യു എസ് : ടെക്ലോകം ഉറ്റുനോക്കിയിരുന്ന ആ ഡീല്‍ ഒടുവില്‍ സാധ്യമായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ആപ്പായ ടിക്ടോക് വില്‍പ്പനയ്ക്ക് അനുമതി നല്കി. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ടിക്ടോകിന്റെ അമേരിക്കന്‍ ഓപ്പറേഷന്‍സ് യുഎസ് കമ്പനിക്ക് കൈമാറാനുള്ള നിര്‍ണായക ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച ഒപ്പുവെച്ചു.
ഉത്തരവ് പ്രകാരം ടിക്ടോകിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ 14 ബില്യണ്‍ ഡോളറിനാണ് കൈമാറുക. അമേരിക്കന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങളുടെ പേരില്‍ ഈ വര്‍ഷം ജനുവരിയില്‍ ടിക്ടോകിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നത്.
ഇതോടെ അമേരിക്കയില്‍നിന്ന് തന്നെ ബൈറ്റ്ഡാന്‍സിന് ടിക്ടോകിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാം. ഇക്കാര്യത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി ധാരണയിലെത്തിയെന്നും ഇതോടെ ടിക്ടോക് അമേരിക്കന്‍ നിയന്ത്രണത്തിലായെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
ഈ പ്ലാന്‍ പ്രകാരം അമേരിക്കന്‍ ടിക്ടോകിന്റെ ഷെയറുകളില്‍ 65 ശതമാനം അമേരിക്കന്‍ നിക്ഷേപകരുടെ ഉടമസ്ഥതയിലാവും. ബൈറ്റ്ഡാന്‍സിനും മറ്റ് ചൈനീസ് നിക്ഷേപകര്‍ക്കും 20 ശതമാനം ഷെയറുകളാണ് ഉണ്ടാവുക. ഏഴംഗങ്ങളടങ്ങിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സായിരിക്കും പുതിയ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക. ഇതില്‍ സൈബര്‍ സുരക്ഷ വിദഗ്ധരും ദേശീയ സുരക്ഷാ വിദഗ്ധരുമുണ്ടാകും.
ഏഴ് ഡയറക്ടര്‍മാരില്‍ ആറ് പേരും അമേരിക്കക്കാരായിരിക്കുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. ഒരു ഡയറക്ടര്‍ മാത്രമാണ് ബൈറ്റ്ഡാന്സിന്റേതായി ഉണ്ടാവുക. അമേരിക്കന്‍ കമ്പനിക്ക് കണക്കാക്കിയിരിക്കുന്ന മൂല്യമായ 14 ബില്യണ്‍ ഡോളര്‍ ബൈറ്റ്ഡാന്‍സിന്റെ മൂല്യം (330 ബില്യണ്‍) ഡോളര്‍ വച്ചുനോക്കുമ്പോള്‍ വളരെ കുറവാണെന്നതും നേട്ടമായി വൈറ്റ്ഹൗസ് ഉയര്‍ത്തിക്കാണിക്കുന്നു.
ടിക്ടോകുമായി ബന്ധപ്പെട്ട എക്സിക്യുട്ടീവ് ഓര്‍ഡറില്‍ ട്രംപ് ഒപ്പുവെക്കുന്നു അമേരിക്കന്‍ ടെക് ഭീമന്മാരായ ഒറാക്കിളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമേരിക്കന്‍ ടിക്ടോക് നിയന്ത്രിക്കുക. ഒറാക്കിള്‍ തലവന്‍ ലാറി എലിസണിന് പുറമെ മാധ്യമ രംഗത്തെ ഭീമനായ റൂപ്പര്‍ട്ട് മറഡോക്, ഡെല്‍ കമ്പനി സിഇഒ മൈക്കല്‍ ഡെല്‍ എന്നിവരും സംഘത്തിലുണ്ട്.
