തിരുവനന്തപുരം : സർക്കാരിന്റെ ഉപകരണം വാങ്ങൽ സംവിധാനം ശരിയല്ലെന്നും പലപ്പോഴും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ സമയത്തിനു ലഭിക്കുന്നില്ലെന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലെ 4 വകുപ്പു മേധാവികളുടെ മൊഴി.
യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസിന്റെ വെളിപ്പെടുത്തലിനെ തുടർന്നു അന്വേഷണം നടത്തിയ നാലംഗ സമിതിയോടായിരുന്നു ഡോക്ടർമാരുടെ വെളിപ്പെടുത്തൽ.വിവരാവകാശ നിയമ പ്രകാരം പോലും പുറത്തുവിടാതിരുന്ന റിപ്പോർട്ടാണ് ഒടുവിൽ അപ്പീലിനെ തുടർന്ന് ആരോഗ്യവകുപ്പു നൽകിയത്.
റിപ്പോർട്ടിലെ വിവരങ്ങൾ ഭാഗികമായി നേരത്തേ പുറത്തുവന്നിരുന്നു. നെഫ്രോളജി, ന്യൂറോളജി, ഗ്യാസ്ട്രോ, ന്യൂറോസർജറി വകുപ്പുമേധാവികളാണ് ഡോ.സി.എച്ച്.ഹാരിസ് ഉന്നയിച്ച പ്രശ്നത്തോടു യോജിച്ചത്. ഉപകരണങ്ങൾ തകരാറിലാകുന്നതു കാരണം ഇടയ്ക്കിടെ ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വരാറുണ്ടെന്ന് ഇവർ പറഞ്ഞു. യൂറോളജി വിഭാഗം രണ്ടാം യൂണിറ്റിലെ ഡോക്ടറും ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി.
എന്നാൽ, ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ലിത്തോക്ലാസ്റ്റ് പ്രോബ് കേടായാൽ പകരം മറ്റൊരു ഉപകരണം താൻ കരുതിവച്ചിട്ടുണ്ടെന്നും അതിനാൽ ശസ്ത്രക്രിയകൾ മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകി. ഇൗ ഉപകരണം ഉപയോഗിക്കാമായിരുന്നില്ലേ എന്ന് അന്വേഷണസമിതി ആരാഞ്ഞപ്പോൾ അതു മറ്റൊരു യൂണിറ്റിലായതിനാൽ അതെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നു ഡോ.ഹാരിസ് മറുപടി നൽകി. ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ലിത്തോക്ലാസ്റ്റ് പ്രോബ് ആവശ്യപ്പെട്ട് 2024 ഡിസംബർ 19നാണ് ഡോ.ഹാരിസ് കത്തു നൽകിയത്. എന്നാൽ, 2025 ജൂൺ 23ന് മാത്രമാണ് കലക്ടറിൽനിന്നു ഭരണാനുമതി ലഭിച്ചത്. അടിയന്തരമായി ആവശ്യമുള്ള ഉപകരണം വാങ്ങാൻ 6 മാസമെടുത്തു. ഒരു ലക്ഷം രൂപ വരെയുള്ള ഉപകരണങ്ങൾ വാങ്ങാനാണ് എച്ച്ഡിഎസ് സൂപ്രണ്ടിന് അനുമതി.
ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ സൂപ്രണ്ടിന്റെ സാമ്പത്തിക അധികാരം കൂട്ടണം. കലക്ടറുടെ ഓഫിസിലെ ഫയൽനീക്കം നിരീക്ഷിക്കണം. ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ബി.പത്മകുമാർ, കൊല്ലം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ.രഞ്ജു രവീന്ദ്രൻ, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ, ആലപ്പുഴ മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി ഡോ.എസ്.ഗോമതി എന്നിവരടങ്ങുന്ന സമിതിയാണ് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു കൈമാറിയത്.
പലവട്ടം ഉന്നയിച്ചിട്ടും പ്രശ്നപരിഹാരമുണ്ടാകാത്തതിനാലാണു മാധ്യമങ്ങൾക്കു മുന്നിൽ വന്നതെന്നു ഡോ.ഹാരിസ് വിശദീകരിച്ചെങ്കിലും ഇതു പെരുമാറ്റച്ചട്ടലംഘനമെന്ന് റിപ്പോർട്ടിലുണ്ട്. യൂറോളജി വിഭാഗത്തിൽനിന്നു മോസിലോസ്കോപ് എന്ന ഉപകരണം കാണാതായതിനെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. രോഗികളിൽനിന്ന് പണപ്പിരിവ് ഉപകരണങ്ങൾ വാങ്ങുന്നതിന് 4,000 രൂപ വരെ നൽകിയിട്ടുണ്ടെന്നു രോഗികളുടെ മൊഴി. കാരുണ്യ പദ്ധതിക്കു കീഴിലെ രോഗികൾക്കു പോലും പണം നൽകി ചികിത്സാ ഉപകരണങ്ങളും സാധനങ്ങളും വാങ്ങേണ്ടി വരാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.