ഒട്ടാവ : ഇല്ലിനോയിസിലെ ഒട്ടാവയിലെ പോസ്റ്റ് ഓഫീസിലേക്ക് കഴിഞ്ഞ ആഗസ്ത് മാസത്തിൽ ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നിന്ന് അയച്ച ഒരു പോസ്റ്റ്കാർഡ് എത്തി.
72 വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ 1953 ജൂൺ 17-ന് രാത്രി 8 മണിക്ക് പോസ്റ്റ്മാർക്ക് ചെയ്തതായിരുന്നു എന്നതൊഴിച്ചാൽ അതിൽ അസാധാരണമായി ഒന്നുമില്ലായിരുന്നു. 'Rev. F.E. Ball and family,” എന്ന വിലാസത്തിൽ അയച്ച പോസ്റ്റ്കാർഡ് കഴിഞ്ഞ 72 വർഷമായി യുഎന്നിൽ വെച്ച് നഷ്ടപ്പെട്ടതായിരിക്കാമെന്നും, അത് അടുത്തിടെ കണ്ടെത്തിയപ്പോൾ അയച്ചതാവാമെന്നുമാരുന്നു കാർഡ് കണ്ട പോസ്റ്റൽ അധികൃതർ കരുതിയത്.
അഡ്രസ് തപ്പി അന്വേഷണം
പിന്നാലെ പോസ്റ്റൽ ഡിപ്പാര്‍ട്ട്മെന്‍റ് അവരുടെ ജോലി പൂര്‍ത്തിയാക്കി. ആ കത്ത് അതേ അഡ്രസിലേക്ക് എത്തിക്കാന്‍ പോസ്റ്റൽ ഡിപ്പാർട്ട്മെന്‍റ് തീരുമാനിച്ചു. എന്നാല്‍ 72 വര്‍ഷം മുമ്പ് ആ വിലാസത്തില്‍ താമസിച്ചിരുന്ന ബോൾ കുടുംബം അതിനകം അവിടെ നിന്നും താമസം മാറ്റിയിരുന്നു. എന്നാൽ, ഒട്ടാവയിലെ പോസ്റ്റ്മാസ്റ്ററായ മാർക്ക് തോംസണിന് ആ പോസ്റ്റ്കാർഡ് വലിച്ചെറിയാൻ തോന്നിയില്ല, പോസ്റ്റ്കാർഡ് അതിന്‍റെ യഥാർത്ഥ സ്വീകർത്താവിലേക്കോ അല്ലെങ്കിൽ അവരുടെ പിൻഗാമികളിലേക്കോ എത്തിച്ചേരണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പിന്നാലെ അതിനായി അന്വേഷണം ആരംഭിച്ചു.
കത്തിനെക്കുറിച്ച് കഥ പരന്നതോടെ പ്രാദേശിക റിപ്പോർട്ടർമാരും അന്വേഷണം ഏറ്റെടുത്തു, കാർഡിൽ 'അലൻ' എന്ന കൈയൊപ്പ് മാത്രം വച്ച് കത്തയച്ച നിഗൂഢനായ വ്യക്തിയെക്കുറിച്ച് കൂടുതൽ അറിയാൻ കഥ കേട്ടവര്‍ കേട്ടവര്‍ ആഗ്രഹിച്ചു. ഇതിനിടെയാണ് തെറി കാർബോണ്‍ എന്ന ഗവേഷകനും കത്തിനെ കുറിച്ച് കേൾക്കുന്നത്. ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം വംശാവലി ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഈ സമയം തെറി കാര്‍ബോണ്‍. മറ്റുള്ളവരെ അവരുടെ വേരുകൾ കണ്ടെത്തുന്നതിന് സഹായിക്കാനുള്ള ഒരു മാര്‍ഗ്ഗമായിരുന്നു തെറിക്ക് വംശാവലി ഗവേഷണം. പ്രാദേശിക പത്രത്തിൽ പോസ്റ്റ്കാർഡിനെക്കുറിച്ച് വായിച്ചപ്പോൾ, ഇത് തന്‍റെ കൂടി ദൗത്യമാണെന്ന് അദ്ദേഹത്തിന് തോന്നി, പിന്നാലെ റിപ്പോര്‍ട്ടറെ വിളിച്ച് തന്നെക്കൊണ്ട് സഹായിക്കാൻ കഴിഞ്ഞേക്കാമെന്ന് അദ്ദേഹം അറിയിച്ചു.