ഒറാക്കിള്‍ തന്നെയാവും യൂസര്‍ ഡാറ്റാ സ്റ്റോറേജിനായുള്ള ക്ലൗഡ് സര്‍വീസും നല്‍കുക. ഇതോടെ ആപ്പിന്റെ അല്‍ഗൊരിതം നിയന്ത്രണവും അമേരിക്കന്‍ കമ്പനികളിലേക്കെത്തുമെന്നാണ് വൈറ്റ്ഹൗസ് പറയുന്നത്. ബൈറ്റ്ഡാന്സിനോ ചൈനീസ് നിക്ഷേപകര്‍ക്കോ അമേരിക്കന്‍ ഉപയോക്താക്കളുടെ ഡാറ്റ ലഭിക്കില്ല.
ടിക്ടോകിലെ കണ്ടന്റുകളുടെ കാര്യത്തില്‍ ഇടപെടില്ലെന്നും എല്ലാ വിഭാഗക്കാരെയും തൃപ്തിപ്പെടുത്തുന്ന കണ്ടന്റുകള്‍ ഉണ്ടാവുമെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ടിക്ടോകിന്റെ കടുത്ത വിമര്‍ശകനായിരുന്ന ട്രംപ് സമീപകാലത്ത് അത് സംരക്ഷിക്കാനായി വലിയ പരിശ്രമങ്ങളാണ് നടത്തിയത്. എന്തുകൊണ്ട് ടിക്ടോക്? അമേരിക്കയില്‍ ഏറ്റവും ജനകീയമായ എന്റര്‍ടൈന്‍മെന്റ് ആപ്പുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കാണ് ഇതോടെ പരിസമാപ്തിയായിരിക്കുന്നത്.
അമേരിക്കയില്‍ 180 മില്യണിലേറെ ഉപയോക്താക്കളാണ് ടിക്ടോകിനുള്ളത്. അമേരിക്കന്‍ യുവാക്കളുടെ ഏറ്റവും പ്രിയപ്പെട്ട സാമൂഹിക മാധ്യമമായ ടിക്ടോകിന് അമേരിക്കയുടെ രാഷ്ട്രീയ സാംസ്കാരിക മേഖലയില്‍ വലിയ സ്വാധീനമുണ്ട്. 30 വയസ്സില്‍ താഴെ പ്രായമുള്ള 43 ശതമാനം അമേരിക്കന്‍ യുവാക്കളും പൊതുകാര്യങ്ങളും രാഷ്ട്രീയവും മനസ്സിലാക്കുന്നത് ടിക്ടോകിലൂടെയാണെന്ന പഠനം പുറത്തുവന്നിരുന്നു. അതായത് യൂടൂബിനേക്കാളും ഇന്സ്റ്റഗ്രാമിനേക്കാളുമെല്ലാം സ്വാധീനമാണ് അമേരിക്കയില്‍ ടിക്ടോകിനുള്ളത്. ഉടമസ്ഥാവകാശം കൈമാറാനായി ബൈറ്റ്ഡാന്‍സിന് ഏര്‍പ്പെടുത്തിയ സമയപരിധി ട്രംപ് സര്‍ക്കാര്‍ നാല് തവണയാണ് നീട്ടിനല്‍കിയത്.
ഡാറ്റചോര്ത്തലും ജനാധിപത്യവിരുദ്ധ ആശയങ്ങളുടെ പ്രചാരണവുമെല്ലാം ആരോപിച്ചാണ് അമേരിക്കയിലെ ജനപ്രതിനിധകള്‍ ടിക്ടോകിനെതിരെ നിലപാടെടുത്തത്. ടിക്ടോക് ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചുവെങ്കിലും ഉടമസ്ഥാവകാശം കൈമാറാന്‍ യുഎസ് കോണ്‍ഗ്രസ് ബൈറ്റ്ഡാന്‍സിനോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് കോടതികളും സമാനമായ നിലപാടുകള്‍ സ്വീകരിച്ചു.
