തിരുവനന്തപുരം : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി വക്താവ് പ്രിന്റു മഹാദേവന് ചാനല്‍ ചര്‍ച്ചയ്ക്കിടെ വധഭീഷണി മുഴക്കിയ സംഭവം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസ് ആവശ്യം സ്പീക്കര്‍ എ.എന്‍.ഷംസീര്‍ തള്ളിയതിനെ തുടര്‍ന്ന് സഭയില്‍ ബഹളം. പ്രധാന്യമില്ലാത്ത വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അടിയന്തരപ്രമേയ നോട്ടിസിന് അവതരണാനുമതി നിഷേധിച്ചത്.
സ്പീക്കറുടെ പരാമര്‍ശത്തിനെതിരെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ പിന്നീടു സഭ ബഹിഷ്കരിച്ചു. ബഹളത്തെ തുടര്‍ന്നു സഭ ഇന്നത്തേക്കു പിരിഞ്ഞു. സഭയില്‍ ഉന്നയിക്കാന്‍ തക്ക പ്രാധാന്യമോ അടിയന്തരസ്വഭാവമോ ഇക്കാര്യത്തില്‍ ഇല്ലെന്ന് സ്പീക്കര്‍ പറഞ്ഞതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. സണ്ണി ജോസഫിന് വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ നെഞ്ചിലേക്കു വെടിയുണ്ട ഉതിര്‍ക്കുമെന്ന് ബിജെപി നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കേസ് നിസ്സാരമാണെന്ന് സ്പീക്കര്‍ പറഞ്ഞതില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. പരാമര്‍ശത്തിന് സര്‍ക്കാര്‍ മറുപടി പറയണം.
ബിജെപി നേതാവിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സതീശന് പറഞ്ഞു. എന്നാല്‍, ചാനല്‍ ചര്‍ച്ചയില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതൊക്കെ സഭയില്‍ പറയാന്‍ പറ്റുമോ എന്ന് സ്പീക്കര്‍ ചോദിച്ചു. ഇതോടെ, പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങി.
26ന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പരാമര്‍ശമുണ്ടായിട്ട് ഇത്രയും ദിവസം കേരളത്തില്‍ ഒരു പ്രകടനം പോലും നടത്താത്ത കോണ്‍ഗ്രസ് സഭയില്‍ വിഷയം ഉന്നയിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ബഹളത്തിനിടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ അറിയിച്ചു. ഒക്ടോബര്‍ ആറിന് വീണ്ടും സഭ ചേരും. രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ ഇന്നലെ പേരാമംഗലം പൊലീസ് കേസെടുത്തിരുന്നു.




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.