കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനാണ് തനിക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നതെന്ന് സിപിഎം നേതാവ് കെ.ജെ.ഷൈൻ. തനിക്കെതിരെ ആരോപണം ഉന്നയിച്ചവരെ വെറുതെ വിടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
‘‘ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട എംഎൽഎയെ രക്ഷിക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടും കഴിയുന്നില്ല. നിയമസഭയിലും അതിനു കഴിയാത്ത സാഹചര്യമാണ്. അതിൽനിന്നും ശ്രദ്ധതിരിക്കാനായിരിക്കും തനിക്കെതിരെയുള്ള ഈ ആരോപണങ്ങൾ. സമൂഹമാധ്യമങ്ങളിൽ ചിലർ ആരോപണം ഉന്നയിച്ച എംഎൽഎയെ പരിചയമുണ്ട്. പൊതുപ്രവർത്തകരെന്ന നിലയിൽ വേദികളിൽ വരാറുണ്ട്. സംസാരിക്കാറുണ്ട്. ഒരു ബോംബ് വരുന്നുണ്ടെന്നും ധൈര്യമായി ഇരിക്കണമെന്നും 11ന് ഒരു പൊതുവേദിയിൽവച്ച് കോൺഗ്രസിന്റെ നേതാവ് പറഞ്ഞു. എന്തു കേട്ടാലും വിഷമിക്കരുത് എന്നും പറഞ്ഞു. അടുത്ത് അറിയാവുന്ന നേതാവാണ്. അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞതാകാം. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് എനിക്കെതിരെ പോസ്റ്റർ വന്നത്. ഭർത്താവ് പരാതി നൽകാം എന്ന് പറഞ്ഞു. പക്ഷേ ആരാണെന്ന് അറിയാത്തതിനാൽ കാര്യമാക്കിയില്ല’’– ഷൈൻ പറഞ്ഞു.
സ്ത്രീകൾ വീട്ടിൽ മാത്രം ഇരിക്കണമെന്ന് ചിന്തിക്കുന്നവരുണ്ടെന്ന് ഷൈൻ പറഞ്ഞു. സ്ത്രീകൾക്കെതിരെ അപവാദം പറഞ്ഞ് രസിക്കുന്നവരുണ്ട്. മനോവൈകൃതമുള്ളവർ എല്ലാ രംഗത്തുമുണ്ട്. വലതുപക്ഷ രാഷ്ട്രീയക്കാരാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയത്. പൊലീസിൽ പരാതി നൽകി. എസ്പി ഓഫിസിൽനിന്ന് വിളിപ്പിച്ചിരുന്നു. കൈവശമുള്ള തെളിവുകൾ നൽകും.
പൊലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്. സ്ത്രീകൾ കൂടുതലായി പൊതുരംഗത്തേക്ക് വരണം. എന്തെങ്കിലും കേട്ടാൽ വീട്ടിലേക്ക് ഓടുന്നവരാകരുത് സ്ത്രീകൾ. താൻ ഇത്രയും നാൾ രാഷ്ട്രീയത്തിൽനിന്നിട്ട് എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് പുതുതലമുറയ്ക്ക് തോന്നരുത്. അതിനാലാണ് പ്രതികരിക്കുന്നത്. വാർത്ത വന്ന മാധ്യമത്തിനെതിരെ പരാതി നൽകുമെന്നും ഷൈൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.