ട്രംപ് അധികാരത്തിലെത്തിയത് മുതല്‍ കമ്പനി ഉടമസ്ഥാവകാശം മാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ടിക്ടോകിന്റെ ഉടമസ്ഥാവകാശം നിലവില്‍ പൂര്‍ണമായും ബൈറ്റ്ഡാന്‍സിന് തന്നെയാണ്. എന്നാല്‍ അമേരിക്കയില്‍ പ്രവര്‍ത്തനം തുടരണമെങ്കില്‍ അമേരിക്കന്‍ ഘടകത്തിന്റെ ഭൂരിപക്ഷം ഷെയറുകളും അമേരിക്കന്‍ നിക്ഷേപകര്‍ക്ക് കൈമാറമെന്നുള്ള സ്ഥിതി വന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
ട്രംപിന്റെ താല്പര്യമെന്ത്? ടിക്ടോകില്‍ ഇപ്പോള്‍ നിക്ഷേപം നടത്തിയിരിക്കുന്ന അമേരിക്കന്‍ നിക്ഷേപകരെല്ലാം ട്രംപിന്റെ അടുപ്പക്കാരാണെന്നുള്ളതും ശ്രദ്ധേയമാണ്. ഇതിന്റെ നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പണക്കാരനായ ഒറാക്കിള്‍ തലവന്‍ ലാറി എലിസണ്‍ ട്രംപിന്റെ ദീര്‍ഘകാല അനുകൂലിയാണ്. സിലിക്കണ്‍വാലി ടെക്കികള്‍ക്കിടയിലെ അറിപ്പെടുന്ന റിപ്പബ്ലിന് അനുഭാവി കൂടിയാണ് അദ്ദേഹം. മറ്റൊരു നിക്ഷേപകനായ മാര്‍ക് ആന്ഡ്രീസണും മറഡോക് കുടുംബവും ട്രംപിനോട് അടുപ്പമുള്ളയാളാണ്.
ദേശസ്നേഹികളായ ബിസിനസുകാരെയാണ് ടിക്ടോകില്‍ ഇന്‍വെസ്റ്റ് ചെയ്യാനായി തങ്ങള്‍ തിരഞ്ഞെടുത്തതെന്നാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് വൈറ്റ്ഹൗസ് നല്‍കിയിരുന്ന മറുപടി. എന്നാല്‍ വിമര്‍ശനങ്ങളോട് കടുത്ത അസഹിഷ്ണുത കാണിക്കുന്ന ട്രംപ് തന്റെ അടുപ്പക്കാരായ ശതകോടീശ്വരന്മാരെ ഉപയോഗിച്ച് രാജ്യത്തെ ഏറ്റവും ജനകീയമായ സാമൂഹിക മാധ്യമത്തിന്റെ നിയന്ത്രണം സ്വന്തമാക്കിയത് അത്ര നിഷ്കളങ്കമായി കാണാനാവില്ലെന്നാണ് ട്രംപ് വിമര്‍ശകരുടെ നിലപാട്. ടിക്ടോകിന്റെ അല്‍ഗൊരിതം ഉള്‍പ്പടെ നിയന്ത്രിക്കാന്‍ പുതിയ മാനേജ്മെന്റിന് സാധിക്കുമെന്നുള്ളതും ഇവര്‍ ഇതോടൊപ്പം ചൂണ്ടിക്കാട്ടുന്നു.
സമീപകാലത്ത് അമേരിക്കയില്‍ അഭിപ്രായ സ്വാതന്ത്രത്തിനെതിരെ വലിയ ഭരണകൂട ഇടപെടലുകള്‍ ഉണ്ടാവുന്നതായി ആരോപണമുയര്‍ന്നിരുന്നു. ട്രംപിന്റെ അനുയായി ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഇതിന് ആക്കം കൂട്ടി. ഈ കൊലപാതകവുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശത്തെ തുടര്‍ന്ന് അവതാരകന് ജിമ്മി കിമ്മലിനെതിരെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കമ്പനി നടപടിയെടുത്തതും വിമര്‍ശകരായ അധ്യാപകരെയും പ്രൊഫസര്മാരെയുമെല്ലാം പിരിച്ചുവിട്ടതും വിവാദങ്ങള്‍ക്ക് കാരണമായി.
