കോഴിക്കോട്: വയനാട് തുരങ്ക പാതയുടെ നിർമാണ രീതി മാധ്യമങ്ങളോട് പങ്കുവച്ച് കൊങ്കൺ റെയിൽവേ അസിസ്റ്റൻ്റ് എഞ്ചിനീയർ ഗുൽസാർ അഹമ്മദ്. വടക്കേ ഇന്ത്യയിലെ തുരങ്കപാത നിർമാണത്തെ അപേക്ഷിച്ച് വയനാട്ടിലേത് അതിസങ്കീർണമാകില്ല. എന്നാൽ പശ്ചിമഘട്ടത്തിലെ പാറക്കല്ലുകളുടെ ബലം നിർമാണ പ്രവൃത്തികളെ കാഠിന്യം നിറഞ്ഞതാക്കുമെന്നും ഗുൽസാർ അഹമ്മദ് പറയുന്നു.
ജമ്മു കശ്‌മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ പ്രദേശങ്ങൾ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത കൂടുതലുള്ള ഗണത്തിൽ പെടുന്നവയാണ്. ഭൂമിശാസ്ത്രപരമായി ദുർബലവുമായ പ്രദേശങ്ങളാണ്. അവിടങ്ങളിലും നൂറുകണക്കിന് കിലോമീറ്റർ തുരങ്ക നിർമ്മാണം നടക്കുന്നുണ്ട്. എന്നാൽ പശ്ചിമഘട്ട മലനിരകൾ ബലമുള്ളതാണ്. ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി ഇരട്ട ട്യൂബ് ടണൽ പദ്ധതിയുടെ പ്രവൃത്തിയെ കഠിനമാക്കുന്നതും അതാണ്.
ചാർണോകൈറ്റ് (charnockite) ജെനിസിസ് (Genesis) എന്നീ ഇനങ്ങളിൽ പെടുന്ന പാറകളാൽ പ്രബലമാണ് പശ്ചിമഘട്ടം. ഈ പടുകൂറ്റൻ പാറകളെ തുരന്ന് വേണം പാത കണ്ടെത്താൻ. ഇത് വെല്ലുവിളി നിറഞ്ഞതാണെങ്കിലും തുരത്തിൻ്റെ അകത്തെ പ്രതല ബലത്തെ കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും ഗുൽസാർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക മണ്ണ് സാമ്പിൾ ചെയ്യുന്നതിനുള്ള ജിയോ ടെക്‌നിക്കൽ മെഷീൻ, കുറ്റിക്കാടുകൾ നീക്കം ചെയ്യുന്നതിനും മറ്റ് പല ജോലികൾക്കുമായുള്ള ജെസിബിയും എക്‌സ്‌കവേറ്ററുമാണ് നിലവിൽ വയനാട്ടിൽ എത്തിച്ചിരിക്കുന്നത്. ഗതാഗത സൗകര്യമുള്ളത് കാരണം മേപ്പാടി ഭാഗത്ത് നിന്നാണ് തുരങ്ക നിർമാണം ആരംഭിക്കുക. കോഴിക്കോട് ഭാഗത്ത് താൽക്കാലിക പാലം നിർമിക്കേണ്ടതുണ്ട്. ഇതിന് കുറഞ്ഞത് മൂന്ന് മാസത്തെ സമയമെടുക്കും. കൂടാതെ ലബോറട്ടറി സജ്ജീകരണം പോലുള്ള മറ്റ് തയാറെടുപ്പ് ജോലികളും ഉടൻ ആരംഭിക്കും.
തുരങ്കപാത നിർമാണത്തിനാവശ്യമായ കൂറ്റൻ യന്ത്രങ്ങളും ഉപകരണങ്ങളും സെപ്‌റ്റംബർ പകുതിയോടെ വയനാട്ടിലെത്തും. വനം, നിയമ വകുപ്പുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായ ശേഷമായിരിക്കും ഉപകരണങ്ങൾ മേപ്പാടിയിലെത്തിക്കുക. നിർമാണത്തിനായി ഏറ്റെടുക്കുന്ന വനം ഭൂമിക്ക് പകരമായി നൽകുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിജ്ഞാപനം ഇറങ്ങിയാൽ നിർമാണ പ്രവർത്തനങ്ങളിലേക്ക് കടക്കും.
