ന്യൂഡൽഹി: നമ്മുടെ സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന ലൈംഗിക ചൂഷണത്തിനെതിരെ ധാരാളം സ്‌ത്രീ ശബ്‌ദങ്ങൾ ഉയരുന്നുണ്ട്. അവരിൽ ഒരാളാണ് ഡൽഹിയിലെ അർച്ചന അഗ്നിഹോത്രി. കഴിഞ്ഞ പത്തു വർഷത്തിലധികമായി അർച്ചന കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിലാണ്.
തൻ്റെ ധീരമായ ചുവടുവെപ്പുകളിലൂടെ നിരവധി പേർക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന അർച്ചന, ക്രൂരമായ പീഡനത്തിനിരയായവർക്ക് തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യവും പ്രചോദനവുമാണ്. നിയമ സഹായത്തിനൊപ്പം മാനസിക പിന്തുണയും ഉറപ്പാക്കുന്നതിൽ അർച്ചന ശ്രദ്ധ പുലർത്തുന്നു.
അർച്ചനയുടെ പോരാട്ട യാത്ര
സമാധാൻ അഭിയാൻ എന്ന സംഘടനയിലൂടെയാണ് അർച്ചന തൻ്റെ കർമ മണ്ഡലം വ്യാപിപ്പിക്കുന്നത്. 2015 ൽ സ്വന്തം സമ്പാദ്യം ഉപയോഗിച്ചാണ് അർച്ചന അഗ്നിഹോത്രി ഈ സംഘടന ആരംഭിക്കുന്നത്. ഡൽഹിയിലെ ക്ലാസ് മുറികളിൽ തുടങ്ങിവച്ച ഈ പ്രവർത്തനം ഉത്തർപ്രദേശിലെ വിദൂര ഗ്രാമങ്ങളിലേക്ക് വരെ എളുപ്പത്തിൽ വ്യാപിച്ചു.
ഇതിനോടകം ഇന്ത്യയിലുടനീളമുള്ള 8 ലക്ഷത്തിലധികം ആളുകള്‍ക്ക് സമാധാൻ അഭിയാൻ കരുത്തേകി കഴിഞ്ഞു. അവരിൽ 75 ശതമാനവും കുട്ടികളാണ്. അതിജീവിതരിൽ അവബോധം സൃഷ്‌ടിക്കാനും നിയമവശങ്ങളെ കുറിച്ച ബോധവത്‌കരിക്കാനും നിയമപരമായ വിദ്യാഭ്യാസം നൽകാനും സമാധാൻ അഭിയാൻ ക്യാമ്പയിൻ നടത്തുന്ന പ്രയന്തങ്ങള്‍ ഏറെ അഭിനന്ദനീയമാണ്.
ഡൽഹി സർക്കാർ സ്‌കൂളിൽ ആദ്യം നടത്തിയ വർക്ക്‌ഷോപ്പ് കുട്ടികൾക്കെതിരായ ലൈംഗിക പീഡനത്തെക്കുറിച്ചുള്ളതായിരുന്നു. അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ഉള്‍പ്പെടെ പോക്‌സോ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) നിയമത്തെക്കുറിച്ചുമുള്ള അവബോധ ക്ലാസ് നൽകി. അവിടെ ഒത്തുകൂടിയ മാതാപിതാക്കൾ പലരും അവരുടെ കയ്‌പ്പേറിയ കുട്ടിക്കാല അനുഭവങ്ങള്‍ വേദനയോടെ ഓർത്തെടുത്തു.
പതിറ്റാണ്ടുകൾക്ക് ശേഷവും ആ വേദന തങ്ങളെ വേട്ടയാടുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അവർ തങ്ങള്‍ നേരിട്ട ബാല്യകാല പീഡന അനുഭവങ്ങൾ പങ്കുവച്ചത്. ആ ക്രൂരത അവരുടെ മനസിൽ എത്രത്തോളം ആഴത്തിൽ വേരൂന്നിയിരിക്കുന്നുവെന്ന്, അവരുടെ വാക്കുകളിൽ ഒളിഞ്ഞും തെളിഞ്ഞും പ്രതിഫലിക്കുന്ന വേദന വിളിച്ചോതുന്നുണ്ടായിരുന്നു.