ട്രംപിനെയും അനുയായികളെയും തീവ്ര വലത് മുന്നേറ്റങ്ങളെയും വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിടുന്നവരെയും ട്രാക്ക് ചെയ്യാനായി വലിയ സംവിധാനങ്ങളുണ്ടെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന് പുറമെ അമേരിക്കന്‍ സാമൂഹിക മാധ്യമങ്ങളും എഐ ഉള്‍പ്പടെയുള്ള മേഖലകളും തീവ്രവലതുപക്ഷം കൈപ്പിടിയിലൊതുക്കുന്ന കാഴ്ചയാണുള്ളത്. കടുത്ത വലതുപക്ഷക്കാരനായ ഇലോണ്‍ മസ്ക് എക്സ് ഏറ്റെടുത്തതും ലാറി എലിസണ്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ എഐ നിക്ഷേപങ്ങളും ട്രംപിന്റെ ട്രൂത്ത് മീഡിയയും എല്ലാം ഇതോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.
മെറ്റയുടെ കീഴിലുള്ള ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ട്രംപിന്റെ നിര്‍ദേശപ്രകാരം കണ്ടന്റുകള്‍ നിയന്ത്രിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ഏറ്റവും അടുത്ത അനുയായികള്‍ ചേര്‍ന്ന് ടിക്ടോക് ഏറ്റെടുക്കുന്നതും അതിന്റെ അല്‍ഗൊരിതം നിയന്ത്രിക്കാന്‍ പോകുന്നതും. എന്നാല്‍, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകാതെ ടിക്ടോക് സംരക്ഷിക്കാനുള്ള ഇടപെടലാണ് പ്രസിഡന്റ് ട്രംപ് നടത്തുന്നതെന്നും അതിന്റെ ഉള്ളടക്കം നിയന്ത്രിക്കുമെന്ന തരത്തിലുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ജനങ്ങള്‍ ഇത് വിശ്വസിക്കില്ലെന്നുമാണ് വൈറ്റ്ഹൗസ് നല്കുന്ന മറുപടി.
ശരിക്കും ചൈന സമ്മതം മൂളിയോ? ട്രംപിന്റെ ടിക്ടോക് ഡീലുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകളും നിലനില്‍ക്കുന്നുണ്ട്. യഥാര്‍ത്തത്തില്‍ ഇങ്ങനെയൊരു ഡീലുണ്ടോ എന്ന കാര്യമാണ് ചിലര്‍ ചോദിക്കുന്ന ചോദ്യം. അതിലേറ്റവും ദുരൂഹതയുള്ള കാര്യം വെറും 14 ബില്യണ്‍ ഡോളറിനാണ് കമ്പനി ഏറ്റെടുക്കുന്നതെന്നുള്ളതാണ്. ട്വിറ്റര്‍ എലോണ്‍ മസ്ക് ഏറ്റെടുത്തത് 44 ബില്യണ്‍ ഡോളറിനാണെന്നത് ഓര്‍ക്കുക.
