പട്ന: ബിഹാറിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണനടപടി പൂർത്തിയാക്കിയ ശേഷം യോഗ്യരായ എല്ലാ വോട്ടർമാർക്കും പുതിയ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ഉയർന്ന നിലവാരം പുലർത്തുന്ന തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യാനാണ് ഉദ്ദേശ്യം.
വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഫോമുകൾ പൂരിപ്പിക്കുമ്പോൾ വോട്ടർമാരോട് ഏറ്റവും പുതിയ ഫോട്ടോകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ ഫോട്ടോകൾ പുതിയ വോട്ടർ ഐഡി കാർഡുകളിൽ ഉൾപ്പെടുത്തും. കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പുതിയ കാർഡുകൾ വിതരണം ചെയ്യുന്നതിനുള്ള സമയക്രമം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഫോമുകൾ ലഭിച്ച 99 ശതമാനം വോട്ടർമാരും അവരുടെ രേഖകൾ സമർപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പേര് നീക്കം ചെയ്യുന്നതിനായി 2 ലക്ഷം അപേക്ഷകളും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി 33,326 അപേക്ഷകളും കമ്മീഷന് ലഭിച്ചിട്ടുണ്ട്.
ഒരു പോളിങ് സ്റ്റേഷനിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1,500-ൽ നിന്ന് 1,200 ആയി കുറച്ചിട്ടുണ്ട്. ഇതോടെ ബൂത്തുകളുടെ എണ്ണം 77,000-ൽ നിന്ന് 90,000 ആയി വർധിച്ചു. വോട്ടെടുപ്പ് ദിവസം തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഈ നടപടി ഇന്ത്യയിലുടനീളം നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ബിഹാറിലെ കരട് വോട്ടർ പട്ടിക ഓഗസ്റ്റ് ഒന്നിനാണ് പ്രസിദ്ധീകരിച്ചത്. അന്തിമ പട്ടിക സെപ്റ്റംബർ 30-ന് പ്രസിദ്ധീകരിക്കും.
നിലവിലെ നിയമസഭയുടെ കാലാവധി നവംബർ 22-ന് അവസാനിക്കുന്നതിനാൽ, ഇതിന് മുമ്പായി പുതിയ നിയമസഭ രൂപീകരിക്കേണ്ടതുണ്ട്. ഒക്ടോബർ അവസാനം മുതൽ നവംബർ പകുതിക്കുള്ളിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.