തിരുവനന്തപുരം : സമഗ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും തിടുക്കപ്പെട്ടുള്ള നടപടി നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പ്രമേയത്തെ പ്രതിപക്ഷവും അനുകൂലിച്ചു. ലീഗ് എംഎല്‍എ യു.എ.ലത്തീഫ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചു.
മൗലികാവകാശത്തെ ഹനിക്കുന്ന ഇത്തരം നടപടികളില്‍നിന്നും പിന്തിരിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മിഷന് സുതാര്യമായി വോട്ടര്‍പ്പട്ടിക പുതുക്കല്‍ നടത്തണം എന്ന് മുഖ്യമന്ത്രി പ്രമേയത്തില്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം ദേശീയ പൗരത്വ റജിസ്റ്ററിന്റെ വളഞ്ഞ വഴിയിലൂടെയുള്ള നടപ്പാക്കലാണെന്ന ആശങ്ക വ്യാപകമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബിഹാറില്‍ നടന്ന എസ്ഐആര്‍ പ്രക്രിയ ഇത്തരം ആശങ്കകളെ ശരിവയ്ക്കുന്നതുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുറന്തള്ളലിന്റെ രാഷ്ട്രീയമാണ് ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ കാണുന്നത്. വോട്ടര്‍പട്ടികയില്‍നിന്നും യുക്തിരഹിതമായ ഒഴിവാക്കലാണ് ബിഹാറില്‍ നടന്നത്. അതേ രീതിയാണ് ദേശീയ അടിസ്ഥാനത്തില്‍ ലക്ഷ്യമിടുന്നത് എന്ന സംശയവും രാജ്യവ്യാപകമായി നിലവിലുണ്ട്.
ബിഹാര്‍ എസ്ഐആര്‍ പ്രക്രിയയുടെ ഭരണഘടനാ സാധുത സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെത്തന്നെ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്ക്കുന്ന കേരളം, തമിഴ്നാട്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കൂടി തിടുക്കപ്പെട്ട് ഇതേ പ്രക്രിയ കൊണ്ടുവരുന്നതിനെ നിഷ്കളങ്കമായി കാണാന്‍ കഴിയില്ല. ദീര്‍ഘകാല തയാറെടുപ്പും കൂടിയാലോചനയും ആവശ്യമായ പ്രക്രിയ ഇത്തരത്തില്‍ തിടുക്കത്തില്‍ നടത്തുന്നത് ജനവിധി അട്ടിമറിക്കാനാണെന്ന ഭയം തിരഞ്ഞെടുപ്പ് കമ്മിഷനെ സംശയ നിഴലിലാക്കിയിരിക്കുന്നു.
കേരളത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കുകയാണ്. അത് കഴിഞ്ഞാലുടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ഈ സാഹചര്യത്തില്‍ തിടുക്കപ്പെട്ട് എസ്ഐആര്‍ നടത്തുന്നത് ദുരുദ്ദേശ്യപരമാണ്. ഇതിനുമുൻപ് 2002ലാണ് കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പുനഃപരിശോധന നടന്നത്. ഇപ്പോള്‍ പുനഃപരിശോധന നടത്തുന്നത് 2002 അടിസ്ഥാനമാക്കിയാണെന്നതും അശാസ്ത്രീയമാണ്. 1987നു ശേഷം ജനിച്ചവര്‍ അവരുടെ പിതാവിന്റെയോ മാതാവിന്റെയോ പൗരത്വരേഖ കൂടി നല്‍കിയാലേ വോട്ടറാകൂ എന്ന എസ്ഐആറിലെ നിബന്ധന നമ്മുടെ പ്രായപൂര്‍ത്തി വോട്ടവകാശത്തെ ഹനിക്കുന്ന തിരുമാനമാണ്.
2003നു ശേഷം ജനിച്ചവര്‍ പിതാവിന്റെയും മാതാവിനെറയും പൗരത്വരേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വോട്ടറാവൂ എന്നും നിഷ്കര്‍ഷയുണ്ട്. രേഖകളില്ലാത്തതിന്റെ പേരില്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കുന്നത്, ഭരണഘടനയുടെ അനുച്ഛേദം 326 പൗരന്മാര്ക്ക് ഉറപ്പുനല്‍കുന്ന സാര്‍വത്രിക വോട്ടവകാശത്തിന്റെ പൂര്‍ണ ലംഘനമാണ്. സമൂഹത്തിലെ പാര്ശ്വവല്കൃത വിഭാഗങ്ങളില്‍ ഉള്ളവരാണ് എസ്ഐആറിലെ ഇത്തരം നിബന്ധനകള്‍ മൂലം വോട്ടവകാശത്തില്‍ നിന്നും പുറത്താവുകയെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
ന്യൂനപക്ഷ സമുദായങ്ങള്‍, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍, സ്ത്രീകള്‍, ദരിദ്രകുടുംബങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ ബഹുഭൂരിപക്ഷവും ഉള്‍പ്പെടുക. വോട്ടര്‍ പട്ടികയിലുള്ള പ്രവാസി വോട്ടര്‍മാരുടെ വോട്ടവകാശം തുടര്‍ന്നും നിലനിര്‍ത്തേണ്ടതുണ്ട്. പൗരത്വത്തെ മതാധിഷ്ഠിതമാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പൊടിതട്ടിയെടുക്കാനുള്ള ശ്രമം നടത്തുന്നവര്‍ എസ്ഐആറിനെ ഏതുവിധമാവും ഉപയോഗിക്കുക എന്നതും ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.