതെ വന്നു. വ്യാഴാഴ്ച രാത്രി മുതലാണ് കിളിയങ്ങാട്ട് കാട്ടുപോത്തിനെ കണ്ടത്. കിളിയങ്ങാട് മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് വെള്ളിയാംപറമ്പിൽ കിൻഫ്ര പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു.
വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും സമീപത്ത് വനമില്ലാത്തതിനാൽ തുരത്താൻ സാധിക്കാത്ത സാഹചര്യമായിരുന്നു. ഇതെത്തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചത്.
വെള്ളയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് മയക്കുവെടി വയ്ക്കാൻ ഉത്തരവ് വന്നത്. ക്രെയിൻ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയെങ്കിലും നേരം ഇരുട്ടിയതോടെ ഇന്നലെ വെടിവയ്ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ജനവാസ കേന്ദ്രത്തിലൂടെ കാട്ടുപോത്ത് ചുറ്റിത്തിരിഞ്ഞെങ്കിലും ആരെയും ആക്രമിക്കുകയോ കാര്യമായ നാശനഷ്ടമുണ്ടാക്കുകയോ ചെയ്തില്ല. വെറ്ററിനറി ഡോക്ടർ ഇല്യാസിന്റെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.