ന്യൂയോർക്ക്: അനിശ്ചിതകാല സസ്‌പെൻഷൻ നേരിട്ടതിനു പിന്നാലെ തന്റെ ‘ലേറ്റ് നൈറ്റ് ഷോ’യിലേക്ക് ഹാസ്യനടനും ചാനൽ അവതാരകനുമായ ജിമ്മി കിമ്മൽ തിരിച്ചെത്തുമെന്ന് യു.എസ് മാധ്യമങ്ങൾ.
എ.ബി.സി ചാനലിന്റെ ജനപ്രിയ അവതാരകനായ ജിമ്മി കിമ്മൽ, വലതുപക്ഷ പ്രവർത്തകൻ ചാർലി കിർക്കിന്റെ കൊലയുമായി ബന്ധപ്പെട്ട് ഷോയിൽ നടത്തിയ പരാമർശത്തെ തുടർന്നാണ് ഡിസ്‌നിയുടെ ഉടമസ്ഥതയിലുള്ള എ.ബി.സി ചാനലിൽ നിന്ന് വിലക്കു നേരിട്ടത്. എന്നാൽ, കടുത്ത പ്രതിഷേധവും ബഹിഷ്കരണ ഭീഷണിയുമാണ് ഇതെത്തുടർന്ന് എ.ബി.സിക്കും ഡിസ്നിക്കും നേരെ ഉണ്ടായത്. ബഹിഷ്‍കരണം മുറുകുന്ന വേളയിലാണ് ഡിസ്നിയുടെ സസ്പെൻഷൻ പിൻവലിക്കൽ.
‘നമ്മുടെ രാജ്യത്തിന് വൈകാരികമായ ഒരു നിമിഷത്തിൽ കൂടുതൽ പിരിമുറുക്കമുണ്ടാക്കുന്നത് ഒഴിവാക്കാൻ കഴിഞ്ഞ ബുധനാഴ്ച ഷോയുടെ സംപ്രേഷണം താൽക്കാലികമായി നിർത്തിവെക്കാൻ ഞങ്ങൾ തീരുമാനിച്ചു. അത് അസമയത്തായിപ്പോയെന്നും അതിനാൽ വിവേകശൂന്യമാണെന്നും ഞങ്ങൾക്ക് തോന്നിയതിനാലാണ് പുതിയ തീരുമാനമെന്നും’ ഡിസ്‌നി പ്രതിനിധികൾ പ്രസ്താവനയിൽ പറഞ്ഞു. ജിമ്മിയുമായി ചർച്ചകൾ നടത്തിയെന്നും അതെത്തുടർന്ന് ചൊവ്വാഴ്ച മുതൽ ഷോ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തിലെത്തിയെന്നും കമ്പനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ആഴ്ചയിലെ ഷോയിൽ, ട്രംപ് അനുകൂലികളായ ‘മാഗ’യിലെ പലരും ചാർലി കിർക്കിന്റെ കൊലപാതകം മുതലെടുക്കാൻ വളരെയധികം പരിശ്രമിക്കുന്നുവെന്ന് കിമ്മൽ പറഞ്ഞിരുന്നു. കിമ്മലിനെ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയതിനുശേഷം ഡിസ്നി സർഗാത്മക സമൂഹത്തിൽ നിന്ന് വലിയ പ്രതിഷേധം നേരിട്ടു. സമീപകാലത്ത് ഡിസ്നിക്ക് അവിസ്മരണീയമായ കഥാപാത്രങ്ങളെ നൽകിയ മാർട്ടിൻ ഷോർട്ട്, ടോം ഹാങ്ക്സ് തുടങ്ങിയ 400 ലധികം സെലിബ്രിറ്റികൾ കിമ്മലിനെ പിന്തുണച്ച് രംഗത്തെത്തി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തുന്നതായി അവർ വിമർശിച്ചു.
കിമ്മലിന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചതിനു പിന്നാലെ ലേറ്റ് നൈറ്റ് കോമിക് ഷോയുടെ സഹ അവതാരകനായ സ്റ്റീഫൻ കോൾബർട്ട് സന്തോഷം പ്രകടിപ്പിച്ചു. ‘ഡിസ്നി, ജിമ്മി കിമ്മൽ ലൈവ് ചൊവ്വാഴ്ച രാത്രി എ.ബി.സിയിൽ വീണ്ടും സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. എന്റെ പ്രിയ സുഹൃത്ത് ജിമ്മിക്കും അദ്ദേഹത്തിന്റെ ഒപ്പമുള്ള ജീവനക്കാർക്കും സന്തോഷമുണ്ടാക്കുന്ന വാർത്ത’ എന്ന് അദ്ദേഹം പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.