കൊച്ചി : ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളും പീഠവും സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിൽ പരിശോധന നടത്താനും എല്ലാ വസ്തുക്കളുടേയും കണക്കെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
റിട്ട. ജില്ല ജഡ്ജിയുടെ നേതൃത്വത്തിൽ പരിശോധന നടത്തണമെന്നും ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. ദേവസ്വം ബോർഡിന്റെ റജിസ്റ്ററുകളിൽ കൃത്യതയില്ലെന്ന നിരീക്ഷണവും കോടതി നടത്തി. സ്വർണം പൂശാനായി അടുത്തിടെ ചെന്നൈയിലേക്കു കൊണ്ടുപോയി തിരിക കൊണ്ടുവന്ന ദ്വാരപാലക ശിൽപ്പങ്ങളും പീഠവും ബന്ധപ്പെട്ട എല്ലാവരുടേയും സാന്നിധ്യത്തിൽ സന്നിധാനത്ത് സ്ഥാപിക്കാനും കോടതി അനുമതി നൽകി.2019ൽ ദ്വാരപാലക ശിൽപ്പങ്ങളും പീഠവും സ്വർണം പൂശാനായി സ്പോൺസർ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തിൽ ചെന്നൈയിലേക്കു കൊണ്ടുപോയതും തുടർന്നുണ്ടായ കാര്യങ്ങളും ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ കോടതിയെ അറിയിച്ചു. സ്വർണപ്പാളി ഘടിപ്പിച്ച ദ്വാരപാലക ശിൽപ്പവും പീഠവും സ്ട്രോങ് റൂമിലുണ്ടെന്ന് ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് അയച്ച ഇ മെയിലിൽ സൂചിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെ വിശദമായ പരിശോധന നടത്തിയെങ്കിലും കണ്ടെടുക്കാനായില്ലെന്ന് വിജിലൻസ് ഓഫിസർ അറിയിച്ചു. സ്വര്‍ണം, വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങി ഭക്തർ നൽകുന്ന എല്ലാ കാര്യങ്ങളും കണക്കെടുത്ത ശേഷം തിരുവാഭരണ റജിസ്റ്ററിൽ രേഖപ്പെടുത്താറുണ്ട്. എന്നാൽ കൊടിമരം, ദ്വാരപാലക ശിൽപ്പങ്ങളുമായി ബന്ധപ്പെട്ടവ റജിസ്റ്ററിലില്ല. ഇക്കാര്യങ്ങളിൽ അവ്യക്തതയുണ്ടെന്ന് പറഞ്ഞ കോടതി, റജിസ്റ്ററുകൾ കൃത്യമായി സൂക്ഷിക്കാത്തതിൽ ദേവസ്വം ബോർഡിനെ വിമർശിച്ചു.
സ്ട്രോങ് റൂമിലുള്ള എല്ലാ രേഖകളും പരിശോധിച്ച് സ്വര്‍ണാഭരണങ്ങളുടെയും മറ്റും കണക്കെടുക്കണമെന്നാണ് കോടതി നിർദേശം. തിരുവാഭരണം റജിസ്റ്ററും പരിശോധിക്കണം. എത്ര അളവില്‍ സ്വര്‍ണമുണ്ടെന്ന് നോക്കി അതിന്റെ മൂല്യവും കണക്കാക്കണമെന്ന് കോടതി വ്യക്തമാക്കി. ദ്വാരപാലക ശിൽപ്പങ്ങള്‍ ഘടിപ്പിക്കാനുള്ള പീഠം കാണാതായതും തുടർന്ന് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിജിലൻസ് ഓഫിസർ കോടതിയെ ധരിപ്പിച്ചു.
ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ കോടതി, അന്വേഷണത്തിലിരിക്കുന്ന കാര്യമായതിനാൽ അതിലേക്കു കടക്കുന്നില്ലെന്നും വ്യക്തമാക്കി. 1999ൽ ദ്വാരപാലക ശിൽപ്പങ്ങളിൽ പരമ്പരാഗത രീതിയിൽ സ്വര്‍ണപ്പാളികൾ ഘടിപ്പിച്ചതു മുതലുള്ള കാര്യങ്ങൾ കോടതി ഇന്നും പരാമര്‍ശിച്ചു.
30 പവനിലേറെ സ്വർണം അതിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് കണക്ക്. 2019ല്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിലാണ് ഈ ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണംപൂശാനായി കൊണ്ടുപോയത്. എന്നാൽ കൊണ്ടു പോയി ഒരു മാസവും 9 ദിവസവും കഴിഞ്ഞാണ് ഇത് ചെന്നൈയിൽ എത്തിച്ചതെന്ന മുൻ നിരീക്ഷണം കോടതി ആവർത്തിച്ചു. നാലര കിലോയോളം ഭാരം മൊത്തത്തിൽ കുറഞ്ഞെന്ന കാര്യവും ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിലുള്ള വിശദ അന്വേഷണം തുടരാനും വിജിലൻസിന് നിർദേശം നൽകി.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.