അന്ന് തുറന്നുപറയാൻ കഴിയാത്ത വിധം നിസഹായരായിരുന്നു തങ്ങളെന്ന് അതിജീവിതർ പറഞ്ഞു. ഈ നിശബ്‌ദത ഭേദിക്കുക എന്നതായിരിക്കണം തൻ്റെ ജീവിതത്തിൻ്റെ ലക്ഷ്യമെന്ന് അർച്ചന അതോടെ തീരുമാനിച്ചു. ജീവനക്കാരും രക്ഷിതാക്കളും ഉൾപ്പെടെ എല്ലാവരും ഈ ശ്രമത്തിന് പിന്തുണ പ്രഖ്യാപിച്ചു. മാതാപിതാക്കൾക്കായി സമാനമായ വർക്ക്‌ഷോപ്പുകള്‍ ഇടക്കിടെ നടത്തണമെന്ന് അർച്ചനയോട് ആവശ്യപ്പെട്ടു.
'ചുപ്പി ടോഡ് - ഹല്ലാ ബോൽ'
അങ്ങനെയാണ് 'ചുപ്പി ടോഡ് - ഹല്ലാ ബോൽ' (നിശബ്‌ദത ഭേദിക്കുക, ശബ്‌ദം ഉയർത്തുക) എന്ന ക്യാമ്പയ്‌ൻ അർച്ചന ആരംഭിക്കുന്നത്. "ഈ മുദ്രാവാക്യം വെറും പ്രസ്‌താവനയല്ല, പ്രവർത്തനത്തിനുള്ള ഒരു ആഹ്വാനമായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, കുട്ടികളെയും മാതാപിതാക്കളെയും സമൂഹത്തെയും മൊത്തത്തിൽ ഉൾപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു" എന്ന് അവർ പറഞ്ഞു.
കുട്ടികള്‍ പീഡനത്തിനിരയായാൽ അത് തിരിച്ചറിയാൻ അവർ അധ്യാപകരെ പരിശീലിപ്പിച്ചു, മാതാപിതാക്കളെയും കുട്ടികളെയും തുറന്നു സംസാരിക്കാൻ പ്രോത്സാഹിപ്പിച്ചു. നല്ലതും ചീത്തയുമായ സ്‌പർശനങ്ങൾ പോലുള്ള വിഷയങ്ങളിൽ കുട്ടികൾക്ക് ക്ലാസുകൾ എടുത്തു. അവരെ പ്രതിരോധിക്കാൻ സ്വയം പര്യാപ്‌തരാക്കി.
പദ്ധതി വലുതായതോടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. വർക്ക്‌ഷോപ്പുകൾ, റാലികൾ, കമ്മ്യൂണിറ്റി മീറ്റിംഗുകൾ എന്നിവ നടത്തുന്നതിന് സാമ്പത്തികം ഒരു പ്രശ്‌നമായി. ചെറിയ സംഭാവനകളും സ്വന്തം സമ്പാദ്യവുമായിരുന്നു മുന്നോട്ടു പോവാനുള്ള ഇന്ധനമെന്ന് അർച്ചന പറഞ്ഞു.
ഡൽഹിക്ക് പുറത്തേക്ക് പ്രചാരണം വ്യാപിപ്പിക്കാൻ അവർ തീരുമാനിച്ചു. അതിനുശേഷം അർച്ചനയും സംഘവും വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സ്‌കൂളുകൾ, കോളജുകൾ എന്നിവിടങ്ങളിൽ ക്യാമ്പയ്‌ൻ സംഘടിപ്പിച്ചു. ലൈംഗിക പീഡനം തിരിച്ചറിയാനും അത് റിപ്പോർട്ട് ചെയ്യാനും, സഹായം തേടാനും അവർ ലക്ഷക്കണക്കിന് കുട്ടികളെ പ്രാപ്‌തരാക്കി.
ഒരു പ്രത്യേക പ്രായം വരെ കുട്ടികൾ പലപ്പോഴും തങ്ങൾ നേരിട്ട അതിക്രമം തിരിച്ചറിയുന്നില്ല. ഭയം, ലജ്ജ, ഭീഷണി എന്നിവ അവരെ നിശബ്‌ദരാക്കുന്ന സന്ദർഭങ്ങളുമുണ്ട്. തുറന്ന ചർച്ചകളിലൂടെ പരിശീലനം നേടിക്കഴിഞ്ഞാൽ തുറന്ന് പറയാൻ ഇവർ പ്രാപ്‌തരാകും. അപ്പോഴാണ് യഥാർഥ മാറ്റം സംഭവിക്കുന്നതെന്നും അർച്ചന പറഞ്ഞു.
