കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 800 കടന്നു. കുനാര്‍, നംഗര്‍ഹാര്‍ പ്രവിശ്യകളിലായി ഇതുവരെ 812 പേര് മരിച്ചതായി താലിബാന് ഭരണകൂട വക്താവ് സബീഹുള്ള മുജാഹിദ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
2800 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. അതേസമയം, പ്രതികൂല കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളുമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.ഇതുവരെ അഫ്ഗാനിസ്താനിലുണ്ടായതിൽ ഏറ്റവുംവലിയ ഭൂകമ്പങ്ങളിലൊന്നാണ് കഴിഞ്ഞദിവസമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കുനാര്‍ ഗ്രാമത്തിലെ മൂന്ന് ഗ്രാമങ്ങള്‍ അപ്പാടെ ഇല്ലാതായെന്നാണ് റിപ്പോര്‍ട്ട്. വിദൂരങ്ങളിലുള്ള ഒറ്റപ്പെട്ടുകിടക്കുന്ന മലമ്പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. ഈ മേഖലകളില്‍ നിരവധി വീടുകള്‍ നിലംപൊത്തിയെന്നാണ് വിവരം.
ഭൂകമ്പത്തിന് പിന്നാലെ ഈ മേഖലകളില്‍ കനത്ത മഴയുണ്ടായതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. മണ്ണിടിച്ചില്‍ ഭീഷണിയും നേരിടുന്നതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പലയിടങ്ങളില്‍നിന്നും സൈനിക വിമാനങ്ങളില്‍ ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ 40 വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി പരിക്കേറ്റവരും മരിച്ചവരും ഉള്‍പ്പെടെ 420 പേരെ ദുരന്തബാധിത മേഖലകളില്‍നിന്ന് കൊണ്ടുവന്നതായി പ്രതിരോധ മന്ത്രാലയവും അറിയിച്ചു.
അഫ്ഗാനില്‍ താലിബാന് ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. ആയിരത്തോളം പേര് മരിച്ച 2022-ലെ ഭൂകമ്പമായിരുന്നു വീണ്ടും അധികാരത്തിലെത്തിയ താലിബാന് ഭരണകൂടം നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തം. വിദേശസഹായങ്ങളടക്കം കുറഞ്ഞതോടെ വന്‍ പ്രതിസന്ധി നേരിടുന്ന താലിബാന് ഭരണകൂടത്തെ കഴിഞ്ഞദിവസത്തെ ഭൂകമ്പം കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അതിനിടെ, ഭൂകമ്പത്തില്‍ വിറങ്ങലിച്ച അഫ്ഗാനിസ്താന് സഹായംതേടി താലിബാന് ഭരണകൂടം അഭ്യര്‍ഥന നടത്തിയിട്ടുണ്ട്. നിരവധിപേര്‍ക്കാണ് ജീവനും വീടുകളും നഷ്ടപ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ അന്താരാഷ്ട്രതലത്തില്‍ സഹായം ആവശ്യമാണെന്നും കാബൂളിലെ ആരോഗ്യമന്ത്രാലയ വക്താവ് ഷറഫാത്ത് സമാന് റോയിട്ടേഴ്സിനോട് പറഞ്ഞു.
അഫ്ഗാനിലെ ഭൂകമ്പബാധിത മേഖലകളില്‍ സഹായം വാഗ്ദാനംചെയ്ത് ഇന്ത്യയും ചൈനയും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. കാബൂളിലേക്ക് ഇതിനകം ആയിരം ടെന്റുകള്‍ അയച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. 15 ടണ്‍ ഭക്ഷ്യവസ്തുക്കളും ഇന്ത്യയില്‍നിന്ന് അഫ്ഗാനിലേക്ക് എത്തിച്ചു. ചൊവ്വാഴ്ച മുതല്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍സഹായം ഇന്ത്യയില്‍നിന്ന് അയയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഫ്ഗാനിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് സഹായം എത്തിക്കാന്‍ തയ്യാറാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് അറിയിച്ചു. അഫ്ഗാനില്‍ സഹായദൗത്യത്തിനായി തയ്യാറെടുക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.