വംശാവലി ഗവേഷകന്‍
ലാസല്ലെ കൗണ്ടി വംശാവലി ഗവേഷകരുടെ സംഘടനയും (LaSalle County Genealogy Guild) ഈ വിലാസം തേടിയുള്ള തിരച്ചിലില്‍ ഒപ്പം കൂടി. പോസ്റ്റ് കാർഡിൽ പരാമർശിക്കുന്ന അലൻ, ബാൽ എന്നിവരെക്കുറിച്ച് എന്തെങ്കിലും പരാമർശനങ്ങൾക്കായി ആ കാലഘട്ടത്തിലെ പത്രവാർത്തകളും രേഖകളും വളണ്ടിയർമാർ പരിശോധിച്ചു. റെഡ്ഡിക്ക് പബ്ലിക് ലൈബ്രറിയിൽ നിന്ന് കണ്ടെത്തിയ രേഖകൾ ഉപയോഗിച്ച് ഇവരെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ഒടുവിൽ അവർ കണ്ടെത്തി. അലൻ ഇപ്പോൾ 88 വയസ്സുള്ള ഡോ. അലൻ ബാൾ ആകാനാണ് സാധ്യതയെന്നും ജോലിയിൽ നിന്നും വിരമിച്ച അദ്ദേഹം 1,700 മൈലുകൾക്കപ്പുറം ഐഡഹോയിലെ സാൻഡ്‌പോയിന്‍റിലാണ് താമസിക്കുന്നതെന്നും അവർ കണ്ടെത്തി.
യഥാര്‍ത്ഥ ഉടമ
അങ്ങനെ പോസ്റ്റ്മാൻ മാർക്ക് തോംസണും സംഘവും ഡോ. അലൻ ബാളിനെ സന്ദര്‍ശിച്ചു. പോസ്റ്റ് കാർഡിനെ കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചു. 72 വര്‍ഷം മുമ്പുള്ള തന്‍റെ അനുഭവങ്ങൾ അദ്ദേഹം അങ്ങനെ ഓർത്തെടുത്തു. 1953-ൽ, അലൻ ബാൽ ഒട്ടാവയിൽ നിന്ന് ന്യൂയോർക്കിലേക്ക് ട്രെയിനിൽ നടത്തിയ യാത്രയാണ് ഇതിനെല്ലാം തുടക്കം കുറിച്ചത്. ന്യൂയോർക്കിൽ നിന്ന് വിമാനം കയറി പ്യൂർട്ടോറിക്കോയിൽ പോയി. അവിടെ വച്ച് അമ്മായിയായ മേരിക്കൊപ്പം വേനൽക്കാലം ചെലവഴിക്കാനായിരുന്നു അദ്ദേഹത്തിന്‍റെ പദ്ധതി.
എന്നാല്‍ ന്യൂയോർക്കിൽ നേരത്തെ എത്തിയതിനാലും വിമാത്താവളത്തിലേയ്ക്ക് പോവാൻ ഇനിയുമേറെ സമയമുണ്ടെന്നതിനാലും അലൻ ഇതിനിടെ പുതുതായി നിർമ്മിച്ച ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റ് കെട്ടിടം സന്ദർശിച്ചു. അവിടെ വെച്ച്, കെട്ടിടത്തിന്‍റെ ചിത്രം പതിച്ച ഒരു പോസ്റ്റ്കാർഡിൽ അദ്ദേഹം രണ്ട് സെന്‍റ് സ്റ്റാമ്പ് ഒട്ടിച്ച് വീട്ടിലേക്ക് അയച്ചു. താൻ ന്യൂയോർക്ക് വരെയെത്തിയെന്ന് മാതാപിതാക്കളെ അറിയിക്കാൻ വേണ്ടിയായിരുന്നു അത്. എന്നാൽ, വീട്ടിലേക്കയച്ച ആ കാർഡ് മാതാപിതാക്കളുടെ കൈകളിൽ എത്തിയില്ലെന്ന് മാത്രം അദ്ദേഹം അറിഞ്ഞിരുന്നില്ല. ഒടുവില്‍ 72 വര്‍ഷങ്ങൾക്ക് ശേഷം ആ പോസ്റ്റ് കാര്‍ഡ് അദ്ദേഹത്തിന് തന്നെ ഏറ്റുവാങ്ങേണ്ടിവന്നു.
കഴിഞ്ഞ ആഴ്ച, 1953-ൽ താൻ അയച്ച ഒരു പോസ്റ്റ്കാർഡ് തിരികെ കിട്ടിയെന്ന് ദി ടൈംസിലെ മാധ്യമ പ്രവർത്തകനായ ടോം കോളിൻസ് തന്നെ വിളിച്ചറിയിച്ചപ്പോളാണ് താൻ അത് അറിഞ്ഞതെന്നും അത് കേട്ടപ്പോൾ ചിരിച്ചു പോയെന്നുമായിരുന്നു അലൻറെ ആദ്യ പ്രതികരണം, ഇത് വളരെ അപ്രതീക്ഷിതവും വിചിത്രവുമായി തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറെ ദൂരം താണ്ടിയ ആ പോസ്റ്റ്കാർഡ് 'വൈകിയതിൽ ക്ഷമിക്കണം' എന്ന ക്ഷമാപണത്തോടെ സാൻഡ്‌പോയിന്‍റിലെ തപാൽ ജീവനക്കാരൻ പുഞ്ചിരിയോടെ അദ്ദേഹത്തിന് കൈമാറി. ഇതിനിടെ 72 വർഷങ്ങൾ കടന്നു പോയി. ഒപ്പം അയച്ചയാളുടെ പക്കൽ തിരിച്ചെത്തുമ്പോഴേക്കും അത് രാജ്യത്തുടനീളം കുറഞ്ഞത് 2,500 മൈലുകളെങ്കിലും സഞ്ചരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.