'ബീ അലേർട്ട്, ബീ സേഫ്, പോക്‌സോ നോളജ്'
2024ൽ സമാധാൻ അഭിയാൻ 'ബീ അലേർട്ട്, ബീ സേഫ്, പോക്‌സോ നോളജ്' എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ എങ്ങനെ തിരിച്ചറിയാം, തടയാം, പ്രതികരിക്കാം എന്നിവ വിശദീകരിക്കുന്ന പുസ്‌തകം ലളിതമായ ഭാഷയിലാണ് എഴുതിയിരിക്കുന്നത്.
"നിലവിൽ ഈ പുസ്‌തകം എസ്‌സിഇആർടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, എല്ലാ വർഷവും ആയിരക്കണക്കിന് വിദ്യാർഥികളും അധ്യാപകരും ഈ പുസ്‌തകം വായിക്കുന്നു. ഇത് കുട്ടികൾക്കു വേണ്ടി മാത്രമല്ല, മാതാപിതാക്കൾക്കും അധ്യാപകർക്കും കൂടി വേണ്ടിയുള്ളതാണ്"- അർച്ചന പറഞ്ഞു.
പീഡനത്തിനിരയായവർക്ക് മാനസിക പിന്തുണ ആവശ്യമുള്ളതിനാൽ അർച്ചന ഉത്തർപ്രദേശിലെ ഹർദോയ്, ഷാജഹാൻപൂർ, ഗാസിയാബാദ്, ഗോരഖ്‌പൂർ എന്നിവിടങ്ങളിൽ ആറ് ബാൽ മിത്ര കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഈ സ്ഥലങ്ങളിൽ നിന്നുള്ള കേസുകൾ ബാൽ മിത്ര കേന്ദ്രങ്ങൾ വഴി പൊലീസിലും ശിശുക്ഷേമ സമിതികളിലും എത്തുന്നു.
ഇവിടെ പരിശീലനം ലഭിച്ച ജീവനക്കാർ പ്രശ്‌നങ്ങളിൽ ഇടപെടുന്നു, അതിജീവിതരോട് സംസാരിക്കുന്നു, കൗൺസിലിങ് നൽകുന്നു, അതിജീവിതർക്ക് നിയമസഹായം നൽകുന്നു, നീതി ലഭിക്കുന്നതുവരെ തുടർനടപടികൾ സ്വീകരിച്ച് ഒപ്പം നിൽക്കുന്നു. ഇതുവരെ, ഈ കാമ്പെയ്ൻ 350-ലധികം കേസുകൾ കൈകാര്യം ചെയ്‌തിട്ടുണ്ട്.
"നീതി എന്നാൽ പ്രതിയെ ശിക്ഷിക്കുക മാത്രമല്ല, കുട്ടിയുടെ ആത്മവിശ്വാസം, അന്തസ്, ഭാവി എന്നിവ പുനഃസ്ഥാപിക്കപ്പെടുന്നുവെന്നും ഉറപ്പാക്കണം. ഞങ്ങൾ അത് ഉറപ്പാക്കുന്നു" എന്ന് അർച്ചന പറയുന്നു. ക്യാമ്പയ്‌ന് പിന്തുണ നൽകി നിരവധി പേർ മുന്നോട്ടുവന്നതോടെ നിലവിലുണ്ടായിരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ അവസാനിച്ചു. പ്രസ്ഥാനത്തിൻ്റെ വിജയത്തിൽ അർച്ചനയും സംഘവും ഏറെ അഭിമാനിക്കുന്നു.
നൂറുകണക്കിന് വളണ്ടിയർമാരും അധ്യാപകരും രക്ഷിതാക്കളും ഇപ്പോൾ ഈ ബൃഹത് പദ്ധതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. എൻസിആർബി ഡാറ്റ പ്രകാരം എല്ലാ വർഷവും ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നു, എന്നാൽ യഥാർഥ സംഖ്യകൾ ഇതിനേക്കാള്‍ എത്രയോ കൂടുതലാണെന്ന് വിദഗ്‌ധർ പറയുന്നു.
"കുട്ടികൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകുമ്പോഴാണ് പീഡകർ ഭയപ്പെടുന്നത്", ബാലപീഡനത്തിനെതിരെയുള്ള ഈ പോരാട്ടം എക്കാലവും തുടരുമെന്ന ഉറപ്പോടെ അർച്ചന പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.