ന്യൂഡല്‍ഹി: മുന്‍ ഐപിഎല്‍ ചെയര്‍മാനും വിവാദ വ്യവസായിയുമായ ലളിത് മോഡിയുടെ സഹോദരനും പ്രമുഖ വ്യവസായിയുമായ സമീര്‍ മോദി ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് സമീറിനെ കസ്റ്റഡിയിലെടുത്തത്.
2019-ല്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വിവാഹവാഗ്ദാനം നല്കി തന്നെ നിരന്തരം ഉപദ്രവിക്കുകയും ആക്രമിക്കുകയും ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്തെന്ന് യുവതി ആരോപിക്കുന്നതായി പോലീസ് പറഞ്ഞു. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2019 മുതല്‍ സമീര്‍ മോദിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന് യുവതി അവകാശപ്പെട്ടു. ഫാഷന്‍, ലൈഫ്സ്റ്റൈല്‍ വ്യവസായത്തില്‍ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് തന്നെ സമീപിക്കുകയും പിന്നീട് 2019 ഡിസംബറില്‍ ന്യൂ ഫ്രണ്ട്സ് കോളനിയിലെ വസതിയില്‍ ബലമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് ആരോപിക്കുന്നു.
വിവാഹവാഗ്ദാനം നല്‍കിയായിരുന്നു ബന്ധം മുന്നോട്ട് കൊണ്ടുപോയത്. പിന്നീട് ഇയാള്‍ തന്നെ ചതിക്കുകയായിരുന്നുവെന്ന് മനസ്സിലായി. പീഡനവിവരം പുറത്തുപറഞ്ഞാല്‍ വലിയ പ്രത്യഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പറഞ്ഞു. തന്റെയും കുടുംബത്തിന്റെയും ജീവന് നിരന്തരമായ ഭീഷണിയുണ്ടായിരുന്നുവെന്നും സ്വാധീനം ഉപയോഗിച്ച് തന്നെ നിശ്ശബ്ദയാക്കാന്‍ ശ്രമിച്ചുവെന്നും പരാതിക്കാരി അവകാശപ്പെട്ടതായി പോലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആരോപണങ്ങള്‍ വ്യാജമാണെന്നും പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും സമീറിന്റെ അഭിഭാഷകന് അവകാശപ്പെട്ടു. മോദി വിവാഹിതനാണെന്ന് അറിഞ്ഞിട്ടും വിവാഹവാഗ്ദാനം നല്കിയെന്നതില് പൊരുത്തക്കേടുണ്ടെന്ന് അഭിഭാഷകന് പറഞ്ഞു. 50 കോടി ആവശ്യപ്പട്ട് യുവതി സമീര്‍ മോദിയ്ക്ക് അയച്ചുവെന്ന് പറയുന്ന ചാറ്റുകള്‍ പോലീസിന് നല്‍കിയെന്നാണ് വിവരം.
പ്രമുഖ ഡയറക്ട് സെല്ലിംഗ് കമ്പനിയായ മോദി കെയറിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് സമീര്‍ മോദി. വ്യവസായികളായ കെ.കെ മോദി, ബീന മോദി എന്നിവരുടെ ഇളയമകനാണ്. കഴിഞ്ഞ വര്‍ഷം അമ്മ ബീന മോദിയുമായുള്ള സ്വത്ത് തര്‍ക്കത്തെ തുടർന്ന് സമീര്‍ മോദി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മയില്‍നിന്ന് ഭീഷണിയുണ്ടെന്ന്.ചൂണ്ടിക്കാട്ടി 2024 ജൂണില്‍ ഡല്‍ഹി പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. കെ.കെ. മോദിയുടെ മരണശേഷം 11,000 കോടി രൂപയുടെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ഈ പ്രശ്നങ്ങള്‍ ഉടലെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.