സെപ്‌തംബർ 12ന് ആനക്കാംപൊയിൽ ഭാഗത്തുനിന്നുള്ള താൽക്കാലിക പാലം നിർമാണം ആരംഭിക്കും. ഡിസംബർ 12നകം ഈ നിർമാണം പൂർത്തിയാക്കും. 15ന് കരാറുകാരനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് കൊങ്കൺ റെയിൽവേ കോർപറേഷൻ (കെആർസിഎൽ) കമ്പനിക്ക് കൈമാറും. അന്നുതന്നെ സൈറ്റ് ക്യാമ്പും ഓഫിസും അനുബന്ധ സൗകര്യങ്ങളും നിർമിക്കാൻ തുടങ്ങും. ഒരു മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. ഒക്ടോബർ ഒന്നിന് മേപ്പാടി ഭാഗത്തുനിന്നുള്ള മണ്ണ് നീക്കലടക്കമുള്ള പ്രവർത്തനങ്ങൾ തുടങ്ങും. ജനുവരി 31ഓടെ ഈ പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ആനക്കാംപൊയിൽ ഭാഗത്തുനിന്നുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ഡിസംബർ 12ന് ആരംഭിക്കും. 60 മാസമാണ് ലഭിച്ചിരിക്കുന്ന സമയം. അതിന് മുമ്പ് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കെആർസിഎൽ. കുന്നിൻ പ്രദേശങ്ങളിലെ പ്രായോഗികവും പരിസ്ഥിതി സൗഹൃദവുമായ നിർമ്മാണ പ്രവർത്തനങ്ങളിൽ ഒന്നാണ് ടണലിങ് അഥവാ തുരങ്ക പാത നിർമാണമെന്നും ഗുൽസാർ അഹമ്മദ് പങ്കുവെച്ചു.
തുരങ്കം നിർമിക്കുന്ന പ്രക്രിയയെ പ്രധാനമായും മൂന്ന് ഘട്ടങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്.സർവേയും രൂപകൽപ്പനയും ,നിർമാണം ,തുരങ്കത്തിൻ്റെ അന്തിമ പണികൾ.
സർവേയും രൂപകൽപ്പനയും:തുരങ്കം നിർമിക്കുന്നതിനുള്ള ആദ്യത്തെയും ഏറ്റവും നിർണായകവുമായ ഘട്ടമാണിത്. ഈ ഘട്ടത്തിൽ, തുരങ്കം എവിടെ നിർമിക്കണം, ഏത് ദിശയിൽ നിർമിക്കണം എന്നൊക്കെ തീരുമാനിക്കും. ഭൂമിയുടെ സർവേയിലൂടെ തുരങ്കം നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ മണ്ണിൻ്റെയും പാറകളുടെയും ഘടന, ബലം, ജലാംശം തുടങ്ങിയ കാര്യങ്ങൾ പഠിക്കും. ഇത് തുരങ്കം എത്രത്തോളം സുരക്ഷിതമായി നിർമിക്കാം എന്ന് മനസിലാക്കാൻ സഹായിക്കുന്നു. സർവേ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുരങ്കത്തിൻ്റെ ആകൃതി, വലിപ്പം, ചരിവ്, മറ്റ് സാങ്കേതിക വിവരങ്ങൾ എന്നിവ രൂപകൽപ്പന ചെയ്യും. ഏറ്റവും അനുയോജ്യമായ തുരങ്ക നിർമാണ രീതിയും ഈ ഘട്ടത്തിൽ തീരുമാനിക്കും.
