തിരുവനന്തപുരം: പേട്ടയില്‍ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി ആറ്റിങ്ങല്‍ ഇടവ സ്വദേശി ഹസന്‍കുട്ടി കുറ്റക്കാരന്‍. തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് വിധിപറഞ്ഞത്. കേസിലെ ശിക്ഷാവിധി വെള്ളിയാഴ്ച ഉണ്ടാകും. കേസുമായി ബന്ധപ്പെട്ട് 41 സാക്ഷികളെ വിസ്തരിച്ചു. 11 തൊണ്ടിമുതലുകളും ഹാജരാക്കി.
കഴിഞ്ഞവര്‍ഷമാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ രണ്ടുവയസ്സുകാരി നാടോടിബാലികയെ അബു എന്നും കബീര്‍ എന്നും വിളിപ്പേരുള്ള ഹസന് കുട്ടി (45) ആണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇയാള്‍ നിരവധി പോക്സോ കേസുകളില്‍ പ്രതിയാണ്. സംഭവത്തിന് ദിവസങ്ങള്‍ക്കു മുന്‍പാണ് കൊല്ലം ആയൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയത്.
ജാമ്യത്തിലിറങ്ങിയ പ്രതി ആലുവയില്‍ ഒരു ഹോട്ടലില്‍ ജീവനക്കാരനായി ജോലിനോക്കിയിരുന്നു. ഇവിടെനിന്ന് തിരുവനന്തപുരത്ത് എത്തിയശേഷമാണ് നാടോടിബാലികയെ പീഡിപ്പിച്ചത്. സംഭവശേഷം ആലുവയിലേക്കു മടങ്ങിയ പ്രതി അവിടെനിന്ന് അവധിയെടുത്ത് പളനിയില്‍ പോയി തല മുണ്ഡനംചെയ്ത് മടങ്ങിവരവേയാണ് കൊല്ലത്തുവെച്ച് പേട്ട പോലീസ് പിടികൂടിയത്.
ബ്രഹ്മോസിനുസമീപം ഹൈദരാബാദ് സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം ടെന്റില്‍ കിടന്ന് ഉറങ്ങിയ കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചത്. കുട്ടിയെ കാണാതായ ഉടന്‍ മാതാപിതാക്കള്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും അടുത്ത ദിവസം വൈകുന്നേരം 7.30 നാണ് ബ്രഹ്മോസിനുസമീപത്തെ കുറ്റിക്കാട്ടില്‍നിന്ന് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടുകിട്ടിയത്.
വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. പ്രതിയുടെ വസ്ത്രത്തില്‍നിന്നു കിട്ടിയ കുട്ടിയുടെ മുടി ശാസ്ത്രീയ പരിശോധനയില്‍ നിര്‍ണായക തെളിവായിരുന്നു. ബ്രഹ്മോസിലെ സിസിടിവി ക്യാമറകളില്‍നിന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. കാട്ടാക്കോണം അജിത്കുമാറും ബിന്ദു വി.സി.യുമാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.