180 മില്യണിലേറെ ഉപയോക്താക്കളുള്ള ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എങ്ങനെയാണ് ഇത്ര കുറഞ്ഞ തുകയ്ക്ക് ഏറ്റെടുക്കാന്‍ പറ്റുന്നതെന്നാണ് ഒരു ചോദ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ബൈറ്റ്ഡാന്‍സുമായി ചില ധാരണകളുണ്ടെന്നാണ് പറയപ്പെടുന്നത്. പുതിയ ഡീല്‍ പ്രകാരം അവര്‍ക്ക് ഇരുപത് ശതമാനം ഷെയറുകളേ ഉള്ളുവെങ്കിലും ചില ലൈസന്‍സിങ് കരാറുകളിലൂടെ കമ്പനിയുടെ വരുമാനത്തിന്റെ പകുതി തുടര്‍ന്നും അവര്‍ക്ക് ലഭിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ബൈറ്റ്ഡാന്‍സ് പോലൊരു കമ്പനി അവരുടെ ഏറ്റവും വലിയ മാര്‍ക്കറ്റ് അവരുടെ എതിരാളികള്‍ക്ക് കൈമാറണമെങ്കില്‍ അതില്‍ ഒരുപാട് കടമ്പകള്‍ കടക്കേണ്ടതുണ്ട്. ബൈറ്റ്ഡാന്‍സ് ഒരു കോര്‍പ്പറേറ്റ് ആണെങ്കില്‍ കൂടി അത് നിലനില്‍ക്കുന്നത് ചൈനയിലാണെന്നതാണ് പ്രധാനപ്പെട്ട കാര്യം. ബൈറ്റ്ഡാന്‍സ് മാനേജ്മെന്റ് തീരുമാനിച്ചാല്‍ പോലും ഇത്തരമൊരു ഡീല്‍ നടക്കണമെങ്കില്‍ അതിന് ബീജിങ്ങിന്റെ സമ്മതം വേണം.
അമേരിക്കയുമായി കടുത്ത രാഷ്ട്രീയ-സാമ്പത്തിക കിടമത്സരങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ തീരുവ നയങ്ങളാല്‍ ചൈന ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ഡീലിന് ഷി ജിന്‍പിങ് തയ്യാറാവുമോ എന്ന കാര്യത്തില്‍ സംശയങ്ങളുണ്ട്. പ്രത്യേകിച്ച് ഡൊണാള്‍ഡ് ട്രംപ് അരയും തലയും മുറുക്കി ടിക്ടോക് ഏറ്റെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സാഹചര്യത്തില്‍. ടിക്ടോക് അമേരിക്കന്‍ ഘടകത്തിന്റെ ഉടമസ്ഥത കൈമാറണമെന്നുള്ള അമേരിക്കയുടെ നിര്‍ദേശത്തെ കൊള്ള എന്നായിരുന്നു ചൈന നേരത്തെ വിശേഷിപ്പിച്ചിരുന്നത്.
ഷി ജിന്‍പിങ് സമ്മതം മൂളിയതായി വൈറ്റ്ഹൗസ് ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട യാതൊരു സ്ഥിരീകരണവും ബീജിങ്ങില്‍ നിന്ന് ഉണ്ടാവുന്നില്ല എന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. എന്നാല്‍ ചൈനയുടെ സമ്മതം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നവരും കുറവല്ല. വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് അമേരിക്ക ചില ഇളവുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അതിന് പകരമായാണ് ചൈന ടിക്ടോക് ഡീലിന് പച്ചക്കൊടി വീശിയതെന്നുമാണ് ഇവര്‍ നിരീക്ഷിക്കുന്നത്.
കമ്പനികളുടെ ഏറ്റെടുക്കലും മാനേജ്മെന്റ് മാറലുമെല്ലാം കോര്‍പ്പറേറ്റ് ലോകത്ത് സ്വാഭാവികമാണെങ്കിലും സമാനതകളില്ലാത്തൊരു ഏറ്റെടുക്കലാണ് അമേരിക്കന്‍ ടിക്ടോകിന്റെ കാര്യത്തിലുണ്ടായിരിക്കുന്നത്. സാമ്പത്തിക സ്വാധീനത്തേക്കാള്‍ കൂടതല്‍ രാഷ്ട്രീയ സ്വാധീനങ്ങളുണ്ടാക്കാന്‍ കഴിയുന്നൊരു നീക്കമാണ് ഇതെന്നകാര്യത്തില്‍ തര്‍ക്കമില്ല. അതിന്റെ നേട്ടം ആര്‍ക്കാണുണ്ടാകുക എന്ന കാര്യം കാത്തിരുന്ന് തന്നെ കാണണം.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.