നിർമാണം:ഈ ഘട്ടത്തിൽ രൂപകൽപ്പന ചെയ്‌തതനുസരിച്ച് തുരങ്കം കുഴിച്ചു തുടങ്ങുന്നു. തുരങ്കം നിർമിക്കുന്ന രീതി അനുസരിച്ച് ഇത് പല തരത്തിലുണ്ട്. പാറകളുള്ള പ്രദേശങ്ങളിൽ ഡ്രിൽ ആൻഡ് ബ്ലാസ്റ്റ് ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. പാറകളിൽ ദ്വാരങ്ങളിട്ട് സ്ഫോടകവസ്‌തുക്കൾ ഉപയോഗിച്ച് പൊട്ടിച്ച ശേഷം അവശിഷ്‌ടങ്ങൾ നീക്കം ചെയ്യും. ഈ രീതി ഒരു പരിധി വരെ തുരങ്ക നിർമാണത്തിന് വേഗത നൽകുന്നു. വലിയ തുരങ്കങ്ങൾ നിർമിക്കാൻ തുരങ്ക തുരക്കൽ യന്ത്രങ്ങൾ (Tunnel Boring Machines - TBM) ആണ് ഉപയോഗിക്കുന്നത്. ടിബിഎം യന്ത്രം ഒരേസമയം മണ്ണും പാറകളും തുരക്കുകയും, തുരങ്കത്തിനുള്ളിൽ കോൺക്രീറ്റ് ലൈനിങ് സ്ഥാപിക്കുകയും ചെയ്യും. ഇത് വളരെ വേഗത്തിൽ തുരങ്കം നിർമിക്കാൻ സഹായിക്കും.
തുരങ്കം നിർമിക്കുമ്പോൾ, മണ്ണും പാറകളും ഇടിഞ്ഞുവീഴാതിരിക്കാൻ ഷോട്ട്ക്രീറ്റ് (Shotcrete) ഉപയോഗിച്ച് ഭിത്തികളിൽ കോൺക്രീറ്റ് പൂശുകയും, സ്റ്റീൽ റിങ്ങുകൾ സ്ഥാപിക്കുകയും ചെയ്യും.തുരങ്കത്തിൻ്റെ അന്തിമ പണികൾ:തുരങ്കം പൂർണമായി കുഴിച്ചുകഴിഞ്ഞാൽ, അത് ഉപയോഗിക്കാൻ തയാറാക്കുന്നതിനുള്ള അവസാന ഘട്ടമാണിത്. തുരങ്കത്തിൻ്റെ ഉൾവശം കോൺക്രീറ്റ് അല്ലെങ്കിൽ മറ്റ് വസ്‌തുക്കൾ ഉപയോഗിച്ച് ലൈൻ ചെയ്യും. ഇതാണ് ലൈനിങ്. തുരങ്കത്തിന് കൂടുതൽ ബലം നൽകാനും ജലപ്രവാഹം തടയാനും ഇത് ഉപകരിക്കും.
വെൻ്റിലേഷൻ: തുരങ്കത്തിനകത്ത് ശുദ്ധവായു ഉറപ്പാക്കുന്നതിനായി വെൻ്റിലേഷൻ സംവിധാനം സ്ഥാപിക്കും. ഒപ്പം വൈദ്യുതി, വെളിച്ചം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഒരുക്കും. തുരങ്കത്തിനകത്ത് ആവശ്യമായ ലൈറ്റുകൾ, സിഗ്നൽ സംവിധാനങ്ങൾ, അഗ്നിശമന സംവിധാനങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള വഴികൾ എന്നിവ സജ്ജമാക്കും.
റോഡ് നിർമാണം: വാഹനങ്ങൾക്ക് സഞ്ചരിക്കാൻ തുരങ്കത്തിനകത്ത് റോഡ് നിർമിക്കും. ഇത്രയും ഘട്ടങ്ങളിലൂടെയാണ് ഒരു തുരങ്കം പൂർണമായും നിർമിച്ച് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ഓരോ തുരങ്കത്തിൻ്റെയും സ്വഭാവമനുസരിച്ച് ഈ ഘട്ടങ്ങളിൽ ചില മാറ്റങ്ങൾ വരുത്താറുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.