ലഖ്നൗ: ഏഴ് വര്‍ഷത്തോളമായി കാണാതായ ഭര്‍ത്താവിനെ ഭാര്യ മറ്റൊരു സ്ത്രീയുമൊത്തുള്ള ഇന്‍സ്റ്റാഗ്രാം റീലില്‍ കണ്ടതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം. ബബ്ലു എന്നറിയപ്പെടുന്ന ജിതേന്ദ്ര കുമാറിനെ 2018-ലാണ് കാണാതായത്.
2017-ല്‍ ഷീലു എന്ന യുവതിയുമായി ജിതേന്ദ്ര വര്‍മയുടെ വിവാഹം നടന്നിരുന്നു. വിവാഹംകഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി.സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭര്‍തൃഗൃഹത്തില്‍ പീഡനമേല്‍ക്കേണ്ടി വന്നതായി ഷീലു പരാതി നല്‍കിയിരുന്നു.
സ്വര്‍ണം നല്‍കാത്തതിന് ഭര്‍തൃഗൃഹത്തില്‍നിന്ന് തന്നെ പുറത്താക്കിയതായും യുവതിയുടെ പരാതിയിലുണ്ടായിരുന്നു.ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ജിതേന്ദ്ര കുമാറിനെ കാണാതായത്. 2018 ഏപ്രില്‍ 20-ന് ജിതേന്ദ്രയുടെ അച്ഛന് മകനെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പോലീസ് വിപുലമായ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇയാളെ കുറിച്ച് കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ജിതേന്ദ്രയുടെ കുടുംബം ഷീലുവിനും ബന്ധുക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷീലുവും ബന്ധുക്കളും ജിതേന്ദ്രയെ കൊലപ്പെടുത്തി മൃതദേഹം നശിപ്പിച്ചെന്നടക്കമുള്ള ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
ഇതുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷങ്ങളില്‍ കഴിയവെയാണ് ഷീലു തന്റെ ഫോണില്‍ അപ്രതീക്ഷിതമായി ആ കാഴ്ച കാണുന്നത്. ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകള്‍ കാണുന്നതിനിടയില്‍ പരിചിതനായ ഒരു മുഖം കണ്ടു. ഏഴ് വര്‍ഷം മുമ്പ് കാണാതായ തന്റെ ഭര്‍ത്താവായിരുന്നു ആ റീല്‍സില്‍. മറ്റൊരു സ്ത്രീക്കൊപ്പം ജിതേന്ദ്ര പ്രണയാര്‍ദ്രമായി നില്ക്കുന്ന ദൃശ്യങ്ങളായിരുന്നു റീല്‍സില്‍. ജിതേന്ദ്ര തന്നെയാണ് ഇതെന്ന് ഉറപ്പ് വരുത്തിയ ഷീലു ഉടന്‍ വിഷയം കോത്വാലി സന്ദില പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.
തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ലുധിയാനയിലേക്ക് താമസം മാറിയതായി കണ്ടെത്തി. അവിടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് പുതിയൊരു ജീവിതം ആരംഭിച്ചതായി തിരിച്ചറിഞ്ഞു.ഷീലുവിന്റെ പരാതിയുടെയും സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള തെളിവുകളുടെയും അടിസ്ഥാനത്തില്‍ ജിതേന്ദ്രയെ കസ്റ്റഡിയിലെടുത്തതായി സന്ദില സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സന്തോഷ് സിങ് സ്ഥിരീകരിച്ചു. ബഹുഭാര്യത്വം, വഞ്ചന, സ്ത്രീധന പീഡനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.